Connect with us

International

മെക്‌സിക്കന്‍ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു

Published

|

Last Updated

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ 27 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന പത്രം ഇനി മുതല്‍ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്നാണിത്. നോര്‍ട് ദി സ്യുദാദ് ജോരെസ് എന്ന പത്രമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് സുരക്ഷ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണിതെന്ന് പത്രത്തിന്റെ ഡയറക്ടര്‍ പറഞ്ഞു.

നോര്‍ടിനായി ജോലിചെയ്യുകയായിരുന്ന ഒരു മാധ്യമപ്രവര്‍ത്തക വെടിയേറ്റ് കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കകമാണ് ഡയറക്ടര്‍ ഒസ്‌കാര്‍ കാന്റെയുടെ പ്രഖ്യാപനം. സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് നോര്‍ടെയിലും ഇവരുടെ മറ്റൊരു പ്രസിദ്ധീകരണമായ ല ജോര്‍നാദയിലുമെഴുതിയ 54കാരിയായ മിറോസ്‌ലാവ ബ്രീച്ച് ആണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കവെ അജ്ഞാതരുടെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത്. എല്‍ പൊളിറ്റികൊ ന്യൂസ് പോര്‍ട്ടലിന്റെ ഡയറക്ടര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 149ാം സ്ഥാനമാണ് മെക്‌സിക്കോക്കുള്ളത്. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് വര്‍ധിച്ചുവരികയാണ്. 1992 മുതല്‍ രാജ്യത്ത് 38 മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്തതിന് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സി പി ജെ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest