മഴവില്‍ മായാ മുന്നണി

ഇടതു പക്ഷം സ്വാശ്രയത്തെ എതിര്‍ത്താല്‍ തെറ്റ്, പിന്നീട് കോടതി വിധി അനുസരിച്ചാല്‍ തെറ്റ്, വിദ്യാര്‍ഥി മരിക്കാനിടയായാല്‍ മാനേജുമെന്റിനെതിരെ നടപടിയെടുത്താല്‍ തെറ്റ്, കോടതിവിധി അനുസരിച്ച് മാനേജുമെന്റിന്റെ ഗുണ്ടകള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അതും ഇടതുപക്ഷത്തിന്റെ തെറ്റ്, പോലീസിനെ പാര്‍ട്ടി നിയന്ത്രണത്തിലാക്കിയാല്‍ തെറ്റ്, പോലീസിനെ അതിന്റെ പാട്ടിനു വിട്ടാല്‍ തെറ്റ് എന്നിങ്ങനെ ഏതു വിധേനയും ഇടതുപക്ഷത്തെ വളഞ്ഞിട്ടാക്രമിച്ചാല്‍ അതിന് മാര്‍ക്കറ്റുണ്ടാക്കാന്‍ പോരുന്ന വിധത്തില്‍ പൊതുബോധക്കമ്പോളം മലീമസമായിരിക്കുന്നു. ഈ ചളിക്കുണ്ടില്‍ നിന്ന് വിരിയുന്ന പുഷ്പങ്ങള്‍ ഏതു ജനുസ്സിലുള്ളതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
Posted on: April 7, 2017 6:12 am | Last updated: April 7, 2017 at 12:22 am

ബംഗാളില്‍ മൂന്നു പതിറ്റാണ്ടിലധികം കാലം ഭരണത്തിലിരുന്നതിനു ശേഷം, ഇടതുപക്ഷം പരാജയപ്പെടുകയും പിന്നീട് തിരിച്ച് അധികാരത്തിലെത്താന്‍ വമ്പിച്ച പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. സമാനമായ ഒരു പരിതസ്ഥിതി കേരളത്തിലുമുണ്ടാകുമെന്നോ ഉണ്ടാകില്ലെന്നോ പ്രവചിക്കാന്‍ വേണ്ടിയുള്ളതല്ല ഈ കുറിപ്പ്. ബംഗാളില്‍; കാര്‍ഷിക പരിഷ്‌കരണവും പ്രാദേശികമായി വിപുലമായ അധികാര വികേന്ദ്രീകരണവും പഞ്ചായത്തീരാജും നല്ലൊരു പരിധി വരെ വിജയിക്കുകയും കൃഷി ജീവിതോപാധിയെന്ന നിലയില്‍ പ്രയോജനകരമായി നിര്‍വഹിക്കപ്പെട്ടുവരുകയും ചെയ്തു പോന്നിരുന്നു. എന്നാല്‍, പുത്തന്‍ സാമ്പത്തിക നയത്തിന്റെ വ്യാപനവും പുതിയ നൂറ്റാണ്ടിന്റെ ഉദയവും അടക്കമുള്ള നിരവധി മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായവത്ക്കരണവും ആധുനികവത്കരണവും നടത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കാതെ പോയതുകൊണ്ടു കൂടിയാണ് ഇടതുപക്ഷം പരാജയമേറ്റുവാങ്ങിയത്. ആശയപരമായും ചരിത്രപരവുമായ ഇത്തരം വീഴ്ചകള്‍ ദൃശ്യമായിരിക്കെ തന്നെ, ഇടതുപക്ഷത്തിനെതിരായി രൂപപ്പെട്ട അതിവിശാലമായ ഐക്യമുന്നണി ആക്രമണം രൂക്ഷമാക്കുകയും ഇടതുപക്ഷത്തിന്റെ പരാജയം മാരകമാക്കുകയും ചെയ്തു. കോണ്‍ഗ്രസും തൃണമൂലുമടക്കമുള്ള വലതുപക്ഷ/ഇടതുവിരുദ്ധ രാഷ്ട്രീയ കക്ഷികളും സംഘ്പരിവാറും മുസ്‌ലിം മൗലികവാദികളും മാവോയിസ്റ്റുകളും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം പല താത്്പര്യങ്ങളുള്ളവരും ആശയപരമായോ പ്രയോഗപരമായോ ചരിത്രപരമായോ യോജിപ്പുകളുടെ മേഖലകള്‍ കണ്ടെത്താന്‍ കഴിയാത്തവരുമായ നിരവധി ശക്തികള്‍ ഇടതുപക്ഷത്തിനെതിരായ രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടതിലൂടെയാണ് സിംഗൂരും നന്ദിഗ്രാമുമടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇടതുപക്ഷത്തിന് പരാജയമേറ്റുവാങ്ങേണ്ടി വന്നത്.

ഇവിടെ, പല പ്രശ്‌നങ്ങളും ബംഗാളിലും പുറത്തും അവതരിപ്പിക്കപ്പെട്ടത് എങ്ങിനെ എന്നു നോക്കുക. പത്തു വര്‍ഷം മുമ്പ്, യാതൊരു പുതിയ വ്യവസായങ്ങളും തുടങ്ങാത്തതും(‘തുടങ്ങാനനുവദിക്കാത്തത്’) തുടങ്ങുന്നതിനു മുമ്പു തന്നെ കൊടി കുത്തുന്നതും തുടങ്ങിയാല്‍ സമരങ്ങളിലൂടെ അടപ്പിക്കുന്നതും സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കാത്തതുമായ, ചുകപ്പന്‍മാരുടെ തേര്‍വാഴ്ചയായിരുന്നു ബംഗാളിന്റെ മുരടിപ്പിനു കാരണം എന്നായിരുന്നു പൊതുധാരണ. ബംഗാളിനു പുറത്താകട്ടെ, ഗുജറാത്തിലും മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലുമൊക്കെ അന്നും പിന്നീടും വികസനവും വ്യവസായവത്കരണവും ‘വളര്‍ന്നും പടര്‍ന്നും’ പന്തലിക്കുകയുമായിരുന്നു. അതായത്; ആദ്യഘട്ടത്തില്‍, ബംഗാളില്‍ വ്യവസായവത്കരണം മുരടിച്ചത് ഇടതുപക്ഷത്തിന്റെ തെറ്റ്, മഹത്തായ തെറ്റ്. ഇതേ തെറ്റ് എന്ന വ്യാഖ്യാനത്തിന്റെ മറുന്യായമെന്ന നിലക്കാണ്, ഗുജറാത്ത് മുതല്‍ തമിഴ്‌നാട് വരെയുള്ള വികസന ഗാഥകളും ഉന്നയിക്കപ്പെട്ട് പ്രചരിക്കുന്നത്. ഗുജറാത്തില്‍ പിന്നീട് നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുന്നതോടെ, വികസനം അതിവേഗതയിലാകുകയും എല്ലാ റെക്കോഡുകളും മറി കടക്കുകയും ജനങ്ങളെല്ലാം അതീവ ക്ഷേമകരമായ അവസ്ഥ പ്രാപിച്ചതായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തുവെന്നതും സ്മരണീയമാണ്. ഇപ്രകാരമുള്ള വിമര്‍ശനങ്ങള്‍, അവക്കു പിന്നിലുള്ള ദുഷ്ടലാക്കുകള്‍ മാറ്റിവെച്ചുകൊണ്ടു തന്നെ കണക്കിലെടുത്തുകൊണ്ടും ആത്മപരിശോധന നടത്തിക്കൊണ്ടുമാണ്, ബുദ്ധദേവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചടുലമായ വ്യവസായവത്കരണത്തിനു വേണ്ടി ഭരണമുന്നണി ശ്രമങ്ങളാരംഭിച്ചത്. അപ്രകാരമുള്ള ശ്രമങ്ങള്‍ വേണ്ടത്ര ആലോചനയോടെയായിരുന്നുവോ, ജനങ്ങളെ വിശ്വാസ്യതയിലെടുത്തുകൊണ്ടായിരുന്നുവോ എന്നത് മറ്റൊരു പ്രശ്‌നം.

എന്നാല്‍, വ്യവസായവത്കരണത്തിനു വേണ്ടി പാവപ്പെട്ട കൃഷിക്കാരെ കുടിയൊഴിപ്പിച്ചുകൊണ്ട് കുത്തകകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഒരു ജനവിരുദ്ധ-കാര്‍ഷികവിരുദ്ധ-ഭീകര സര്‍ക്കാരാണ് ബംഗാള്‍ ഇടത് എന്ന വ്യാഖ്യാനം പെട്ടെന്നു തന്നെ ക്ലിക്കായി. സിംഗൂരില്‍ നടക്കാതെ പോയ കാര്‍ ഫാക്ടറി ടാറ്റ ഗുജറാത്തില്‍ തുടങ്ങുകയും ചെയ്തു. അതായത്, ബംഗാളില്‍ വ്യവസായം തുടങ്ങാത്തത് തെറ്റ്; തുടങ്ങുന്നതും തെറ്റ്; ഭൂമി ഏറ്റെടുക്കുന്നത് തെറ്റ്; ഗുജറാത്തിലാണെങ്കില്‍ എപ്പോഴും വികസനവും ഭൂമി ഏറ്റെടുക്കുന്നത് തികച്ചും ശരിയും എന്ന വിധത്തിലാണ് എത്ര മേല്‍ വൈരുധ്യങ്ങളും പരസ്പരമുള്ള പൊരുത്തക്കേടുകളും കൊണ്ട് നിബിഡമാണെങ്കിലും ഇടതു വിരുദ്ധ- കമ്യൂണിസ്റ്റ് വിരുദ്ധ നറേറ്റീവുകള്‍ പൊതുബോധത്തെ കീഴടക്കിക്കൊണ്ടേ ഇരുന്നത്.
കേരളത്തിലും സമാനമായ സ്ഥിതിഗതികള്‍ വര്‍ധിച്ചു വരികയാണെന്നതാണ് ഈ കുറിപ്പിന്റെ പ്രസക്തി. സ്വാശ്രയ കോളജ്, വിദ്യാര്‍ഥി രാഷ്ട്രീയം എന്നീ പ്രശ്‌നങ്ങളില്‍ സര്‍ക്കാറുകളുടെ സമീപനങ്ങള്‍, രാഷ്ട്രീയ കക്ഷികളുടെ സമീപനങ്ങള്‍, മാനേജുമെന്റുകളുടെ നിലപാടുകള്‍, കോടതി ഇടപെടലുകള്‍, മാധ്യമ വിചാരണകള്‍, പൊതുബോധം എന്നീ ഘടകങ്ങള്‍ എത്ര മാത്രം സങ്കീര്‍ണമായ പിരിവുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഇടതുവിരുദ്ധ-കമ്യൂണിസ്റ്റ് വിരുദ്ധ ആള്‍ക്കൂട്ട പ്രതീതികളെ നിര്‍മിച്ചെടുക്കുന്നത് എന്നതിന്റെ പ്രകടോദാഹരണങ്ങളായി കേരള സംഭവവികാസങ്ങള്‍ അതിവേഗം പരിണമിച്ചിരിക്കുന്നു. ലോകം കണ്ട ഏറ്റവും ഭീകര ഭരണം എന്നൊക്കെയുള്ള മട്ടിലാണ്, ഇപ്പോള്‍ അധികാരത്തിലുള്ള കേരള സര്‍ക്കാറിനെ, ഫാസിസ്റ്റ് വിരുദ്ധനായി കൂടി അറിയപ്പെടുന്ന പ്രതിപക്ഷ എം എല്‍ എ അടക്കമുള്ളവര്‍ വിശേഷിപ്പിക്കുന്നത്.
പാമ്പാടി നെഹ്‌റു എന്ന പേരിലുള്ള കോളജില്‍ എഞ്ചിനീയറിംഗും വാണിജ്യപഠനവുമടക്കം കുറെ കോഴ്‌സുകളുണ്ട്. ഈ പ്രദേശത്തുകൂടി പല തവണ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതിന്റെ മതില്‍ക്കകത്ത് കടക്കേണ്ട ദൗര്‍ഭാഗ്യം എനിക്കിതേ വരെ ഉണ്ടായിട്ടില്ല. സമീപജില്ലകളിലുള്ള കോളജുകളിലും സ്‌കൂളുകളിലും സര്‍വകലാശാല ക്യാമ്പസുകളിലുമടക്കം നിരവധി വേദികളില്‍ പ്രസംഗങ്ങള്‍ക്കും ക്ലാസുകള്‍ക്കും ക്ഷണിക്കപ്പെടുന്ന ആള്‍ എന്ന നിലക്ക് ഇവിടെ വിളിക്കപ്പെടാതിരുന്നതിന്റെ യുക്തിയോ യുക്തിരാഹിത്യമോ ഒന്നും ഞാനാലോചിച്ചിട്ടുമില്ല. എന്നാലൊരുതവണ, നെഹ്‌റു കോളജിലെ വിദ്യാര്‍ഥികളുടെ എന്‍ എസ് എസ്‌ക്യാമ്പിലേക്ക് എന്നെ അതിഥിയായി ക്ഷണിച്ചു. പാമ്പാടിക്കടുത്ത്, ഭാരതപ്പുഴയുടെ തീരത്ത് നെയ്ത്തുകാര്‍ തിങ്ങിത്താമസിക്കുന്ന കുത്താമ്പുള്ളിയിലെ ഒരു എല്‍ പി സ്‌കൂളിലായിരുന്നു ക്യാമ്പ്. കോളജിലെ വിദ്യാര്‍ഥികളുടെ കൂട്ടത്തിലൊരാള്‍ തന്നെയായിരുന്നു എന്നെ വിളിച്ചത്. അധ്യാപകര്‍ അവിടെയുണ്ടായിരുന്നോ എന്നെനിക്കോര്‍മയില്ല. ഞാന്‍ സിനിമയെക്കുറിച്ചാണ് ക്ലാസെടുക്കാറുള്ളത് എന്നതുകൊണ്ട് ചിലപ്പോഴൊക്കെ ചില സിനിമകളും ക്ലിപ്പിങ്ങുകളും കൂടെ കരുതാറുണ്ട്. സമയമുണ്ടെങ്കിലും പ്രഭാഷണത്തിന് ഉതകുന്നതെന്ന് തോന്നിയാലും പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയാണിത്. സര്‍വകലാശാല ക്യാമ്പസുകളിലും കോളജുകളിലും മാത്രമല്ല, സ്‌കൂളുകളില്‍ പോലും ഇക്കാലത്ത് പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും ഉള്ളതുകൊണ്ട് ഇവ പ്രദര്‍ശിപ്പിക്കാന്‍ എളുപ്പവുമാണ്. ഈ ധാരണയില്‍, നിങ്ങള്‍ക്ക് പ്രൊജക്ടറൊക്കെ ഉണ്ടാവുമല്ലോ എന്ന് ഞാന്‍ വിദ്യാര്‍ഥികളോട് ആരാഞ്ഞു. അതൊന്നുമുണ്ടാവില്ല സാറേ, കോളജിലുണ്ടെങ്കിലും തരില്ലെന്നു മാത്രമല്ല, ചോദിക്കാന്‍ പോലും ഞങ്ങള്‍ക്ക് പേടിയാണ് എന്നവര്‍ പറയുകയും ചെയ്തു. ആ കാര്യം അവിടെ അവസാനിച്ചു. ഞാന്‍ പതിവുപോലെ വെറും കയ്യോടെ അവിടെ പോകുകയും പ്രസംഗിച്ച് കിട്ടിയ തുഛമായ വണ്ടിക്കൂലിയും മേടിച്ച് തിരിച്ചു പോരുകയും ചെയ്തു. കുട്ടികളെ പൊതുവെ നയിച്ചിരുന്നത് ഭീതിയായിരുന്നു എന്നത് മറച്ചുവെക്കാനാവാത്ത വിധത്തില്‍ വെളിവായിരുന്നു. പിന്നീട് എന്റെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മക്കളില്‍ പലരും അവിടെ പഠിച്ച് കോഴ്‌സ് പൂര്‍ത്തീകരിച്ചും അല്ലാതെയും പുറത്തിറങ്ങി. അവിടെ പഠിച്ചു പോന്ന പല പുതുമുറക്കാരും എന്റെ സഹപ്രവര്‍ത്തകരായെത്തുകയും ചെയ്തു. അവരെല്ലാം പങ്കിട്ട ഒരു പൊതുകാര്യം അവിടെ ക്യാമ്പസിനുള്ളില്‍ എല്ലാക്കാലത്തും നിലനിന്നിരുന്ന ഭീകരാന്തരീക്ഷമായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ അടുത്തുള്ള കുട്ടിയുടെ ദേഹത്തേക്ക് ഒരു തുള്ളി വെള്ളം തെറിച്ചാല്‍ പോലും ആയിരം രൂപ പിഴയീടാക്കുന്ന തരം കമ്പോളാത്മക-ശിക്ഷാവിധികളുടെ വൈചിത്ര്യവും അവിടെയുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അക്കാലത്തെ ജര്‍മന്‍ മുതലാളിമാര്‍ തന്നെ കെട്ടിയുണ്ടാക്കി എന്നു ചരിത്രം പറയുന്നു. അതായത്, സ്വകാര്യ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് പിടികൂടേണ്ടവരുടെ പട്ടിക മാത്രം നാസി സര്‍ക്കാര്‍ കൊടുക്കുന്നു. അവരെ പിടികൂടി പീഡിപ്പിക്കുന്നതും ജോലിയെടുപ്പിക്കുന്നതും മുതലാളിമാര്‍. അവര്‍ക്ക് സാമ്പത്തിക ലാഭം, സര്‍ക്കാറിന് പിന്തുണ കൊടുക്കുന്നതിലൂടെയുള്ള ലാഭം വേറെയും. സര്‍ക്കാറിന് നയാപൈസ ചെലവില്ലാതെ കാര്യങ്ങളും നടക്കും. ഏതാണ്ടതേ മട്ടിലുള്ള സമ്പ്രദായമാണ് കേരളത്തിലെ സ്വകാര്യ സ്വാശ്രയകോളജുകള്‍ മിക്കതിലും.
മുമ്പു തന്നെ പാമ്പാടി നെഹ്‌റുവില്‍ നടന്ന നിഷ്ഠൂരമായ വിദ്യാര്‍ഥി വേട്ടകളില്‍ പ്രതിഷേധിക്കാന്‍ ഇടതു-വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ശ്രീനിവാസന്‍/സത്യന്‍ അന്തിക്കാട് സിനിമയായ സന്ദേശത്തില്‍, വിദ്യാര്‍ഥി രാഷ്ട്രീയം നിര്‍ബന്ധമായി അവസാനിപ്പിച്ച് വീട്ടിന്റെ അരാഷ്ട്രീയതയിലേക്ക് ചവിട്ടിക്കയറ്റിയ ജയറാം/ശ്രീനിവാസന്റെ അനിയനായി എല്ലാ കുട്ടികളും മാറിക്കഴിഞ്ഞിരുന്നു. ഒരു ജമ്പ് കട്ട് നടത്താം. ഇതേ മാനേജ്‌മെന്റ് വാണിയങ്കുളത്ത് ഒരു മെഡിക്കല്‍ കോളജ് നടത്തുന്നുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ മകന്‍ അവിടെ എം ബി ബി എസ്സിന് പഠിക്കുന്നു. ഒരു കോടിയോ മറ്റോ ആണ് ഫീസ്. ജിഷ്ണു മരണപ്പെട്ടതിനു ശേഷം, പാമ്പാടി നെഹ്‌റുവിനെതിരെ ജനവികാരം വര്‍ധിച്ചതിനെ തുടര്‍ന്ന് വാണിയങ്കുളം മെഡിക്കലില്‍ അച്ചടക്കം കുറഞ്ഞെന്നാണ് സുഹൃത്ത് പറയുന്നത്. തന്റെ മകന്‍ ദിവസവും സിനിമ കാണുകയാണെന്നാണ് മൂപ്പരുടെ പരാതി. പുലിമുരുകനും ഗ്രേറ്റ് ഫാദറും കണ്ടിട്ട് ഇനിയെന്തൊക്കെ കുഴപ്പമുണ്ടാകുമെന്ന് കണ്ടറിയണം. പറഞ്ഞുവരുന്നത് അതൊന്നുമല്ല, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചും ഭാവിയെ സംബന്ധിച്ചും തൊഴിലിനെ സംബന്ധിച്ചും അവരുടെ സാമൂഹികപരതയെ സംബന്ധിച്ചും സര്‍ഗാത്മകതയെ സംബന്ധിച്ചുമൊക്കെ എത്രമാത്രം സങ്കുചിതമായ വീക്ഷണങ്ങളാണ് എന്റെ സുഹൃത്തടക്കമുള്ള വ്യക്തികള്‍ക്കുള്ളതെന്ന് നോക്കുക. ഇവര്‍ രൂപീകരിച്ച ആള്‍ക്കൂട്ട-പൊതുബോധം തന്നെയല്ലേ കേരളത്തില്‍ സ്വാശ്രയക്കൊള്ള നടത്താന്‍ ഇവിടെ കുറ്റാരോപിതരായിട്ടുള്ള ഗൂണ്ടകളെ വളര്‍ത്തിയെടുത്തത്?

ചിന്ത ടി കെ ഫേസ്ബുക്കിലെഴുതുന്നു: സ്വാശ്രയ കോളജ് എന്ന ദുര്‍ഭൂതത്തെ തുറന്നു വിട്ടത് കോണ്‍ഗ്രസും യു ഡി എഫുമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ വിദ്യാഭ്യാസക്കച്ചവടം നടത്താനും എന്ത് തോന്നിവാസം കാണിച്ചും കാശുണ്ടാക്കാനും ഏതു ക്രിമിനലിനും അവസരമുണ്ടാക്കിക്കൊടുത്തു അവര്‍. അന്ന് അതിനെ എതിര്‍ത്ത ഇടതുപക്ഷത്തോട് മധ്യവര്‍ഗ മലയാളിക്കും ഇവിടുത്തെ മാധ്യമപ്രഭുക്കള്‍ക്കും പരമപുഛമായിരുന്നു. കമ്പ്യൂട്ടറിനെ എതിര്‍ത്ത കമ്യൂണിസ്റ്റുകാരെന്ന ആക്ഷേപം എന്തിനും ഏതിനും അവര്‍ക്ക് മുതല്‍ക്കൂട്ടായി. നിയമം പോലും പലപ്പോഴും വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് അനുകൂലമായി. (പലപ്പോഴുമല്ല, എല്ലായ്‌പോഴും). ഇടതുപക്ഷം നിരോധനങ്ങളും പരിഹാസങ്ങളും ഒക്കെ മറികടന്ന് തെരുവിലും സഭയിലും പോരാടിക്കൊണ്ടേ ഇരുന്നു. തുടക്കം മുതല്‍ കാശുള്ള മലയാളിക്ക് സ്വന്തം നാട്ടില്‍ പഠിക്കാന്‍ അവസരം വേണമെന്നും അതിന് ഇടതുപക്ഷം മാത്രമാണ് തടസ്സമെന്നും പ്രചരിപ്പിച്ചു പല മാധ്യമങ്ങളും, സ്വാശ്രയഅനീതിയുടെ പുറത്തറിയപ്പെട്ട ആദ്യ ഇരയായ രജനി ആനന്ദിന്റെ ദുരവസ്ഥ പോലും അവരുടെ കണ്ണു തുറപ്പിച്ചില്ല. നഗ്നമായി നിയമനിഷേധം നടത്തിയ ഒരു സ്വാശ്രയസ്ഥാപനത്തിന് നേരെയും പത്രങ്ങള്‍ വെണ്ടക്ക നിരത്തിയില്ല. ജിഷ്ണുവിന്റെ മരണവും ആദ്യം മൂടിവെക്കപ്പെട്ടു. നെഹ്‌റു കോളജിന്റെ പേര് പറയാന്‍ മടിച്ചു മാധ്യമങ്ങള്‍. എസ് എഫ് ഐ സമരമുഖത്തേക്കെത്തിയപ്പോഴാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്.

അപ്പോഴും വിദ്യാഭ്യാസരംഗത്ത് ഇത്രയേറെ കൊള്ളരുതായ്മകള്‍ക്ക് വഴിവെച്ച യു ഡി എഫിന്റെ വിദ്യാഭ്യാസനയം ചോദ്യം ചെയ്യപ്പെടുന്നില്ല. ചര്‍ച്ചകളില്‍ അവര്‍ വിചാരണ ചെയ്യപ്പെടുന്നില്ല. ഒഴുക്കന്‍ ചോദ്യങ്ങളും ഉത്തരങ്ങളും ആയി അവരെ തഴുകി വിടുന്നുണ്ട് മാധ്യമങ്ങള്‍. അനാവശ്യ സമരങ്ങളിലൂടെ കേരളത്തെ പുറകോട്ടടിപ്പിക്കുന്നത് ഇടതുപക്ഷമെന്ന് മുദ്രകുത്തപ്പെട്ടു. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറി. സ്വാശ്രയവിദ്യാഭ്യാസം കൊണ്ട് കച്ചവടക്കാര്‍ക്ക് ആണ് ഏറ്റവും പ്രയോജനമെന്നും അവയെ നിയന്ത്രിക്കേണ്ടത് ഏറ്റവും അത്യന്താപേക്ഷിതവുമാണെന്ന് സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി. പല വിദ്യാര്‍ഥി സമരങ്ങള്‍ക്കും പിന്തുണയേറി. ഇടതുപക്ഷമാണ് ശരി എന്ന് തിരിച്ചറിഞ്ഞു തുടങ്ങേണ്ട സന്ദര്‍ഭമാണിത്.
എന്നാലതു സംഭവിക്കുന്നില്ല. ലോ കോളജിനു പുറകെ, നെഹ്‌റുവിലും കാര്യങ്ങള്‍ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ വന്‍ വിജയം കൊയ്തിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആത്മവിചാരണ നടത്താന്‍ തീര്‍ച്ചയായും ഇടതുപക്ഷം തയ്യാറാകണം. എന്നാല്‍, ഏതു പ്രശ്‌നവും വളച്ചൊടിച്ചും ഊതിവീര്‍പ്പിച്ചും തമസ്‌കരിച്ചും വഴിതിരിച്ചു വിട്ടും ഇടതുപക്ഷത്തിനെതിരെ ജനവികാരം ആളിക്കത്തിക്കുന്നതിനു വേണ്ടി മാധ്യമങ്ങളും മറ്റും പരിശ്രമിക്കുന്നുണ്ട്. അതിന് സഹായകമായ വിധത്തില്‍ വിവിധ താത്പര്യക്കാര്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി വിപുലമായ മുന്നണി തന്നെ താല്‍ക്കാലികമായും സ്ഥിരമായും രൂപവത്കരിച്ചുകൊണ്ടിരിക്കുന്നു. ഭരണമുന്നണിയിലെ ചില ഇടതു നാട്യ കക്ഷികള്‍ തന്നെ ഈ മുന്നണിയിലും അംഗത്വമെടുക്കുന്നതും കാണാം. അത്തരം ദ്വയാംഗത്വക്കാരെയും തുറന്നു കാട്ടണം.
ഇടതു പക്ഷം സ്വാശ്രയത്തെ എതിര്‍ത്താല്‍ തെറ്റ്, പിന്നീട് കോടതി വിധി അനുസരിച്ചാല്‍ തെറ്റ്, വിദ്യാര്‍ഥി മരിക്കാനിടയായാല്‍ മാനേജുമെന്റിനെതിരെ നടപടിയെടുത്താല്‍ തെറ്റ്, കോടതിവിധി അനുസരിച്ച് മാനേജുമെന്റിന്റെ ഗുണ്ടകള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അതും ഇടതുപക്ഷത്തിന്റെ തെറ്റ്, പോലീസിനെ പാര്‍ട്ടി നിയന്ത്രണത്തിലാക്കിയാല്‍ തെറ്റ്, പോലീസിനെ അതിന്റെ പാട്ടിനു വിട്ടാല്‍ തെറ്റ്, എന്നിങ്ങനെ ഏതു വിധേനയും ഇടതുപക്ഷത്തെ വളഞ്ഞിട്ടാക്രമിച്ചാല്‍ അതിന് മാര്‍ക്കറ്റുണ്ടാക്കാന്‍ പോരുന്ന വിധത്തില്‍ പൊതുബോധക്കമ്പോളം മലീമസമായിരിക്കുന്നു. ഈ ചളിക്കുണ്ടില്‍ നിന്ന് വിരിയുന്ന പുഷ്പങ്ങള്‍ ഏതു ജനുസ്സിലുള്ളതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!