Connect with us

Editorial

തട്ടിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും ബോധ്യം

Published

|

Last Updated

മധ്യപ്രദേശിലെ ബിന്ദില്‍ ഉപതിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്‌ട്രോണിക് വോട്ടിംഗ്് മെഷീനിലും ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് വീഴുന്ന കൃത്രിമത്വം കണ്ടെത്തിയതോടെ മെഷീനിന്റെ വിശ്വാസ്യതയെക്കുറിച്ചു ചില രാഷ്ട്രീയ കക്ഷികളും ഐ ടി വിദഗ്ധരും ഉയര്‍ത്തിയ സന്ദേഹം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നടക്കാനിരിക്കുന്ന ബിന്ദിലെ ഉപതിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം ഉള്ളതായി മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വരണാധികാരി പരിശോധിച്ചപ്പോഴാണ് ആരോപണം ശരിയാണെന്ന് ബോധ്യമായത്. വോട്ട് രേഖപ്പെടുത്താനുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് പുറത്തു വരികയും, സമ്മതിദായകന്‍ രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ തന്നെയാണോ അത്് വന്നതെന്ന് ഉറപ്പാക്കുകയും ചെയ്യാവുന്ന വി-പാറ്റ് സംവിധാനമുള്ള മെഷീനുകളാണ് ബിന്ദില്‍ ഉപയോഗിക്കുന്നത്. വരണാധികാരിയുടെ പരിശോധനയില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പുകളാണ് ലഭിച്ചത്.
2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടന്നതായി തെളിയുകയും വോട്ടര്‍മാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 2014ല്‍ അസമിലെ ജോര്‍ഹട് മണ്ഡലത്തില്‍ ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രം പരീക്ഷിക്കവേ ഏത് ചിഹ്നത്തില്‍ ബട്ടണ്‍ അമര്‍ത്തിയാലും എല്ലാം താമരയില്‍ വീഴുന്നത് കണ്ട് അവര്‍ അമ്പരന്നു പോയിരുന്നു. യന്ത്രം നിര്‍മിച്ച ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പറേഷനിലെ എന്‍ജിനീയര്‍മാര്‍ എത്തിയാണ് “പിഴവ്” പരിഹരിച്ചത്. കഴിഞ്ഞ മാസം യു പി തിരഞ്ഞടുപ്പില്‍ എല്ലാ അഭിപ്രായ വോട്ടെടുപ്പുകളെയും കടത്തിവെട്ടി ബി ജെ പി മൃഗീയ ഭൂരിപക്ഷം നേടിയപ്പോള്‍ ബി എസ് പി നേതാവ് മായാവതിയും എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളും മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിക്കുകയും ബാലറ്റ് ബേപ്പര്‍ ഉപയോഗിച്ചു വീണ്ടും തിരഞ്ഞടുപ്പ് നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ഭാരത് ഇലക്ട്രോണിക്‌സിലാണ് രാജ്യത്തെ വോട്ടിംഗ് മെഷീനില്‍ നല്ലൊരു പങ്കും നിര്‍മിക്കുന്നതെന്നതും സംശയങ്ങള്‍ക്ക് ബലമേകുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അഡ്ജസ്റ്റുമെന്റുകളും തട്ടിപ്പുകളും നടത്താന്‍ കഴിയില്ലെന്ന വിശദീകരണവുമായി ആരോപണങ്ങളെ ഏകപക്ഷീയമായി തള്ളിക്കളയുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.
മധ്യപ്രദേശില്‍ സംസ്ഥാന വരണാധികാരിക്ക് തന്നെ തട്ടിപ്പ് ബോധ്യമായതോടെ നിലവിലെ യന്ത്രങ്ങള്‍ ഉപേക്ഷിക്കാനും കൃത്രിമത്വം നടത്താന്‍ സാധിക്കാത്ത എം-3 വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാനും തീരുമാനിച്ചിരിക്കയാണ് കമ്മീഷന്‍. ഏതെങ്കിലും കൃത്രിമത്വത്തിന് ശ്രമിച്ചാല്‍ ഉടന്‍ നിശ്ചലമാകുമെന്നതാണത്രെ ഈ മെഷീനിന്റെ പ്രത്യേകത. പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്താനാകുന്ന ഓട്ടോ ഡയഗ്‌നോസിസ് സാങ്കേതിക വിദ്യ അടങ്ങിയ പുതിയ യന്ത്രങ്ങളുടെ നിര്‍മാണ ചുമതല ആണവോര്‍ജ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഇ സി ഐ എല്‍, പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബി ഇ എ ല്‍ എന്നിവയെയാണ് ഏല്‍പ്പിക്കാനുദ്ദേശിക്കുന്നത്. 2000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പുതിയ മെഷീനുകള്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പായി ലഭ്യമാക്കാനാണ് പദ്ധതി. ഇന്ത്യന്‍ ജനാധിപത്യത്തെ പുതിയ വോട്ടിംഗ് മെഷീനുകളുടെ പരീക്ഷണ വേദിയായി മാറ്റുന്നതിന് പകരം തട്ടിപ്പിന് സാധ്യതയില്ലാത്ത ബാലറ്റ് പേപ്പര്‍ സമ്പ്രദായം തിരിച്ചു കൊണ്ടു വരികയാണ് വേണ്ടതെന്നാണ് ചില നേതാക്കളുടെ പക്ഷം. ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം നിരോധിക്കുകയും പേപ്പര്‍ ബാലറ്റുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു അവരുടെ കൂടി അഭിപ്രായം തേടേണ്ടതുണ്ട്.
നിലവിലുള്ള വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള വിശ്വാസ്യത തിരഞ്ഞെടുപ്പ് കമ്മീഷനു നഷ്ടമായെന്നാണ് നൂതന യന്ത്രങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിന്റെ വ്യക്തമായ സൂചന. ഇതോടെ യു പി തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായി പരോക്ഷമായി സമ്മതിക്കുക കൂടിയാണത്. വോട്ടര്‍മാരെ പണം കൊടുത്തു സ്വാധീനിക്കുക, വര്‍ഗീയ ധ്രുവീകരണം, കള്ളപ്പണത്തിന്റെ ഉപയോഗം, കള്ളവോട്ട് തുടങ്ങി ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്ന ചെയ്തികളാണ് തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെങ്ങും കണ്ടുവരുന്നത്. സ്വന്തം സ്ഥാനാര്‍ഥിയെയും പാര്‍ട്ടിയെയും അധികാരത്തിലേറ്റാന്‍ എന്ത് വൃത്തി കെട്ട മാര്‍ഗവും സ്വീകരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് പ്രത്യേകിച്ചും മടിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നത് നിരര്‍ഥകമായ ഒരു പരാതിയോ വിദൂര സാധ്യതയായോ കാണാവതല്ല. ഇനിയെങ്കിലും ഇതുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന ആരോപണങ്ങളെ കമ്മീഷന്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരിശുദ്ധി നിലനിര്‍ത്താനും പൗരന്മാര്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടമാകാതിരിക്കാനും അതിന്റെ നടത്തിപ്പ് സുതാര്യമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

Latest