Connect with us

National

യുഎസിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ്പ് നിരോധനം; എയര്‍ ഇന്ത്യക്ക് ചാകര

Published

|

Last Updated

ന്യൂഡല്‍ഹി: ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങളില്‍ ലാപ്‌ടോപ്പിനും മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി എയര്‍ ഇന്ത്യക്ക് ചാകരയൊരുക്കുന്നു. നിരോധനത്തിന് പിന്നാലെ എയര്‍ഇന്ത്യ വിമാനത്തില്‍ യുഎസിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി.

മാര്‍ച്ച് 25നാണ് ഗള്‍ഫ് രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഹാന്‍ഡ് ബാഗേജില്‍ ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങി ഒന്‍പത് വിമാനക്കമ്പനികളെ ഇത് ബാധിച്ചിരുന്നു. ഇതോടെയാണ് എയര്‍ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയത്. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 300 ടിക്കറ്റുകളാണ് യുഎസിലേക്ക് ബുക്ക് ചെയ്യപ്പെടുന്നത്. നേരത്തെ ഇത് 150 ആയിരുന്നു.

ടിക്കറ്റിന് ഡിമാന്‍ഡ് കൂടിയതോടെ വിലയും ഉയര്‍ത്തിയിട്ടുണ്. യുഎസിലേക്കുള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് 10000 രൂപ ഉയര്‍ന്നപ്പോള്‍ റിട്ടേണ്‍ ടിക്കറ്റിനുള്ള നിരക്ക് 15000 രൂപയാണ് ഉയര്‍ന്നത്.

യുഎസിലെ ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. ന്യൂയോര്‍ക്ക്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്.

ഇലക്‌ട്രോണിക് ഡിവൈസുകളുടെ നിരോധനം കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വലച്ചിരുന്നു. കേരളത്തില്‍ നിന്ന് അമേരിക്കയില്‍ എത്താന്‍ ഗള്‍ഫ് വഴിയാണ് ഏറ്റവും എളുപ്പം. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ദിനംപ്രതി നിരവധി വിമാനങ്ങള്‍ ഉള്ളതിനാല്‍ ഈ വഴി യുഎസിലെത്താന്‍ ശരാശരി 13 മണിക്കൂര്‍ മതി. ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ നിരോധിച്ചതോടെ 13 മണിക്കൂര്‍ യാത്രക്കാര്‍ വെറുതെ ഇരിക്കേണ്ട സ്ഥിതിയാണ്. ഇത് മറികടക്കാന്‍ മുംബൈ, ഡല്‍ഹി വഴി പോകുമ്പോള്‍ 24 മണിക്കൂര്‍ വരെ യാത്രാസമയം വേണ്ടിവരും.