മദ്യശാലകളുടെ അടച്ചുപൂട്ടല്‍; വരുമാന നഷ്ടത്തിന്റെ ആശങ്കയില്‍ സര്‍ക്കാര്‍

Posted on: April 4, 2017 12:45 am | Last updated: April 3, 2017 at 11:22 pm

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടിയത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സര്‍ക്കാര്‍. പാതയോരത്തെ മദ്യശാലകളുടെ നിരോധനത്തിലൂടെ സംസ്ഥാന സര്‍ക്കാറിന് 4000 മുതല്‍ 5000 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന പ്രാഥമിക കണക്കുകൂട്ടലിലാണ് ധനവകുപ്പ്.
ഇക്കാര്യം തുറന്നു പറഞ്ഞ് ധനമന്ത്രി ടി എം തോമസ് ഐസക് തന്നെ രംഗത്തു വന്നു.

വരുമാന നഷ്ടം സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. പ്രതിസന്ധി മറികടക്കാന്‍ എല്ലാ വഴിയും ആലോചിക്കുകയാണ്. സര്‍ക്കാറിന് മുന്നില്‍ ഉണ്ടായിരുന്ന വരുമാനം ഇല്ലാതായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വരുമാനം മുന്നില്‍ കണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇതോടെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യവില്‍പ്പന ശാലകളും ബാറുകളും പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടില്ലെങ്കിലും ദേശീയ, സംസ്ഥാന പാതയോരത്തുള്ള ഇവ മാറ്റി സ്ഥാപിക്കാനാകാത്ത സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ ഫലത്തില്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വിറ്റുവരവും ലാഭവിഹിതവും ആവശ്യമുള്ള ഘട്ടത്തില്‍ മുന്‍കൂര്‍ നികുതിയുമായി സര്‍ക്കാറിന്റെ ഖജനാവിലേക്ക് എത്തിക്കൊണ്ടിരുന്ന പ്രധാന വരുമാന സ്രോതസാണ് ഒരു സുപ്രഭാതത്തില്‍ നിലച്ചത്.അതു കൊണ്ടു തന്നെ ഒറ്റയടിക്ക് 5000 കോടിയുടെ വരുമാന നഷ്ടം എപ്രകാരം മറികടക്കുമെന്നതിന് വ്യക്തമായ ഉത്തരമൊന്നും സര്‍ക്കാറിന് മുന്നിലില്ല. പുതിയ സാധ്യതകള്‍ തേടുക എന്നതിനേക്കാള്‍ സര്‍ക്കാറിന് പ്രതിസന്ധിയാകുക ലഭ്യമായിക്കൊണ്ടിരുന്ന മാര്‍ഗങ്ങള്‍ അടഞ്ഞു പോയതാകും.
വില്‍പ്പനശാലകള്‍ അടച്ചിടുന്നതോടെ ഒരു ദിവസം 15 കോടിയുടെ നഷ്ടമാണ് സര്‍ക്കാറിന് ഉണ്ടാകുക. ഇതു മാത്രമല്ല. പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ബാര്‍/കള്ളുഷാപ്പുകളുടെ മുന്‍കൂര്‍ ലൈസന്‍സ് ഇനത്തില്‍ വാങ്ങിയ 15കോടിയോളം രൂപ സര്‍ക്കാറിന് തിരികെ നല്‍കേണ്ടതായി വരും. കിഫ്ബി വഴി പണം സമാഹരിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ പലതും മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന ഉറപ്പുള്ള പണത്തെ ആശ്രയിച്ചായിരുന്നു. ഇത് നിലക്കുന്നതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തുടര്‍ വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും.