ഭൂമി കൈയേറ്റം: രാജേന്ദ്രന് പിന്നാലെ ജോയ്‌സ് ജോര്‍ജും സംശയത്തിന്റെ നിഴലില്‍

Posted on: April 1, 2017 10:59 am | Last updated: April 1, 2017 at 10:35 am

കൊച്ചി: മൂന്നാറിലെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം എം എല്‍ എ. എസ് രാജേന്ദ്രന്‍ ആരോപണവിധേയനായതിന് പിന്നാലെ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജും സംശയത്തിന്റെ നിഴലില്‍. മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ കൈവശം വെച്ചിരിക്കുന്ന എട്ട് സെന്റ് ഭൂമിയുടേത് വ്യാജ പട്ടയമാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ സാഹചര്യം നിലനില്‍ക്കുന്ന ജോയ്‌സ് ജോര്‍ജ് എം പിയും സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.
2000 മുതല്‍ 2003 വരെ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ ചേര്‍ന്നിട്ടില്ലെന്നിരിക്കെ 2001 ലാണ് എസ് രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയം ലഭിച്ചതെന്നതാണ് ഭൂമി കൈയേറ്റം സംബന്ധിച്ച സംശയം ഉയര്‍ന്നത്. ഒപ്പം ഇതേ കാലയളവില്‍ തന്നെയാണ് ജോയ്‌സ് ജോര്‍ജിന്റെ കൊട്ടകാമ്പൂരിലെ ഭൂമിക്ക് പട്ടയം ലഭിച്ചിരിക്കുന്നുവെന്നതാണ് സംശയമുന ജോയ്‌സ് ജോര്‍ജിന് നേരെയും നീളുന്നത്.

മൂന്നാറില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ ചേരാതെ എങ്ങനെയാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കെ രാജേന്ദ്രന്റെ ഭൂമിക്ക് സമാനമായി, പതിച്ചു നല്‍കാന്‍ സാധിക്കാത്ത ഭൂമിയാണ് ജോയ്‌സ് ജോര്‍ജ് എം പിയും കൈവശം വെച്ചിരിക്കുന്നത്. ആറ് പട്ടിക ജാതിക്കാര്‍ക്ക് ലഭിച്ച ഭൂമിയാണ് ഇപ്പോള്‍ ജോയ്‌സ് ജോര്‍ജ് കൈവശം വെച്ചിരിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഈ ഭൂമി വിലകൊടുത്ത് വാങ്ങി എന്നാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വിശദീകരണം.

അതേസമയം പട്ടയം നല്‍കിയത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണ് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവര്‍ ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതിന്റെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.