ഇ-മാലിന്യങ്ങളെ പേടിക്കണം

Posted on: April 4, 2017 6:00 am | Last updated: April 4, 2017 at 12:18 am

ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പരിസ്ഥിതി വിപത്താണ് ഇ-മാലിന്യങ്ങളുടെത്. വീടുകളും ഷോപ്പുകളും അത്യന്താധുനിക ഉപകരണങ്ങള്‍ കൊണ്ട് നിറയുകയാണ്. ടെലിവിഷനോ റെഫ്രിജറേറ്ററോ ഡി വി ഡിയോ സി എഫ് എല്ലോ ഇല്ലാത്ത ഏത് വീടാണ് ഇന്നുള്ളത്? നഗരങ്ങളുടെ പ്രത്യേകത മാത്രമല്ലിത്. നാള്‍ക്കുനാള്‍ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളില്‍ നവീനമായ വസ്തുക്കള്‍കൊണ്ട് നിറയുന്നു. ഓരോ വീടും എയര്‍കണ്ടീഷന്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രയാശേഷിയുള്ള ആളുകള്‍ ആധുനിക വീട്ടുപകരണങ്ങള്‍ പുതുക്കുന്നതോടെ പഴയത് വലിച്ചെറിയുന്നു. കാലാന്തരത്തില്‍ ഇവ ഇ-മാലിന്യങ്ങളായാണ് രൂപാന്തരപ്പെടുന്നത്. പലപ്പോഴും ഇ-വേസ്റ്റായി വരുന്ന സാധനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ളതെടുത്ത് ബാക്കിയാവുന്നത് വീടിനു ചുറ്റിലുമോ അല്ലെങ്കില്‍ പുറമ്പോക്കിലോ നിക്ഷേപിക്കുന്ന പതിവുണ്ട്. പൊതുവെ, പാരിസ്ഥിതിക അവബോധത്തില്‍ പിറകില്‍ നില്‍ക്കുന്ന മലയാളികള്‍ ഈ കാര്യത്തില്‍ ഒട്ടും പിറകിലല്ല.

ചില വികസിത രാജ്യങ്ങള്‍ ഇ-വേസ്റ്റിനെ ചതപ്പുകള്‍ നികത്താന്‍ ഉപയോഗിക്കുന്നുണ്ട്. തത്ക്കാലം മണ്ണിട്ട് നികത്തപ്പെടുന്ന ഈ അസംസ്‌കൃത വസ്തുക്കള്‍ പില്‍ക്കാലത്ത് മണ്ണിനെ വലിയ തോതില്‍ മുറിവേല്‍പിക്കും. അതിന്റെ അനന്തരഫലം വരും തലമുറ അനുഭവിക്കും. അവികസിത രാജ്യങ്ങളുടെ സ്ഥിതിയാണ് ഏറെ ദയനീയം. അവര്‍ ഇ- മാലിന്യങ്ങള്‍ പുറമ്പോക്കില്‍ വെറുതെ കുന്നുകൂട്ടിയിടുന്നു. ഇത് മനുഷ്യനു മാത്രമല്ല, പക്ഷി-മൃഗാദികള്‍ക്കു വരെ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
പ്ലാസ്റ്റിക് മുതല്‍ പലതും ഇ-മാലിന്യമായി വരുന്നു. പാത്രങ്ങള്‍ വരെ ഇതില്‍ വരും. സ്വര്‍ണം, വെള്ളി, ചെമ്പ്, പ്ലാറ്റിനം, ഇരുമ്പ് എന്നീ ലോഹങ്ങള്‍ മുതല്‍ ലെഡ്, കാഡ്മിയം, മെര്‍ക്കുറി, കോബാള്‍ട്ട്, നിക്കല്‍, ക്രോമിയം തുടങ്ങി ഫോസ്ഫറസ് വരെ വരുമെന്ന് ചിന്തിച്ചാല്‍ ഇ-മാലിന്യത്തിന്റെ ഗൗരവം ബോധ്യപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍ 35-ല്‍പരം ഘടകവസ്തുക്കള്‍ അടങ്ങിയതാണ് ഇവ. ഉദാഹരണമായി നമുക്ക് ഒരു കമ്പ്യൂട്ടര്‍ തന്നെയെടുക്കാം. കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ രണ്ട് കിലോഗ്രാം ലെഡ് (ഈയം) അടങ്ങിയിരിക്കുന്നു എന്നു പറയുമ്പോള്‍, നാം വലിച്ചെറിയുന്ന ഓരോ ഇലക്ട്രിക് ഉപകരണത്തിന്റെയും ഉള്ളില്‍ അടക്കം ചെയ്യപ്പെട്ട ഇ-മാലിന്യത്തിന്റെ തോത് ഊഹിച്ചെടുക്കാം.
കാലാന്തരേണ ഭൂമിയില്‍ വിവിധ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ – മാലിന്യങ്ങള്‍ മനുഷ്യന്റെ തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് നേരിട്ട് ബാധിക്കുന്നത്. ജലത്തിലൂടെ അത് ആമാശയത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ ഇ-വേസ്റ്റ് കുറവാണെങ്കിലും, ഈ രാജ്യങ്ങളൊന്നും തന്നെ അതിന്റെ വിപത്തില്‍ നിന്ന് മുക്തരല്ല. കാരണം, അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ഇ-മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായാണ് മൂന്നാം ലോക രാജ്യങ്ങളെ കാണുന്നത്. പല വിധത്തില്‍ ഇവര്‍ കുത്തകകള്‍ക്ക് വിധേയരായതുകൊണ്ട് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്നു. ഈ അനിയന്ത്രിതമായ കടന്നുകയറ്റത്തെ ചെറുക്കാന്‍ വേണ്ടി, 1992-ല്‍ ബേസല്‍ കണ്‍വെന്‍ഷന്‍ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. പരിസ്ഥിതി സംരക്ഷണ നിയമം എങ്ങനെയെല്ലാമാണോ കുത്തകകള്‍ കാറ്റില്‍ പറത്തിയത് അത്തരം സമീപനങ്ങള്‍ തന്നെയാണ് ഇ-മാലിന്യങ്ങളുടെ കാര്യത്തിലും അവര്‍ സ്വീകരിച്ചത്. ലോകത്തെ 184-ല്‍പരം രാജ്യങ്ങള്‍ അംഗീകരിച്ച ഇ-മാലിന്യ സംസ്‌കരണ നിലപാടുകളെ തുരങ്കം വെക്കാനും അവ നിയമപ്രാബല്യത്തോടെ അംഗീകരിക്കാതെ താന്‍പോരിമ കാട്ടാനുമാണ് അമേരിക്ക ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വികസിത രാജ്യത്തേക്കാള്‍ ഇരട്ടി ഇ-മാലിന്യങ്ങളെ പേറേണ്ട ഗതികേടാണ് മൂന്നാം ലോക രാജ്യങ്ങള്‍ക്കുള്ളത്. ആഭ്യന്തരമായി അവര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളെ കൂടാതെ പുറംരാജ്യങ്ങളില്‍ നിന്ന് നിക്ഷേപിക്കപ്പെടുന്നവയും ഉള്‍പ്പെടുമ്പോള്‍ ശരിക്കും ആ രാജ്യം ഇ-മാലിന്യ കൂമ്പാരമായി മാറുന്നു. ഏഷ്യന്‍ രാജ്യങ്ങളാണ് ഇതിന് അധികവും ബലിയാടാവുന്നത്. ഇന്ത്യയുടെ കാര്യം തന്നെയെടുക്കാം. 2016-ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ഇന്ത്യ ഇ-മാലിന്യ ശേഖരത്തില്‍ അഞ്ചാം സ്ഥാനത്താണ്. അതായത് ഓരോ വര്‍ഷവും 18.5 ലക്ഷം ടണ്‍ മാലിന്യം ഇവിടെ ഉണ്ടാവുന്നുണ്ടത്രെ! ഈ കണക്കില്‍ ഏറെയും ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നും വരുന്നതാണ്. മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ കുതിക്കുമ്പോള്‍, 12 കോടി മൊബൈല്‍ ഫോണുകള്‍ ഇ-മാലിന്യമായി മാറ്റുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കോസ്റ്റ്യൂം ജ്വല്ലറികളുടെ കണക്കും ചെറുതല്ല. സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും നിര്‍മിക്കുന്നതിലും നാം പിറകിലല്ലല്ലോ. പല ജ്വല്ലറി ആഭരണങ്ങളിലും ലെഡ് വലിയ ഘടകമാണ്. അനുവദിക്കപ്പെട്ടതിനേക്കാള്‍ 27 ശതമാനത്തിലേറെ ലെഡുകള്‍ ഇത്തരം ആഭരണ ഫാക്ടറികളില്‍ ഉപയോഗിക്കുന്നു. പക്ഷേ, അതിനെതിരെ നിയമനടപടികള്‍ എടുത്തുതുടങ്ങിയിട്ടില്ല. അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളാണ് ഇത്തരം ജ്വല്ലറി ആഭരണങ്ങളുടെ ഉപഭോക്താക്കള്‍ എന്നതിനാല്‍ രോഗം വരാനുള്ള സാധ്യത ഏറെയാണ്. ചെറിയ അളവില്‍ വരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ലെഡ് കൂടുമ്പോഴുണ്ടാവുന്ന ശാരീരിക പ്രശ്‌നങ്ങളെ നാം കണ്ടില്ലെന്ന് നടിച്ചുകൂടാ. ഉയര്‍ന്ന രക്തസമ്മര്‍ദവും വൃക്ക തകരാറും ഉണ്ടാക്കുന്നവയാണ് ലെഡ്. കുട്ടികളില്‍ ലെഡിന്റെ അംശം കൂടുമ്പോള്‍ സ്വഭാവത്തിലും പഠനത്തിലും വൈകല്യം നേരിടുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കളിക്കുന്ന കുട്ടികള്‍ അബദ്ധവശാല്‍ ഇത്തരം ആഭരണങ്ങള്‍ വിഴുങ്ങുകയോ വായില്‍ വെക്കുകയോ ചെയ്താല്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങുമെന്ന് വൈദ്യലോകം മുന്നറിയിപ്പ് നല്‍കുന്നു.
ഇ-മാലിന്യങ്ങള്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭ വിഷയത്തിലേക്ക് തങ്ങളുടെ ശ്രദ്ധ കൊടുത്തത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പഠന-നിരീക്ഷണങ്ങള്‍ നടത്താന്‍ അവര്‍ തയ്യാറായി. ഐക്യരാഷ്ട്ര സര്‍വകലാശാല ഇതിനായി സംഘങ്ങളെ നിയമിക്കുകയും അവര്‍ പഠനാന്തരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഏഷ്യയിലെ റീജിണല്‍ ഇ-വേസ്റ്റ് മോണിറ്ററിന്റെ കണക്കു പ്രകാരം ചൈനയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് ഇ-മാലിന്യം ഇരട്ടിയായതായി കണ്ടെത്തി. ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിര്‍മിതിയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വിപണി വിപുലീകരണവുമാണ് ഇതിന് കാരണമായത്. ഹോങ്കോങ്ങില്‍ മാത്രം ഒരു വ്യക്തിക്ക് 21.7 കിലോഗ്രാം കണക്കില്‍ ഇ-മാലിന്യമുണ്ടത്രെ. ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍-തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കഥ പറയാതിരിക്കുന്നതാണ് ഭേദം. വിയറ്റ്‌നാമും ഫിലിപ്പൈന്‍സും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഈ കാര്യത്തില്‍ അല്‍പം പിറകിലാണ്. അവരുടെ ശക്തമായ ഇടപെടലും ആധുനിക വ്യവസായങ്ങളുടെ നിയന്ത്രണവുമാണ് ഇതിന് കാരണം.
ഒരര്‍ഥത്തില്‍ നാം താമസിക്കുന്ന വീട് തന്നെ ഇ-മാലിന്യത്തിന്റെ ഒരു ചെറിയ പതിപ്പാണ്. ഫ്രിഡ്ജ് മുതല്‍ ആഭരണങ്ങള്‍ വരെ അതില്‍ വരും. അലക്കാന്‍ ഉപയോഗിക്കുന്ന സോപ്പിലും പാത്രങ്ങള്‍ വൃത്തിയാക്കുന്ന ലോഷനിലും വരെ ഇ-മാലിന്യത്തിന്റെ അംശമുണ്ട്. ലബോറട്ടറികളില്‍ ‘പരിശോധിപ്പിക്കപ്പെട്ടത്’, ‘ചര്‍മത്തിന് അനുഗുണം’ എന്നിങ്ങനെ പരസ്യം ചെയ്ത് വിപണിയില്‍ എത്തുന്ന പല വീട്ടുസാധനങ്ങളിലും സര്‍ക്കാര്‍ അനുവദിച്ചതിന്റെ ഇരട്ടി അനാരോഗ്യകരമായ കെമിക്കലുകള്‍ അടങ്ങിയതാണ്. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കാര്യം അതിലേറെ ഗൗരവമേറിയതാണ്. പെണ്‍കുട്ടികള്‍ പുരികം കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന കണ്‍മഷിയില്‍ പോലും അപകടങ്ങളുണ്ട്.
വികസിത – മുതലാളിത്വ രാജ്യങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം മാലിന്യങ്ങള്‍ യാതൊരു തത്വദീക്ഷിതയുമില്ലാതെ ഏഷ്യന്‍ രാജ്യങ്ങളില്‍ തള്ളുന്നത് ലോകത്തിനിന്ന് പുതിയ ഭീഷണിയാണ്. രഹസ്യമായും പരസ്യമായും അവര്‍ സമുദ്ര ജലത്തെയും ഇങ്ങനെ മലിനപ്പെടുത്തുന്നുണ്ട്. ജലത്തിലോ മണ്ണിലോ ലയിക്കാതെ കിടക്കുന്ന ഇ-മാലിന്യങ്ങള്‍ കാലക്രമത്തില്‍ മനുഷ്യന്റെ ശരീരത്തിലേക്ക് വെള്ളം, ഭക്ഷണം, വായു എന്നീ ഘടകങ്ങളിലൂടെ എത്തിച്ചേരുന്നു. മരുന്ന് കണ്ടുപിടിക്കാത്ത പല മാരക രോഗങ്ങളുടെയും മൂല കാരണം ഇ-മാലിന്യങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. ലോകത്ത് ഒരു വര്‍ഷം 200-250 ലക്ഷം ടണ്‍ ഇ-മാലിന്യം ഉണ്ടാവുന്നതായി ഔദ്യോഗിക കണക്കുണ്ട്. ഇതിലും എത്രയോ വരും അനൗദ്യോഗിക കണക്ക്. ഇവയെല്ലാം സംസ്‌കരിക്കാനും പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തില്‍ മാറ്റാനും കഴിയുമ്പോള്‍ മാത്രമേ നമുക്ക് അല്‍പ്പമെങ്കിലും ആശ്വസിക്കാന്‍ കഴിയൂ.