സ്തനാര്‍ബുദം കൂടുതല്‍ കേരളത്തില്‍

Posted on: March 31, 2017 8:22 am | Last updated: March 30, 2017 at 7:23 pm

കണ്ണൂര്‍: സ്തനാര്‍ബുദം പിടിപെടുന്നവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന് കണ്ടെത്തല്‍. സംസ്ഥാനത്തെ ജീവിതശൈലിയിലുള്ള വ്യത്യാസമാണ് ഈ വര്‍ധനവിന് കാരണമെന്നും ക്യാന്‍സര്‍ ഗവേഷകന്‍. ഒന്നര ശതമാനം വെച്ചാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നത്. സ്തനാര്‍ബുദം വര്‍ധിക്കുന്നതുവഴി വന്‍കുടല്‍ അര്‍ബുദം വര്‍ധിക്കുന്നുണെന്നും ലോകാരോഗ്യ സംഘടന ഉപദേഷ്ടാവും അര്‍ബുദ ചികിത്സ ഗവേഷണ വിഭാഗം തലവനുമായ ഡോ. ആര്‍ ശങ്കര നാരായണന്‍ കണ്ണൂരില്‍ പറഞ്ഞു. ബോധവത്കരണവും നേരത്തെ കണ്ടെത്തലും സജീവമായതിനാല്‍ ദക്ഷിണ കൊറിയയിലാണ് സ്തനാര്‍ബുദം ഏറ്റവും കുറവ്. രോഗംവരാതെ തടയുകയാണ് ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ പ്രഥമ ലക്ഷ്യം.

രോഗം നേരത്തെ തന്നെ കണ്ടെത്തുക എന്നതാണ് അടുത്ത ഘട്ടം. ഇവ വഴി ചികിത്സാ ചെലവ് വളരെ കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത തരം അര്‍ബുദങ്ങളാണ് കണ്ടുവരുന്നത്. 75 ശതമാനത്തോളം അര്‍ബുദങ്ങള്‍ കാരണങ്ങള്‍ കണ്ടെത്തി തടയാനുള്ള രീതിയുണ്ടെന്നും എന്നാല്‍, രക്താര്‍ബുദവും മസിലുകളിലുണ്ടാകുന്ന അര്‍ബുദത്തിന്റെയും കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദം തടയാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ മുമ്പത്തെക്കാള്‍ കൂടുതലാണ്. പക്ഷെ, അര്‍ബുദ ചികിത്സ വളരെ ചെലവേറിയതുമാണ്. നേരത്തെ തന്നെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗം ചികിത്സിക്കാനുള്ള ചെലവും കുറവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.