കേരളം പീഡനത്തിന്റെ കേന്ദ്രമായി: ചെന്നിത്തല

Posted on: April 4, 2017 1:25 am | Last updated: April 4, 2017 at 12:51 am

തിരുവനന്തപുരം: അധ്യാപകര്‍ വേട്ടക്കാരായി മാറുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലപീഡനത്തിനെതിരെ ജവഹര്‍ ബാലവേദി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ‘മക്കളാണ് മറക്കരുത്’ കുട്ടികളുടെ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിന്റെ വിളഭൂമിയായിരുന്ന കേരളം ഇന്ന് പീഡനത്തിന്റെ കേന്ദ്രമായി. പിഞ്ചോമനകള്‍ക്ക് പോലും കേരളത്തില്‍ രക്ഷയില്ല. മാര്‍ച്ച് മാസത്തില്‍ മാത്രം ചൈല്‍ഡ് ലൈനിന് ലഭിച്ചത് 90 പരാതികളാണ്. ദിവസവും രണ്ടു കുട്ടികള്‍ പീഡനത്തിന് ഇരകളാകുന്നു. എന്നാല്‍, ഒരു ശതമാനം കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ധേഹം പറഞ്ഞു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇരകളാകുന്നത്. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അധ്യാപകരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

കാഴ്ച്ചശക്തി നഷ്ടപ്പെട്ടെങ്കിലും ഹയര്‍ സെക്കന്‍ഡറിയില്‍ ബാലജനവേദിയുടെ സഹായത്തോടെ സയന്‍സ് ഐശ്ചിക വിഷയമായെടുത്ത് പഠനം തുടരുന്ന ജോമോള്‍ അശ്വതി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജവഹര്‍ ബാലജനവേദി സംസ്ഥാന പ്രസിഡന്റ് ആദിത് കിരണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാലജനവേദി സംസ്ഥാന പ്രസിഡന്റ് ജി വി ഹരി, കെ പി സി സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, സെക്രട്ടറിമാരായ പഴകുളം മധു, മണക്കാട് സുരേഷ്, എം എം നസീര്‍, ഡി സി സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, ഹൈബി ഈഡന്‍ എം എല്‍ എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍ പങ്കെടുത്തു.