നോര്‍ത്ത് ഫീല്‍ഡില്‍ നിന്ന് ഗ്യാസ് ഉത്പാദനം തുടങ്ങാന്‍ ഖത്വര്‍

Posted on: April 4, 2017 7:29 pm | Last updated: April 4, 2017 at 7:29 pm
ഖത്വര്‍ പെട്രോളിയം ആസ്ഥാനത്ത് സഅദ് അല്‍ കഅബി വാര്‍ത്താലേഖകരോട്
സംസാരിക്കുന്നു

ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കേന്ദ്രമായ നോര്‍ത്ത് ഫീല്‍ഡില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഖത്വര്‍. 2005ലാണ് നോര്‍ത്ത് ഫീല്‍ഡിലെ വികസനം ഖത്വര്‍ പെട്രോളിയം നിര്‍ത്തിവെച്ചത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ഉത്പാദനത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധന ശേഖരണത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കുന്നതിനായിരുന്നു ഈ നടപടി. ഖത്വറിന്റെ മുഴുവന്‍ വാതക ഉത്പാദനത്തോളം വരും ഈ വലിയ ഗ്യാസ് ഫീല്‍ഡ്. ഖത്വറിന്റെ കയറ്റുമതി വരുമാനത്തിന്റെ 60 ശതമാനത്തോളം വരുമിത്.

പദ്ധതികളെല്ലാം പൂര്‍ത്തിയായെന്നും പ്രവര്‍ത്തനമാരംഭിക്കാന്‍ പറ്റിയ സമയം ഇതാണെന്നും ഖത്വര്‍ പെട്രോളിയം സി ഇ ഒ സഅദ് അല്‍ കഅബി പറഞ്ഞു. നോര്‍ത്ത് ഫീല്‍ഡിന്റെ സാങ്കേതികക്ഷമത സംബന്ധിച്ച പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. നോര്‍ത്ത് ഫീല്‍ഡിന്റെ തെക്കുഭാഗത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏറെ വിദൂരമാണ് തെക്കുഭാഗം. അഞ്ച്- ഏഴ് വര്‍ഷം കൊണ്ട് ഇവിടെ നിന്ന് പുതിയ ഉത്പാദനം ആരംഭിക്കും. പ്രതിദിനം രണ്ട് കോടി സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് അടി വാതകം കയറ്റുമതി ചെയ്യുന്ന തരത്തില്‍ ക്ഷമത കൈവരിക്കുകയാണ് ലക്ഷ്യം. പുതിയ തീരുമാന പ്രകാരം നോര്‍ത്ത് ഫീല്‍ഡിലെ നിലവിലെ ഉത്പാദനം പത്ത് ശതമാനം വര്‍ധിക്കും. ഖത്വറിന്റെ ഉത്പാദനത്തില്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ കൂടി അധികമുണ്ടാകും.
ഇറാന്‍ ഈ ഭാഗത്തെ സൗത്ത് പാര്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആഭ്യന്തര വാതക ദൗര്‍ലഭ്യം കാരണം സൗത്ത് പാര്‍സില്‍ നിന്ന് ഇറാന്‍ ദ്രുതഗതിയിലുള്ള ഉത്പാദന നടപടികള്‍ ആരംഭിച്ചിരുന്നു. സൗത്ത് പാര്‍സ് രണ്ടാം പദ്ധതി വികസനത്തിന് കഴിഞ്ഞ നവംബറില്‍ ഫ്രഞ്ച് കമ്പനിയായ ടോട്ടലുമായി പ്രാഥമിക കരാറില്‍ ഇറാന്‍ ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കിയതിന് ശേഷം ഇറാനുമായി പ്രധാന കരാറിലേര്‍പ്പെട്ട ആദ്യ പടിഞ്ഞാറന്‍ ഊര്‍ജ കമ്പനിയായിരുന്നു ടോട്ടല്‍. ഇരുരാഷ്ട്രങ്ങളും പങ്കുവെക്കുന്ന ഗ്യാസ് ഫീല്‍ഡിലെ ഇറാന്റെ ഭാഗത്ത് ഉത്പാദനം നടത്താന്‍ പുതിയ നടപടി തടസ്സമല്ലെന്ന് കഅബി പറഞ്ഞു. ഇന്ന് പുതിയ നടപടി ആരംഭിക്കുകയാണ് തങ്ങള്‍. ഭാവിയിലും ഇറാനുമായി പങ്കുവെക്കും. ഇറാന്റെ ഉത്പാദനത്തെ ഇത് ഒരിക്കലും ബാധിക്കില്ല. പ്രകൃതി വാതകം ദ്രവീകൃത പ്രകൃതി വാതകമായോ ഗ്യാസ് ടു ലിക്വുഡ്‌സ് ആക്കുമോ അതല്ല യഥാര്‍ഥ അവസ്ഥയില്‍ സൂക്ഷിക്കുമോയെന്നത് തീരുമാനിച്ചിട്ടില്ല. പ്രതിവര്‍ഷം 77 മില്യന്‍ ടണ്‍ വാതകം ഉത്പാദിപ്പിക്കാന്‍ ഖത്വറിന് ഇത് സഹായിക്കും. പ്രകൃതി വാതകത്തിന്റെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായി ഖത്വര്‍ മാറും. ഈ വര്‍ഷം അവസാനത്തോടെ ഖത്വര്‍ ഗ്യാസും റാസ്ഗ്യാസും ലയിക്കുമെന്നും കഅബി കൂട്ടിച്ചേര്‍ത്തു.