Connect with us

Gulf

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാൡകളില്‍ പകുതിയും ദുബൈയിലെന്ന്

Published

|

Last Updated

അബുദാബി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ പകുതിയും ദുബൈയിലുള്ള സ്ഥാപനങ്ങളിലാണെന്ന് മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയത്തിന്റെ പഠനം. സ്വകാര്യ തൊഴില്‍ രംഗത്തേക്ക് പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ ഒഴുക്ക് നടന്നുകൊണ്ടിരിക്കുന്നതും ദുബൈയിലേക്കാണെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ആകെയുള്ളത് 50 ലക്ഷത്തോളം തൊഴിലാളികളാണ്. ഇതില്‍ 43 ലക്ഷം പുരുഷന്മാരാണ്. രാജ്യത്ത് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളാവട്ടെ 334,924 എണ്ണവും. മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ഫോര്‍ ലേബര്‍ മാര്‍കറ്റ് സ്റ്റഡീസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തില്‍ 10 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഏറ്റവും കൂടുതലെത്തിയത് ദുബൈയില്‍തന്നെ. സ്ഥാപനങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി പഠനം വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് ആകെയുള്ള തൊഴിലാളികളില്‍ 2395853 എണ്ണവും ദുബൈയില്‍ മാത്രമാണ്. ആകെ തൊഴിലാളികളുടെ 50 ശതമാനത്തോളം വരുമിത്. 2016ലെ സ്ഥിതിവിവരമാണ് കണക്കുകള്‍ക്കാധാരമെന്ന് പഠനത്തിന്റെ ആമുഖത്തില്‍ പറയുന്നു. ദുബൈയിലെ 127045 സ്ഥാപനങ്ങളിലായാണ് ഇത്രയും പേര്‍ ദുബൈയില്‍ തൊഴിലെടക്കുന്നത്. തലസ്ഥാന എമിറേറ്റായ അബുദാബിയും സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയും രണ്ടും മുന്നും സ്ഥാനത്താണ്. അബുദാബിയില്‍ 87,186ഉം ഷാര്‍ജയില്‍ 57,789 സ്ഥാപനങ്ങളുമാണുള്ളത്.
27,293 സ്ഥാപനങ്ങളാണ് അജ്മാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. റാസ് അല്‍ ഖൈമയില്‍ 18,473ഉം ഫുജൈറയില്‍ 11,661ഉം ഉമ്മുല്‍ ഖുവൈനില്‍ 54,777 സ്ഥാപനങ്ങളുമാണ് മന്ത്രാലയത്തിന്റെ കണക്കുകളിലുള്ളതെന്ന് പഠനം പറയുന്നു. 200ഓളം രാജ്യങ്ങളില്‍നിന്നുള്ളവരാണ് രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളിലുള്ളത്. ലോകത്ത് തന്നെ ഒരു രാജ്യത്തിനും അവകാശപ്പെടാനാകാത്തതാണ് ഈ വൈവിധ്യമെന്നും പഠനം എടുത്തുപറയുന്നു. തൊഴില്‍ മേഖലയിലും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ഭൂരിപക്ഷം.

 

Latest