ജിഷ്ണുവിന്റെ അമ്മക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ഐജിയുടെ റിപ്പോര്‍ട്ട്

Posted on: April 6, 2017 4:43 pm | Last updated: April 6, 2017 at 11:08 pm

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പോലീസ് അതിക്രമം നടന്നുവെന്നതിന് തെളിവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഐജി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിഷയം കൈകാര്യം ചെയ്ത രിതിയില്‍ തെറ്റ് പറ്റിയോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹിജയുടെ നേതൃത്വത്തില്‍ 16 പേരാണ് ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ എത്തിയത്. ഇവരെ നീക്കിയിലെങ്കില്‍ 16 പേര്‍ ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഇത് സുരക്ഷാ വീഴ്ചക്ക് കാരണമാകും. ഇത് ഒഴിവാക്കാനാണ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഐജിയുടെ റിപ്പോര്‍ട്ട് ജിഷ്ണുവിന്റെ കുടുംബം തള്ളി. റിപ്പോര്‍ട്ട് അവിശ്വസനീയമാണെന്ന് ജിഷ്ണുവിന്റെ അമ്മാവാന്‍ ശ്രീജിത് പ്രതികരിച്ചു.