സന്ദീപിന്റെ മരണം പോലീസ് മര്‍ദനമേറ്റല്ലെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ ചൊല്ലി ബി ജെ പിയില്‍ കലഹം

Posted on: April 10, 2017 10:45 pm | Last updated: April 10, 2017 at 10:32 pm

കാസര്‍കോട്: പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ജീപ്പില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്ത ഓട്ടോഡ്രൈവര്‍ ചൗക്കിയിലെ സന്ദീപി (28) ന്റെ മരണത്തിന് കാരണം പോലീസ് മര്‍ദനമല്ലെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി.

വീഴ്ചയെതുടര്‍ന്ന് തലയോട്ടിയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് സന്ദീപിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സന്ദീപിന് ശാരീരിക പീഡനങ്ങളൊന്നും തന്നെ ഏറ്റിട്ടില്ലെന്നും വീഴ്ചയെ തുടര്‍ന്നുണ്ടായ തലയോട്ടിയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്.
സന്ദീപ് മരിച്ചത് പോലീസ് മര്‍ദനം മൂലമാണെന്നാരോപിച്ച് സന്ദീപിന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സന്ദീപ് പോലീസ് മര്‍ദനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായതോടെ ബി ജെ പി ഉയര്‍ത്തിയ പ്രതിഷേധം വൃഥാവിലായിരിക്കുകയാണ്.
പോലീസ് മര്‍ദിച്ച് കൊന്നതാണെന്നാരോപിച്ച് ബിജെപി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ശനിയാഴ്ച കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താലാചരിക്കുകയും ചെയ്തിരുന്നു.

ഹര്‍ത്താല്‍ നടത്തിയും അക്രമങ്ങള്‍ അഴിച്ചുവിട്ടും കാസര്‍കോടിന്റെ സൈ്വര്യം കെടുത്തിയ ബി ജെ പി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നാണ് മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെടുന്നത്. ബി ജെ പിനേതൃത്വമാകട്ടെ ഈ വിഷയത്തിലിപ്പോള്‍ മൗനത്തിലുമാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിനുമുമ്പെ ഹര്‍ത്താല്‍ നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും നേതൃത്വം ഇക്കാര്യത്തില്‍ തിടുക്കം കാണിച്ചുവെന്നുമാണ് ബി ജെ പിയിലെ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നത്.