ഉത്തര കൊറിയന്‍ ആണവ ഭീഷണി: ഒറ്റക്ക് നേരിടുമെന്ന് അമേരിക്ക

Posted on: April 3, 2017 11:14 pm | Last updated: April 3, 2017 at 11:14 pm

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണികളെ അമേരിക്ക ഒറ്റക്ക് കൈകാര്യം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുടെ സഹായത്തോടെയോ സഹായമില്ലാതെയോ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര കൊറിയന്‍ ആണവ പ്രശ്‌നം പരിഹരിക്കാന്‍ ചൈന മുന്നോട്ടുവരുന്നില്ലെങ്കില്‍ അമേരിക്കക്ക് അത് സാധിക്കും. അത് മാത്രമാണ് ഇത് സംബന്ധമായി പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ മുന്നോടിയായാണ് ട്രംപിന്റെ ഈ പ്രസ്താവന. ചൈനക്ക് ഉത്തര കൊറിയക്ക് മേല്‍ വലിയ സ്വാധീനമാണുള്ളത്. വടക്കന്‍ കൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ചൈന വേണമെങ്കില്‍ സഹായിച്ചേക്കും. അല്ലെങ്കില്‍ അവര്‍ സഹായിച്ചേക്കില്ല. ചൈന കൂടി സഹകരിക്കുകയാണെങ്കില്‍ അതവര്‍ക്ക് കൂടി ഗുണകരമാകും. അല്ലാത്തപക്ഷം, ആര്‍ക്കെങ്കിലും ഒരു പക്ഷത്തിന് മാത്രമേ അത് ഗുണകരമാകൂ എന്നും ട്രംപ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം പ്രതികരിച്ചിട്ടുമില്ല. എന്ത് നടപടികളാണ് ഇത് സംബന്ധമായി സ്വീകരിക്കുകയെന്നതിനെ കുറിച്ചും അദ്ദേഹം മൗനം പാലിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നടത്തിയ ഏഷ്യന്‍ പര്യടനത്തിനിടെ, സായുധ നടപടി പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയ ആണവായുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കുമെന്ന് ഒരു മാസം മുമ്പ് യു എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുകയാണെങ്കില്‍ അത് വന്‍ ആള്‍നാശത്തിനും മറ്റും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കക്കെതിരെ ഭീഷണിയുയര്‍ത്തുന്ന ഉത്തര കൊറിയക്കെതിരെ സൈനിക നടപടി എന്ന ആലോചന പതിറ്റാണ്ടുകളായി നടന്നുവരുന്നതാണ്. എന്നാല്‍ നയതന്ത്ര നീക്കങ്ങളിലൂടെയും മറ്റും ഉത്തര കൊറിയ ഇത്തരം നടപടികളെ പ്രതിരോധിച്ചുവരികയാണ്. നിലവില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഉത്തര കൊറിയക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ ആണവ പരിപാടികളെയും സാമ്പത്തിക സ്രോതസ്സുകളെയും ലക്ഷ്യം വെച്ചുള്ളതാണ് ഉപരോധങ്ങളെല്ലാം.
ഉത്തര കൊറിയ ഘട്ടംഘട്ടമായി അമേരിക്കയുടെ പ്രധാന ഭൂപ്രദേശങ്ങള്‍ ആക്രമിക്കാനുള്ള ആണവ മിസൈലുകള്‍ വികസിപ്പിക്കുമെന്ന ഭയം അമേരിക്കക്കുണ്ട്.