ആലപ്പുഴയില്‍ നിന്ന് ഇനി നാല് മന്ത്രിമാര്‍

Posted on: April 1, 2017 10:31 am | Last updated: April 1, 2017 at 3:07 pm
തോമസ് ചാണ്ടി കുടുംബാംഗങ്ങളോടൊപ്പം

ആലപ്പുഴ: എ കെ ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലേക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന എന്‍ സി പി യുടെ ആവശ്യം മുഖ്യമന്ത്രിയും സി പി എമ്മും അംഗീകരിച്ചതോടെ ജില്ലക്ക് ഈ മന്ത്രിസഭയില്‍ നാല് മന്ത്രിമാരായി. കുട്ടനാട്ടുകാര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്ക് ആദ്യമായെത്തുന്ന മന്ത്രിയാണ് തോമസ് ചാണ്ടി. കുട്ടനാട് ഉള്‍ക്കൊള്ളുന്ന മാവേലിക്കര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കൊടിക്കുന്നില്‍ സുരേഷ് നേരത്തെ കേന്ദ്ര മന്ത്രിയായിട്ടുണ്ടെങ്കിലും സംസ്ഥാന മന്ത്രിസഭയിലേക്ക് കുട്ടനാട്ടില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ കടന്നുവരുന്നത്.
നാല് മന്ത്രിമാര്‍ മൂന്ന് പ്രധാന പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്നതാണെന്നതും പ്രത്യേകതയാണ്. നിലവില്‍ സി പി എമ്മിലെ ഡോ. തോമസ് ഐസക്ക്, ജി സുധാകരന്‍, സി പി ഐയിലെ പി തിലോത്തമന്‍ എന്നിവര്‍ മന്ത്രിസഭാംഗങ്ങളാണ്. മൂവരും സമീപ മണ്ഡലങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. കുട്ടനാട്ടില്‍ നിന്ന് തോമസ് ചാണ്ടി കൂടി മന്ത്രിയായെത്തുന്നതോടെ നാല് അയല്‍ മണ്ഡലങ്ങള്‍ മന്ത്രി മണ്ഡലങ്ങളാകുന്ന അപൂര്‍വതയും ജില്ലക്ക് ലഭിക്കും.ചേര്‍ത്തലയില്‍ നിന്ന് പി തിലോത്തമന്‍ മന്ത്രിസഭയിലെത്തിയപ്പോള്‍ സമീപ മണ്ഡലങ്ങളായ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് ഡോ. തോമസ് ഐസക്കും ജി സുധാകരനും മന്ത്രിസഭയിലെത്തിയത്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളോട് ചേര്‍ന്നാണ് കുട്ടനാട് മണ്ഡലം സ്ഥിതി ചെയ്യുന്നത്.

നേരത്തെ യു പി എ സര്‍ക്കാറില്‍ ജില്ലയില്‍ നിന്ന് നാല് പേര്‍ ഒരേ സമയം കേന്ദ്ര മന്ത്രിമാരായിരുന്ന ചരിത്രമുണ്ട്. എ കെ ആന്റണി, വയലാര്‍ രവി എന്നിവര്‍ക്ക് പുറമെ, കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും മന്ത്രിമാരായിരുന്നതോടെ ഒരേസമയം നാല് കേന്ദ്ര മന്ത്രിമാര്‍ ആലപ്പുഴ ജില്ലക്ക് ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാന മന്ത്രിസഭയില്‍ ഒരേ സമയം, നാല് മന്ത്രിമാരെയും ലഭിക്കുന്നത് ആദ്യമായാണ്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തുടക്കത്തില്‍ ഒരാള്‍ പോലും ജില്ലയില്‍ നിന്ന് മന്ത്രിസഭയിലെത്തിയിരുന്നില്ല. പിന്നീടുണ്ടായ പുനഃസംഘടനയില്‍ അന്നത്തെ കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല മന്ത്രിയായി. ചെന്നിത്തലയും വിഷ്ണുനാഥും മാത്രമാണ് അന്ന് ജില്ലയില്‍ നിന്ന് യു ഡി എഫിനെ പ്രതിനിധീകരിച്ച് സഭയിലെത്തിയത്. തൊട്ടു മുമ്പുള്ള എല്‍ ഡി എഫ് സര്‍ക്കാറില്‍ ഡോ. തോമസ് ഐസക്കും ജി സുധാകരനും ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്നത് ജില്ലക്കാരനും പുന്നപ്ര- വയലാര്‍ സമരനായകനുമായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നുവെന്നത് ഏറെ അഭിമാനകരമായിരുന്നു.