ഫലസ്തീന്‍: പോംവഴി ബഹിഷ്‌കരണം മാത്രം

അമേരിക്കയും കൂട്ടാളികളും എക്കാലവും വാദിച്ചു പോന്നത് ഇരു രാഷ്ട്രപരിഹാരത്തിനാണ്. ഇസ്‌റാഈലിന് അനുകൂലമായ ഒരു വീതം വെപ്പാണ് അതെന്ന് തിരിച്ചറിവുള്ളത് കൊണ്ടാണ് ഹമാസ് എതിര്‍ത്തത്. അനീതിയാണെന്നറിഞ്ഞിട്ടും ഫലസ്തീന്‍ അതോറിറ്റി അതിനെ പിന്തുണച്ചു. ഒടുവില്‍ അത്രയെങ്കിലുമാകട്ടേ എന്ന തീരുമാനത്തില്‍ ഹമാസും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ആ സാധ്യതയും അടയ്ക്കാനാണ് ട്രംപിസത്തിന്റെ പിന്തുണയോടെ ഇസ്‌റാഈല്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഒരു അന്താരാഷ്ട്ര സമിതിക്കും അതിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ മാനവ ചരിത്രം ഒരു കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ അവസാനിക്കില്ല. പുതിയ രൂപങ്ങള്‍ പിറന്ന് കൊണ്ടേയിരിക്കും. 2005ല്‍ തുടങ്ങിയ ബി ഡി എസ് പ്രസ്ഥാനം ഇതിന് നിദര്‍ശനമാണ്. വ്യക്തിപരവും സംഘടനാപരവും രാഷ്ട്രീയവുമായ ബഹിഷ്‌കരണം മാത്രമായിരിക്കും പോംവഴി.
ലോകവിശേഷം
Posted on: April 2, 2017 8:31 pm | Last updated: April 2, 2017 at 8:31 pm

ലോകത്തിന് ഫലസ്തീനെക്കുറിച്ചോര്‍ത്ത് വിലപിക്കാന്‍ കുഞ്ഞുങ്ങളുടെ ചോര തന്നെ വേണം. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ നരമേധത്തില്‍ മരിച്ചു വീണ കുഞ്ഞുങ്ങളുടെ മയ്യിത്തുകള്‍ പരമാവധി വിഷ്വല്‍ ഇംപാക്‌ടോടെ മുഴുനീള ചിത്രങ്ങളായി കിട്ടുമ്പോള്‍ മാത്രമാണ് ആഗോള മാധ്യമ ഭീമന്‍മാര്‍ക്ക് ഫലസ്തീന്‍ തലക്കെട്ടാവുന്നത്. പ്രത്യക്ഷ ആക്രമണത്തിന്റെ ഇടവേളകളില്‍ ഈ ഇത്തിരി മണ്ണില്‍ എന്ത് നടക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. നിരന്തരമായ ആക്രമണത്തിന്റെയും ആട്ടിയോടിക്കലിന്റെയും അധിനിവേശത്തിന്റെയും നടുവിലാണ് ഫലസ്തീന്‍ ജനത ജീവിക്കുന്നത്. അവരുടെ മണ്ണ് ദിനം പ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അവരുടെ കുട്ടികള്‍ ഓരോ ദിവസവും മരിച്ചു വീഴുന്നു. പാര്‍പ്പിടങ്ങള്‍ ഏത് നിമിഷവും തകര്‍ക്കപ്പെടും. കുടിവെള്ളം പോലും ശേഖരിക്കാനാകാത്ത വിധം അവര്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ അടയും. ഇസ്‌റാഈല്‍ സൈനികരുടെ ആജ്ഞകള്‍ക്ക് വഴിപ്പെട്ടു കൊണ്ടല്ലാതെ ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും മനുഷ്യര്‍ക്ക് ദിവസങ്ങള്‍ തള്ളിനീക്കാനാകില്ല. ഈ ദുരവസ്ഥ ‘ദി അദര്‍ സൈഡ് ഓഫ് ഇസ്‌റാഈല്‍’ എന്ന തന്റെ രചനയില്‍ അങ്ങേയറ്റം വൈകാരികമായി സൂസന്‍ നഥാന്‍ കുറിക്കുന്നുണ്ട്: ഞാനൊരിക്കലും ഗാസാ ചീന്തില്‍ കടന്നിട്ടില്ല. 12 ലക്ഷം ഫലസ്തീനികള്‍ കഴിയുന്ന ഇവിടെ പ്രവേശിക്കുക എളുപ്പമല്ല. ഇസ്‌റാഈലി സൈനികര്‍ക്കും ഗാസയിലെ ജൂത കുടിയേറ്റക്കാര്‍ക്കും മാത്രമേ അങ്ങോട്ട് കടക്കാന്‍ അനുവാദമുള്ളൂ. ഗാസക്ക് ചുറ്റും വൈദ്യുതി വേലി കെട്ടിയിട്ടുണ്ട്. അതിന്റെ ചെറിയ കടല്‍ തീരത്ത് സദാ ഇസ്‌റാഈലി പട്ടാള ബോട്ടുകള്‍ റോന്ത് ചുറ്റുന്നുണ്ടാകും. തുറന്ന ഒരു ജയില്‍. അവിടേക്ക് കടക്കുന്ന പത്രക്കാരും നയതന്ത്ര പ്രതിനിധികള്‍ പോലും ഒരു അനുമതി പത്രം ഒപ്പിട്ട് കൊടുക്കണം. വെടികൊണ്ടാല്‍ ഇസ്‌റാഈല്‍ സൈന്യത്തിന് അതില്‍ ഉത്തരവാദിത്വമുണ്ടാകുകയില്ലെന്ന്. അതിനാല്‍ ഗാസയിലെ കൊടും ക്രൂരതകള്‍ പുറം ലോകം അധികമൊന്നും അറിയാന്‍ പോകുന്നില്ല. ടണലുകള്‍ വഴി ആയുധം കടത്തുന്നത് തടയാനെന്ന പേരില്‍ അനേകം വീടുകള്‍ ഗാസയില്‍ പട്ടാളം തകര്‍ത്ത് കളഞ്ഞിട്ടുണ്ട്…… എയ്റ്റല്‍ ഗാസയിലായിരുന്നുവെന്നറിഞ്ഞപ്പോള്‍ അവിടുത്തെ സ്ഥിതിഗതികള്‍ നേരിട്ട് അറിയാന്‍ എനിക്ക് താത്പര്യം തോന്നി. എങ്ങനെയുണ്ടായിരുന്നു ഗാസയില്‍? ഞാന്‍ ചോദിച്ചു. ‘ഞങ്ങള്‍ കവചിത ടാങ്കിനകത്താണ്. ചുറ്റുവട്ടം കാണുന്നത് എട്ടിനും 14നും ഇടക്ക് പ്രായമുള്ള നൂറു കണക്കിന് കുട്ടികളെയും. അവര്‍ ടാങ്കിന് നേരെ കല്ലെറിയുകയാണ്. എന്നാലും സത്യസന്ധമായി പറഞ്ഞാല്‍ പേടി തോന്നില്ല. കാരണം ഞങ്ങള്‍ ടാങ്കിനുള്ളിലാണല്ലോ. അപ്പോള്‍ കല്‍പ്പന കിട്ടും; വെടി വെക്കാന്‍. ഒന്നു കൂടി വ്യക്തമാകാന്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ പറയുന്നത്, നിങ്ങള്‍ക്ക് ഒരു ഭീഷണിയും ആകാത്ത, സ്വയം രക്ഷിക്കാന്‍ ആകാത്ത കുട്ടികളെ വെടിവെക്കാന്‍ നിങ്ങള്‍ക്ക് കല്‍പ്പന കിട്ടിയെന്നാണോ? കുറച്ച് നേരത്തേക്ക് പൂര്‍ണ നിശ്ശബ്ദതയായിരുന്നു. പിന്നെ കേള്‍ക്കാനാകാത്ത വിധം പതിഞ്ഞ ഒച്ചയില്‍ അയാള്‍ പറഞ്ഞു: അതേ. (അദര്‍ ബുക്‌സ്)
ഇതാണ് സ്ഥിതി. എന്നിട്ടും ഫലസ്തീന്‍ ജനത കാത്തിരിക്കുന്നു, എന്നെങ്കിലും ഒരിക്കല്‍ രാഷ്ട്രം സാധ്യമാകുമെന്ന്. ഇസ്‌റാഈല്‍ കവര്‍ന്നെടുത്ത മുഴുവന്‍ ഇടവും തിരികെ തന്നാല്‍ ജൂത രാഷ്ട്രം ഉണ്ടാകില്ല. അങ്ങനെയൊരു സ്വപ്‌നം ഫലസ്തീനിലെ അറബ് സമൂഹത്തിനില്ല. പണ്ട് ബ്രിട്ടന്റെ കുടില തന്ത്രത്തില്‍ ഇവിടെ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ കാണിച്ച അതേ വിശാലത ഇന്നും അവര്‍ കാണിക്കുന്നു. ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയ ഈ ജനത ആ ആപല്‍ബാന്ധവത്വത്തിന്റെ നിര്‍വൃതിയില്‍ ഇന്ന് ആവശ്യപ്പെടുന്നത് ഇരു രാഷ്ട്ര പരിഹാരം മാത്രമാണ്. 1967ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമും അധിനിവിഷ്ട വെസ്റ്റ്ബാങ്കും തിരിച്ച് കിട്ടണം. അങ്ങനെ ഗാസയും ഈ പ്രദേശങ്ങളും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം പടുത്തുയര്‍ത്തണം. പഴയ ഇന്‍തിഫാദകളിലേക്ക് അവര്‍ നീങ്ങുന്നില്ല. യാസര്‍ അറഫാത്ത് അവസാന കാലത്ത് കാണിക്കുകയും വിശ്വസ്ത ശിഷ്യന്‍ അബൂ മാസന്‍ (മഹ്മൂദ് അബ്ബാസ്) പിന്തുടരുകയും ചെയ്ത ചര്‍ച്ചയുടെ വഴിയിലാണ് ഈ ജനത ഇന്ന്. അവര്‍ അന്താരാഷ്ട്ര സമിതികളില്‍ വിശ്വാസമര്‍പ്പിക്കുന്നു. യു എന്‍ പ്രമേയങ്ങളില്‍ അവര്‍ ആശ്വാസം കൊള്ളുന്നു. അങ്ങനെയാണ് ജനുവരി തുടക്കത്തില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ 2334ാം പ്രമേയത്തെ ഫലസ്തീന്‍ ജനത ആഘോഷിച്ചത്. ഫലസ്തീന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന ജൂത കുടിയേറ്റ ഭവനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ പ്രമേയം. ഇത്തരമൊരു പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ചു. യു എസ് വിട്ടു നിന്നു. പ്രമേയം പാസ്സായി. വിപ്ലവകരമായിരുന്നു ആ വിട്ടു നില്‍ക്കല്‍. ഫലസ്തീന്‍ രാഷ്ട്രത്തിനായി ബരാക് ഒബാമ നടത്തിയ അസംഖ്യം പ്രസംഗങ്ങള്‍ അദ്ദേഹത്തിലുണ്ടാക്കിയ മനസ്സാക്ഷിക്കുത്തില്‍ നിന്നാണ് ഈ വിട്ടുനില്‍ക്കല്‍ പിറന്നത്. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഒരു ഗുണവുമില്ലെന്ന് ഉറപ്പുണ്ടായിട്ടും, ഒബാമ നടത്തിയ ഇടപെടലാണ് റസല്യൂഷന്‍ 2334ന് വഴിയൊരുക്കിയത്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തീവ്രവലതുപക്ഷ സര്‍ക്കാറാണ് ഇസ്‌റാഈല്‍ ഭരിക്കുന്നതെന്ന് ജോണ്‍ കെറിയെക്കൊണ്ട് പറയിക്കുകയും ചെയ്തു അദ്ദേഹം. അതിന് മറുപടി പറഞ്ഞത് രണ്ട് പേരാണ്. ഒന്ന് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ. ജനുവരി 20 അത്ര ദൂരെയൊന്നുമല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനുവരി 20 ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ഇനാഗ്രേഷന്‍ നടന്ന തീയതിയാണ്. ഞാന്‍ വരട്ടെ എല്ലാം ശരിയാക്കി തരാം എന്ന് തന്നെ. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രക്‌സിറ്റ് എന്ന അതിദേശീയവാദ ആശയത്തിന്റെ പ്രയോക്താവുമായ തെരേസ മെയ് ആണ് ജൂതരാഷ്ട്രത്തിനായി ഉടവാള്‍ ഊരിയ മറ്റൊരു നേതാവ്. അവര്‍ പറഞ്ഞു: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഇസ്‌റാഈലിലുള്ളത്. അതിനെ ഇങ്ങനെ അധിക്ഷേപിക്കാനാകില്ല. കുടിയേറ്റം എന്ന ഒറ്റ വിഷയത്തില്‍ കടിച്ചു തൂങ്ങി ചര്‍ച്ചകള്‍ വഴി മുട്ടിക്കാന്‍ സമ്മതിക്കില്ല.

ചരിത്രം ക്രൂരമായി ആവര്‍ത്തിക്കുകയാണ്. ജൂത രാഷ്ട്രം രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്ത അതേ ബ്രിട്ടനും അമേരിക്കയും ഫലസ്തീന്‍ എന്ന സ്വപ്‌നത്തെ പോലും തല്ലിക്കെടുത്താന്‍ വഴിയൊരുക്കുകയാണ്. ഈ ആത്മവിശ്വാസത്തിലാണ് ഫെബ്രുവരി ഏഴിന് ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് ‘റഗുലേഷന്‍ ബില്‍’ പാസ്സാക്കിയത്. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. എന്നുവെച്ചാല്‍ യു എന്‍ രക്ഷാസമിതി പ്രമേയത്തിന്റെ നേര്‍ വിപരീതം. കൂടാതെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ബൈബിളിലെ ചില കഥകള്‍ ഉദ്ധരിച്ച് ഈ കുടിയേറ്റങ്ങള്‍ക്ക് മതപരമായ ന്യായീകരണം കൂടി ഒരുക്കുന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശത്തിന് കളമൊരുങ്ങുകയാണ്.

അമേരിക്കയും കൂട്ടാളികളും എക്കാലവും വാദിച്ചു പോന്നത് ഇരു രാഷ്ട്രപരിഹാരത്തിനാണ്. ഇസ്‌റാഈലിന് അനുകൂലമായ ഒരു വീതം വെപ്പാണ് അതെന്ന് തിരിച്ചറിവുള്ളത് കൊണ്ടാണ് ഹമാസ് അതിനെ എതിര്‍ത്തത്. അനീതിയാണെന്നറിഞ്ഞിട്ടും ഫലസ്തീന്‍ അതോറിറ്റി അതിനെ പിന്തുണച്ചു. ഒടുവില്‍ അത്രയെങ്കിലുമാകട്ടേ എന്ന തീരുമാനത്തില്‍ ഹമാസും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ആ സാധ്യതയും അടയ്ക്കാനാണ് ട്രംപിസത്തിന്റെ പിന്തുണയോടെ ഇസ്‌റാഈല്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ജനുവരി 20ന് ശേഷം കാണാമെന്ന ട്രംപിന്റെ വാക്കുകള്‍ അന്വര്‍ഥമായിരിക്കുന്നു. അദ്ദേഹം വന്നതോടെ ഇസ്‌റാഈലിലെ യു എസ് എംബസി ജറൂസലമിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനത്തേക്കാണ് എംബസി പറിച്ചു നടുന്നത്. കിഴക്കന്‍ ജറൂസലം ഒരിക്കലും ഫലസ്തീന് തിരികെ നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇതുവഴി ട്രംപ് ഭരണകൂടം ചെയ്തിരിക്കുന്നത്. സമ്പൂര്‍ണ അപ്പാര്‍ത്തീഡ് രാഷ്ട്രമായി ഇസ്‌റാഈല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. യു എന്‍ രക്ഷാസമിതി പ്രമേയത്തിന് കടലാസ് വില പോലുമില്ലാതായിരിക്കുന്നു.

ഇസ്‌റാഈലിലെ അറബ് സമൂഹം തുല്യാവകാശത്തിനായി നിരന്തരം പോരാട്ടങ്ങള്‍ നടത്തിവരുന്നുണ്ട്. സൂസനെപ്പോലുള്ള എഴുത്തുകാര്‍ ഈ ലക്ഷ്യത്തില്‍ ഐതിഹാസികമായ ചുവടുവെപ്പുകളാണ് നടത്തുന്നത്. അറബികളെ രണ്ടാം തരം പൗരന്‍മാരാക്കുന്ന നിരവധി നിയമങ്ങള്‍ അവിടെ പിറക്കുന്നുമുണ്ട്. ഹോളോകോസ്റ്റിനെ തള്ളിപ്പറയുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം അതിലൊന്നായിരുന്നു. പുറത്തേക്ക് വാതിലുകളില്ലാത്ത രാക്ഷസ കോട്ടയില്‍ അകപ്പെട്ടവരാണ് ഇസ്‌റാഈലിലെ അറബ് വംശജര്‍. അവരുടെ അതേ ഗതിയിലേക്കാണ് ഫലസ്തീനികളെ എടുത്തെറിയാന്‍ പോകുന്നത്. ജൂതരാഷ്ട്രം തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു. പിടിച്ചടക്കിയ ഇടങ്ങളില്‍ നിന്ന് അവര്‍ പിന്‍വാങ്ങില്ല. ഫലസ്തീന്‍ രാഷ്ട്രം വകവെച്ച് കൊടുക്കില്ല. ഒരു അന്താരാഷ്ട്ര നിയമവും പാലിക്കില്ല.

എന്നാല്‍ മാനവ ചരിത്രം ഒരു കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ അവസാനിക്കില്ല. അതിന്റെ പുതിയ രൂപങ്ങള്‍ പിറന്ന് കൊണ്ടേയിരിക്കും. 2005ല്‍ തുടങ്ങിയ ബി ഡി എസ് പ്രസ്ഥാനം ഇതിന് നിദര്‍ശനമാണ്. ബോയ്‌കോട്ട്, ഡിവസ്റ്റ്, സാന്‍ക്ഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ബി ഡി എസ്. ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുക, അവിടെ നിക്ഷേപം നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുക, ഉപരോധം സൃഷ്ടിക്കുക എന്നതാണ് മുദ്രാവാക്യം. ബിഗോട്ടറി, ഡിസ്‌ഹോണസ്റ്റ്, ഷെയിം എന്ന് നെതന്യാഹു പരാവര്‍ത്തനം ചെയ്യുമ്പോഴും ബി ഡി എസ് പ്രസ്ഥാനം ലോകത്താകെ പടരുകയാണ്. ബ്രിട്ടനിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്‌റാഈലുമായുള്ള കരാറുകള്‍ റദ്ദാക്കി. ബൊളീവിയ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഔദ്യോഗിക കരാറുകളില്‍ നിന്ന് തന്നെ പിന്‍വാങ്ങി. നിരവധി കമ്പനികള്‍ ഇസ്‌റാഈലില്‍ നിന്ന് അവരുടെ നിക്ഷേപം പിന്‍വലിച്ചു. ഗാസാ കൂട്ടക്കുരുതിക്ക് പിറകേ ഇസ്‌റാഈലിലെ വിദേശ നിക്ഷേപം 46 ശതമാനം കണ്ടാണ് ഇടിഞ്ഞത്. സ്റ്റീഫന്‍ ഹോകിംഗ്, ആഞ്ചലാ ഡേവിസ് തുടങ്ങിയവര്‍ അക്കാദമിക് ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കി. റോജര്‍ വാട്ടേഴ്‌സിനെപ്പോലുള്ള കലാകാരന്‍മാര്‍ സാംസ്‌കാരിക ബഹിഷ്‌കരണത്തിന് തയ്യാറായി. ആക്ടിവിസ്റ്റുകള്‍ തയ്യാറാക്കിയ പട്ടിക നോക്കി ഇസ്‌റാഈല്‍ ഉത്പന്നങ്ങളെ തങ്ങളുടെ ഉപഭോഗത്തിന് പുറത്താക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. മഹാത്മാ ഗാന്ധിയുടെ അഹിംസയും നിസ്സഹകരണവുമാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചോദനം. ബി ഡി എസിനെ ഇസ്‌റാഈല്‍ ഭരണകൂടം നിസ്സാരമായി തള്ളുന്നില്ല. രാജ്യത്തിനകത്ത് ഈ പ്രസ്ഥാനവുമായി ഏതെങ്കിലും വിധത്തില്‍ സഹകരിക്കുന്നത് കുറ്റകൃത്യമാക്കുന്ന നിയമം 2011ല്‍ പാസ്സാക്കി. ബി ഡി എസില്‍ പങ്കു ചേരുന്ന രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചു. കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി.

പുതിയ സാഹചര്യത്തില്‍ ബി ഡി എസ് പ്രസ്ഥാനം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് ഇസ്‌റാഈലിന് നന്നായറിയാം. അത്‌കൊണ്ടാണ് കഴിഞ്ഞ ആഴ്ച യു എന്‍ ആസ്ഥാനത്ത് അവര്‍ ആന്റി ബി ഡി എസ് ഉച്ചകോടി വിളിച്ച് ചേര്‍ത്തത്. അമേരിക്കയോട് ചേര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ജൂത അനുകൂല ഗ്രൂപ്പുകളുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇറാനും സിറിയക്കും ഉത്തര കൊറിയക്കും എതിരെ എന്ത്‌കൊണ്ട് ബി ഡി എസ് ഇല്ലെന്നാണ് യു എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി ചോദിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയൊന്നും ഇസ്‌റാഈലിനോളം അക്രമി രാഷ്ട്രങ്ങളല്ലെന്നാണ് ഉത്തരം. മിഥ്യകള്‍ക്കും പച്ചനുണകള്‍ക്കും മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്‌റാഈല്‍. സയണിസത്തിന്റെ സൈദ്ധാന്തിക തലവും സമൃദ്ധമായ നുണകളാണ്. ആട്ടിയോടിക്കലിന്റെ ചരിത്രത്തെ നുണകള്‍ കൂടി കൂട്ടിക്കുഴച്ച് പുനരവതരിപ്പിക്കുക വഴിയാണ് സയണിസം ഇന്നത്തെ പ്രഹര ശേഷിയും സൗഹൃദങ്ങളും ആര്‍ജിച്ചത്. അത്‌കൊണ്ട് തന്നെ ആക്രമണങ്ങളുടെയും കൂട്ടക്കുരുതിയുടെയും ക്രൂരമായ നുഴഞ്ഞ് കയറ്റങ്ങളുടെയും ചാരപ്രവര്‍ത്തനത്തിന്റെയും പിന്‍ബലമില്ലാതെ അതിന് നിലനില്‍ക്കാനാകില്ല. ഒരു അന്താരാഷ്ട്ര സമിതിക്കും അതിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അത്‌കൊണ്ട് വ്യക്തിപരവും സംഘടനാപരവും രാഷ്ട്രീയവുമായ ബഹിഷ്‌കരണം മാത്രമായിരിക്കും പോംവഴി.