Connect with us

Kerala

സംസ്ഥാനത്ത് 1956 മദ്യശാലകള്‍ പൂട്ടി; ബീവറേജസ് ഔട്‌ലെറ്റുകളും പൂട്ടിത്തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് 1956 മദ്യശാലകള്‍ക്ക് പൂട്ട് വീണു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ പൂട്ടിയത്. 295 എണ്ണം. ഏറ്റവും കുറവ് വയനാട്ടിലാണ് 25 എണ്ണം. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം-84, കൊല്ലം- 103, പത്തനംതിട്ട-54, ആലപ്പുഴ-168, കോട്ടയം-144, ഇടുക്കി-195, തൃശൂര്‍-251, പാലക്കാട്-204, കോഴിക്കോട്- 95, മലപ്പുറം-77, കണ്ണൂര്‍ -105, കാസര്‍കോട്-64.

സ്റ്റാര്‍ ഹോട്ടലുകളിലേയും ക്ലബുകളിലേയും മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് പിന്നാലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ലറ്റുകളും പൂട്ടിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈ ഡേക്ക് ശേഷമുള്ള ആദ്യ ദിനം സ്റ്റോക്കെടുത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന-ദേശീയ പാതയോരങ്ങളിലുളള ബിവറേജസ് ഔട്ലറ്റുകള്‍ പൂട്ടി. ബാറുകളിലേയും ക്ലബുകളിലെയും മദ്യ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

കോടതി വിധിയില്‍ പറയുന്ന മാനദണ്ഡം പാലിക്കാതെ പാതയോരത്ത് 134 ഔട്‌ലറ്റുകളുണ്ട്. ഇവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കും തിരിച്ചടി നേരിടുകയാണ്. അതിനിടെ സുപ്രീം കോടതി വിധിയെ മന്ത്രി ജി സുധാകരന്‍ പരോക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാറിന്റെ വരുമാന നഷ്ടവും സാമൂഹ്യ പ്രത്യാഘാതങ്ങളുമൊന്നും കോടതിക്ക് പ്രശ്‌നമല്ലല്ലോ എന്നായിരുന്നു എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്റെ പ്രതികരണം. കോടതി വിധി നടപ്പാക്കുകയല്ലാതെ തല്‍കാലം നിവര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.