ബര്‍ത്‌ഡേ ആഘോഷിച്ചില്ല; ഭര്‍ത്താവിനെതിരെ ഭാര്യയുടെ വിവാഹമോചന ഹരജി

Posted on: April 10, 2017 11:30 pm | Last updated: April 10, 2017 at 10:51 pm

അല്‍ ഐന്‍: ആറു മാസം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തില്‍നിന്ന് മോചനം തേടി 22കാരി കോടതിയിലെത്തി. വിവാഹമോചനത്തിന് ഹരജിയില്‍ കാരണം കാണിച്ചതാകട്ടെ തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഭര്‍ത്താവ് സന്നദ്ധനായില്ലെന്നതും! പ്രാദേശിക അറബ് പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

20നും 30നും ഇടയില്‍ പ്രായമുള്ള മാജിദ് എന്ന യുവാവിനെതിരെയാണ് ഭാര്യ വിവാഹമോചന ഹരജി നല്‍കിയത്. നിരവധി വിവാഹമോചന കേസുകള്‍ കൈകാര്യം ചെയ്ത കോടതിയിലെ നിയമവിദഗ്ധരെ മുഴുവന്‍ ഹരജി അമ്പരിപ്പിച്ചെന്ന് കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. തന്റെ 22-ാം പിറന്നാള്‍ ആഘോഷിക്കുന്നതില്‍ ഭര്‍ത്താവ് അശ്രദ്ധ കാണിച്ചതിനാല്‍ യുവാവുമായി തുടര്‍ജീവിതം സാധ്യമല്ലെന്നാണ് ഹരജിയുടെ ഉള്ളടക്കം.
സീരിയലുകള്‍ക്ക് അടിമയാണ് യുവതിയെന്നും താന്‍ പതിവായി കാണുന്ന സീരിയലിലെ ഭര്‍ത്താക്കന്മാരെ പോലെയാകാന്‍ മാജിദിന് കഴിയുന്നില്ലെന്നതുമാണ് യുവതിയുടെ മനോഭാവമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍തന്നെ ഇപ്പേരില്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നെന്നും ബര്‍ത്‌ഡേ ആഘോഷിക്കാന്‍ ശ്രദ്ധിച്ചില്ലെന്നത് അതിന്റെ തുടര്‍ച്ച മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.
അപേക്ഷ നല്‍കിയ യുവതിയെ വിളിപ്പിച്ച് അനുനയിപ്പിക്കാനും ഹരജിയില്‍നിന്ന് പിന്തിരിപ്പിക്കാനും ബന്ധപ്പെട്ടവര്‍ ശ്രമിച്ചെങ്കിലും യുവതി വിഷയത്തില്‍ പിടിമുറുക്കിയതിനാല്‍ ഉദ്യോഗസ്ഥര്‍ പിന്മാറുകയായിരുന്നു.