മനുഷ്യനെ കൂട്ടിയിണക്കുന്നതാകണം ഭാഷകള്‍ : സമദാനി

Posted on: April 3, 2017 9:55 pm | Last updated: April 3, 2017 at 8:29 pm

കാസര്‍കോട്: ഭാഷകള്‍ മനുഷ്യനെ കൂട്ടിയിണക്കുന്നതാകണമെന്നും ഒരു ഭാഷയും ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് പഠിപ്പിക്കുന്നതെന്നും അഞ്ചുമന്‍ തര്‍ക്കി ഉറുദു സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. തഹ്‌രീകെ ഉറുദു കേരളയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് അസീം മണിമുണ്ട നയിക്കുന്ന കേരള ഉര്‍ദു യാത്രയുടെ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരില്‍ ആരെങ്കിലും അതിക്രമം കാണിച്ചാല്‍ അതിന് മതത്തിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളും മഹത്തരമാണ്. നമ്മുടെ വൈവിധ്യം നമുക്ക് വൈവിധ്യമായിത്തന്നെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അതിന് സ്‌നേഹത്തിന്റെയും സംഗീതത്തിന്റെയും ബഹുസ്വരതയുടെയും ഭാഷയായ ഉറുദുവിന് സാധിക്കും. ഉറുദു ഇന്ത്യയുടെ ആത്മാവാണ്. സ്വാതന്ത്ര്യ സമരത്തിന് ജീവന്‍ നല്‍കിയ ഭാഷയാണ് ഉറുദുവെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
ഉപ്പള പ്രേംചന്ദ് നഗറില്‍ ഉറുദു അക്കാദമി ചെയര്‍മാന്‍ ഹാജി ബി എസ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പി ബി അബ്ദുര്‍റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
എസ് സി ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. ഫൈസല്‍ മാവുള്ളടത്തില്‍ യാത്ര പ്രമേയ പ്രഭാഷണം നടത്തി.