ഡേവിസ് കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല; ഭൂപതിക്കെതിരെ പെയ്‌സ്‌

Posted on: April 7, 2017 10:55 am | Last updated: April 7, 2017 at 10:38 am

ബെംഗളുരു: ഏഷ്യ/ഓഷ്യാനിയ ഡേവിസ് കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വെറ്ററന്‍ താരം ലിയാണ്ടര്‍ പെയ്‌സ് പുറത്ത്. നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതി തിരഞ്ഞെടുത്ത ടീമില്‍ പെയ്‌സിന് പകരം രോഹന്‍ ബൊപ്പണ്ണയാണ് ഇടം പിടിച്ചത്. ഈ മാസം ഏഴ് മുതല്‍ ഒമ്പത് വരെ ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.

തന്നെ ഒഴിവാക്കിയ ഭൂപതിയുടെ നടപടിയെ പെയ്‌സ് ചോദ്യം ചെയ്തതോടെ പുതിയ വിവാദത്തിന് തുടക്കമായി. വ്യക്തി വിദ്വേഷമാണ് ഭൂപതിയെ നയിക്കുന്നത്.
ടീം സെലക്ഷനില്‍ മനസിനുള്ളിലെ വിദ്വേഷമല്ല പ്രവര്‍ത്തിക്കേണ്ടത്, കളിക്കാരുടെ ഫോമും മെറിറ്റുമാണ് മാനദണ്ഡമാകേണ്ടത്- പെയ്‌സ് പറഞ്ഞു.കഴിഞ്ഞാഴ്ച മെക്‌സിക്കോയില്‍ പെയ്‌സ് ചാലഞ്ചര്‍ കിരീടം നേടിയിരുന്നു. കഴിഞ്ഞ ദിവസം ഡേവിസ് കപ്പ് ടീമിലുണ്ടാകുമെന്ന ധാരണയില്‍ പെയ്‌സ് പരിശീലനം നടത്തുകയും ചെയ്തു. എന്നാല്‍, ഒഴിവാക്കപ്പെട്ട വിവരം അറിഞ്ഞതോടെ പെയ്‌സ് ക്ഷുഭിതനായി.
1990 ല്‍ ജപ്പാനെതിരെ ഡേവിസ് കപ്പ് അരങ്ങേറ്റം നടത്തിയതിന് ശേഷം പെയ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്.
ടീം സെലക്ഷന്‍ റാങ്കിംഗ് പ്രകാരമാണെന്നാണ് ഭൂപതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. രോഹന്‍ ബൊപ്പണ്ണ പെയ്‌സിനേക്കാള്‍ 34 റാങ്കിംഗ് മുകളിലാണ്.
ബൊപ്പണ്ണയും ബാലാജിയുമാണ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും പ്രജ്‌നേഷ് ഗുണേശ്വരനും.