കശ്മീര്‍:  യു എസ് മാധ്യസ്ഥ്യം ഇന്ത്യ തള്ളി

Posted on: April 5, 2017 1:56 am | Last updated: April 4, 2017 at 11:57 pm

യു എന്‍: കശ്മീര്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യ- പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും ‘എന്തെങ്കിലും സംഭവിക്കുന്നത് വരെ’ കാത്തിരിക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നത്തില്‍ ഇടപെടില്ലെന്നായിരുന്നു ബരാക് ഒബാമ സര്‍ക്കാറിന്റെ നിലപാട്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഇടപെടല്‍ നയത്തിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുന്നതിന്റെ സൂചനയാണിത്. എന്നാല്‍, ഈ നിലപാട് ഇന്ത്യ പാടേ തള്ളിക്കളഞ്ഞു.

ഐക്യരാഷ്ട്ര സഭയിലെ യു എസ് അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലിയാണ് അമേരിക്കയുടെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. യു എന്‍ സുരക്ഷാ സമിതിയുടെ ഈ മാസത്തെ അധ്യക്ഷയായി ചുമതലയേറ്റെടുത്ത ശേഷം ഐക്യാരാഷ്ട്ര സഭയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കശ്മീര്‍ വിഷയത്തില്‍ യു എസ് ഭരണകൂടം ഇരു രാജ്യങ്ങളുമായി സംസാരിക്കുമെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ യോജിച്ച നിലപാട് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ശ്രമങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേതൃത്വം കൊടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും നിക്കി ഹാലി പറഞ്ഞു. ഇന്ത്യ- പാക് വിഷയത്തില്‍ ട്രംപ് മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ നിക്കി ഹാലി നടത്തുന്ന ആദ്യ പ്രതികരണമാണിത്.
കശ്മീര്‍ തര്‍ക്കം ദക്ഷിണേഷ്യന്‍ അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പര ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൈക്കൊണ്ടിരുന്നത്. ഈ വിഷയം പരിഹരിക്കുന്നതില്‍ അമേരിക്കക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മുന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്. കശ്മീര്‍ ചര്‍ച്ചയുടെ ഗതിയും സാധ്യതയും സ്വഭാവവുമൊക്കെ നിശ്ചയിക്കേണ്ടത് ഇരു രാജ്യങ്ങളും തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്നുള്ള അടിമുടി മാറ്റമാണ് നിക്കി ഹാലിയുടെ പ്രസ്താവനയിലൂടെ അമേരിക്ക വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഈ നിലപാടില്‍ ഇന്ത്യ ശക്തമായ അമര്‍ഷം അറിയിച്ചുകഴിഞ്ഞു. സംഘര്‍ഷവും ഭീകരതയും അവസാനിപ്പിച്ചതിന് ശേഷം മാത്രം പാക്കിസ്ഥാനുമായി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു. ദക്ഷിണേഷ്യയില്‍ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയായി നിലനില്‍ക്കുന്ന പാക്കിസ്ഥാനിലെ ഭീകരവാദം അവസാനിപ്പിക്കാന്‍ അന്തരാഷ്ട്ര സമൂഹത്തിന്റെയും സംഘടനകളുടെയും ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ കേവലം ഉഭയകക്ഷി പ്രശ്‌നമാണെന്നും അതില്‍ ഐക്യരാഷ്ട്ര സഭയോ അമേരിക്കയോ മറ്റേത് മൂന്നാം കക്ഷിയോ ഇടപെടേണ്ടതില്ലെന്നുമുള്ള ശക്തമായ നിലപാടാണ് കാലങ്ങളായി ഇന്ത്യ കൈക്കൊണ്ടുവരുന്നത്. എന്നാല്‍, യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചുവരികയാണ് പാക്കിസ്ഥാന്‍.
അതിനിടെ, കശ്മീരില്‍ അസ്ഥിരതയുണ്ടാക്കാന്‍ പാക് ചാരസംഘടനയായ ഐ എസ് ഐ 800 കോടി രൂപ ചെലവഴിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐ ബി) റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 2016 ജൂലൈ മാസത്തിന് മുമ്പുതന്നെ കശ്മീരില്‍ കലാപമുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരവാദി ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത് കശ്മീരില്‍ പ്രക്ഷോഭകരെ ഇളക്കിവിടുന്നതിന് സഹായകമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.