ഫുജൈറയില്‍ ആക്രമണത്തിനിരയായ കുടുംബാംഗങ്ങളെ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Posted on: April 3, 2017 8:59 pm | Last updated: April 3, 2017 at 8:09 pm
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ അബുദാബി കിരീടാവകാശിയും
യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
അല്‍ നഹ്‌യാന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

അബുദാബി: ഫുജൈറയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്വദേശി കുടുംബാംഗങ്ങളെ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സന്ദര്‍ശിച്ചു.
അബുദാബിയിലെ ഖലീഫ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ മൂന്നരക്കാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ അക്രമ സംഭവം അരങ്ങേറിയത്. ഫുജൈറയിലെ അല്‍ ഫസീല്‍ പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥ, 11 വയസുള്ള മകള്‍, ഒന്‍പതു വയസുള്ള മകന്‍, 29 വയസുള്ള വേലക്കാരി എന്നിവരാണ് പാക്കിസ്ഥാനിയുടെ ആക്രമണത്തിനിരയായത്.
സംഭവത്തില്‍ ഗുരുതര പരുക്കേറ്റ ഗൃഹനാഥ തത്ക്ഷണം മരിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

ആശുപത്രിയിലെത്തിയശൈഖ് മുഹമ്മദ് ചികിത്സയില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ സുഖവിവരം അന്വേഷിക്കുകയും ക്ഷേമത്തിന്നായി പ്രാര്‍ഥിക്കുകയും ചെയ്തു. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പെടെ പ്രമുഖരുടെ സംഘം ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.