ബി ജെ പിയുടെ ആരോപണങ്ങള്‍ മണ്ടത്തരം: പി കെ കുഞ്ഞാലിക്കുട്ടി

Posted on: April 1, 2017 2:10 pm | Last updated: April 1, 2017 at 1:44 pm

മലപ്പുറം: തിരഞ്ഞെടുപ്പില്‍ യു ഡി എഫ് – സി പി എം സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന ബി ജെ പിയുടെ ആരോപണം എത്ര വലിയ മണ്ടത്തരമാണെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി.
സി പി എം കമ്മിറ്റി കൂടിയെടുക്കുന്ന തീരുമാനം ആര്‍ക്കെങ്കിലും മാറ്റാന്‍ കഴിയുമോ. രാഷ്ട്രീയത്തിന് അപ്പുറത്തും ബന്ധങ്ങള്‍ മനുഷ്യര്‍ക്കുണ്ടാവുമെന്നും മലപ്പുറം പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വളാഞ്ചേരിയില്‍ വ്യവസായി വി കെ മുഹമ്മദ് അശ്‌റഫ് നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ പോയിരുന്നു. അന്ന് അശ്‌റഫിന്റെ വീട്ടില്‍ മുഖ്യമന്ത്രിയുണ്ടായിരുന്നു. താന്‍ ചെല്ലുമ്പോള്‍ മുഖ്യമന്ത്രി മറ്റ് സി പി എം നേതാക്കള്‍ക്കൊപ്പം പുറത്തേക്ക് ഇറങ്ങി വരികയായിരുന്നെന്നും താന്‍ വീട്ടില്‍ കയറിയിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു വിഷയങ്ങളെ കുറിച്ചും അദ്ദേഹം നിലപാടുകള്‍ തുറന്നു പറഞ്ഞു.

പരാതിയില്‍ കഴമ്പില്ല

തന്റെ നാമനിര്‍ദേശ പത്രികയുടെ പേരിലുള്ള പരാതിയില്‍ കഴമ്പില്ല. ആരോപണമുന്നയിക്കുന്ന ബി ജെ പി തിരഞ്ഞെടുപ്പില്‍ എതിര്‍ക്കാനാണെങ്കില്‍ നേരിട്ടു മത്സരിക്കുകയാണ് വേണ്ടത്. യു ഡി എഫിന്റെ ജയത്തെ ബി ജെ പി ഭയപ്പെടുന്നുണ്ട്. അതിന് വളഞ്ഞ വഴി സ്വീകരിക്കുന്നത് ശരിയല്ല. മുറിവാള് കൊണ്ടല്ല യുദ്ധത്തിനിറങ്ങേണ്ടത്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒമ്പത് സെന്റ് ഭൂമിയുണ്ടെന്നും അതിലെ വികസന പ്രവര്‍ത്തനങ്ങള്‍ എഴുതിയില്ലെന്നുമാണ് ആരോപണം. ഇങ്ങനെ ഒരു ഭൂമി തനിക്കില്ല. എന്നാല്‍ ഇല്ലാത്ത ഒമ്പത് സെന്റ് ഭൂമി എങ്ങനെയാണ് നാമനിര്‍ദേശ പത്രികയിലെഴുതുക. ഇങ്ങിനെയൊരു ഭൂമിയുണ്ടെന്ന് കണ്ടെത്തിയാല്‍ അത് മുഴുവന്‍ മലപ്പുറം പ്രസ് ക്ലബില്‍ നല്‍കാന്‍ തയ്യാറാണ്.

നിയമ നടപടി സ്വീകരിക്കും

പരമ്പരാഗതമായി കുറെ സ്വത്തുള്ളവരാണ് താനും ഭാര്യയും. ഇല്ലാത്ത സ്വത്തുണ്ടെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിയെ മോശമാക്കുന്നത് വലിയ കുറ്റമാണ്. നാമനിര്‍ദേശ പത്രികയുടെ കോളത്തില്‍ ബാധകമല്ലെന്ന് എഴുതാതിരുന്നാല്‍ നിയമമെന്താണ് എന്നതാണ് പ്രശ്‌നം. സൂക്ഷ്മ പരിശോധനാ സമയത്ത് വേണമെങ്കില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കാം. ഈ അവസരം കിട്ടാത്തതിന് താനാണ് പരാതിപ്പെടേണ്ടത്. പത്രിക തള്ളാനാവില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്ക് ബോധ്യമായതോടെയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഇതിനെതിരെ നിയമനടപടികള്‍ കൈകൊള്ളുന്നത് ആലോചിക്കും.

രാജ്യം നേരിടുന്ന ഇന്നത്തെ വിപരീത സാഹചര്യത്തില്‍ മതേതര രാഷ്ട്രത്തില്‍ നിരാശ പടരാന്‍ പാടില്ലെന്ന് മനസിലാക്കിയാണ് മത്സരിക്കാനിറങ്ങുന്നത്.
താന്‍ മത്സരിച്ചാല്‍ ഇതിന് മാറ്റമുണ്ടാകുമോ എന്ന് ചോദിച്ചാല്‍ പലതുള്ളി പെരുവെള്ളം എന്നതാണ് മറുപടി. ഇ അഹ്മദ് നിര്‍വഹിച്ച ദൗത്യം തന്നെയാണ് തനിക്കുമുള്ളത്. ദേശീയ തലത്തില്‍ ബി ജെ പി അല്ലെങ്കില്‍ കോണ്‍ഗ്രസാണ് പ്രബല കക്ഷികള്‍. ബി ജെ പിയുടെ നയം തെറ്റാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് മലപ്പുറത്ത് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഇത്രയേറെ സജീവമായിട്ടുള്ളത്. ഭൂരിപക്ഷം കൂട്ടണമെന്ന് കോണ്‍ഗ്രസിന്റെ കൂടി ആവശ്യമാണ്.

ബി ജെ പി സമ്പന്നരുടെ കൂടെ

ബി ജെ പിയുടെ സാമ്പത്തിക നയം പണക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, സാമ്പത്തിക പിന്നാക്കക്കാര്‍ എന്നിവരെയൊന്നും പരിഗണിക്കുന്ന നയമല്ല കേന്ദ്ര സര്‍ക്കാറിന്റേത്. പാവപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നു. ഇരുപത് കൊല്ലം മോദി മുഖ്യമന്ത്രിയായ ഗുജറാത്തില്‍ കഴിയാത്ത ഡിജിറ്റല്‍ പരിഷ്‌കാരമാണ് പതിനെഞ്ച് കൊല്ലം കൊണ്ട് കേരളത്തില്‍ നടപ്പാക്കിയത്. ഇത്തരം നയങ്ങള്‍ പിന്തുടര്‍ന്ന യൂറോപ്പിന്റെ തകര്‍ച്ച രാജ്യത്തും ആവര്‍ത്തിക്കാനിടയുണ്ടാകരുത്.

ജനങ്ങളെ വിശ്വാസത്തിലെടുക്കണം

ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് ലൈന്‍ തുടങ്ങി ഏത് തരം വികസനവും സാധാരണക്കാരായ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ നടപ്പാക്കാവൂ.

വോട്ടിന്റെ കാര്യത്തില്‍ ഏകാഭിപ്രായം

ആരുടെയെല്ലാം വോട്ടു വേണമെന്ന് ചോദിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ അതേ മറുപടി തന്നെയാണ് എന്റേതും. സാമുദായിക ധ്രുവീകരണ ചര്‍ച്ചകള്‍ കൂടുതല്‍ നടത്താതിരിക്കുന്നതാണ് നല്ലത്. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും എല്ലാവരെയും ഒരു പോലെയാണ് കാണാറുള്ളത്. നല്ല ഭൂരിപക്ഷം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ.