രാസവസ്തു ചേര്‍ത്ത് പഴുപ്പിച്ച മാമ്പഴങ്ങള്‍ വിപണിയില്‍ സജീവം

Posted on: March 31, 2017 11:21 am | Last updated: March 30, 2017 at 7:22 pm

പാലക്കാട്: വിഷുവിനെ വരവേല്‍ക്കാന്‍ രാസവസ്തു ചേര്‍ത്ത് പഴുപ്പിച്ച മാമ്പഴങ്ങളും വിപണിയില്‍ സജീവം. മാമ്പഴ സീസണ്‍ ആരംഭിച്ചതോടെയാണ് കൃത്രിമമായി പഴുപ്പിച്ച് പഴങ്ങള്‍ വില്‍പ്പന നടത്തുന്നത് വര്‍ധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, ദിണ്ഡിഗല്‍, കൃഷ്ണഗിരി, ധര്‍മപുരി, ആന്ധ്രപ്രദേശ്, കേരളത്തിലെ മുതലമട അടക്കമുള്ള വിവിധ പ്രദേശങ്ങളിലും ഇപ്പോള്‍ മാങ്ങ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങളോളം കടകളുടെ പെട്ടികളില്‍ സൂക്ഷിക്കുന്ന മാങ്ങയടക്കമുള്ള പഴങ്ങള്‍ കേടുകൂടാതെ ഇരിക്കുന്നത് രാസവസ്തു ഉപയോഗിച്ച് പഴുപ്പിക്കുന്നത് കൊണ്ടാണ്.

നിറമില്ലാത്തവക്ക് നിറം നല്‍കാനുള്ള രാസവസ്തുവും ഉപയോഗിക്കുന്നുണ്ട്. മൂപ്പെത്തുംമുമ്പ് പറിച്ചെടുത്ത സപ്പോട്ടയും പഴുപ്പിക്കുന്നത് കൃത്രിമമായാണെന്ന് തമിഴ്‌നാട്ടിലെ ചില വ്യാപാരികള്‍ പറഞ്ഞു. ചൂടുകാലത്ത് നല്ല വില്‍പ്പന ലഭിക്കുമെന്നതിനാല്‍ തണ്ണിമത്തനും ഇത്തരത്തില്‍ പഴുപ്പിക്കാറുണ്ട്. കാത്സ്യം കാര്‍ബൈഡ് (സി എ സി2)എന്ന രാസവസ്തുവാണ് നല്ലവണ്ണം മൂപ്പെത്താത്ത പഴവര്‍ഗങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെതന്നെ ഒരുതരം കല്ലും ഉപയോഗിക്കുന്നുണ്ട്. തണ്ണിമത്തനില്‍ ചുവപ്പ് നിറം കിട്ടാന്‍ രാസപദാര്‍ഥം കുത്തിവെക്കുന്നതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൊലിപ്പുറത്തെ ചൊറിച്ചില്‍, ക്യാന്‍സര്‍, കുടല്‍പ്പുണ്ണ് എന്നിവയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് കാത്സ്യം കാര്‍ബൈഡ് എന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ഥിരമായി ഇത്തരം പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് കണ്ണിന് അസ്വസ്ഥതയുണ്ടാകുമെന്നും നെഞ്ച്‌വേദനയടക്കമുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് തരുന്നു.
വേനല്‍ കടുത്തതോടെ പഴങ്ങളുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ തമിഴ്‌നാട്ടില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശന പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോയമ്പത്തൂര്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കമീഷണര്‍ അറിയിച്ചു. കേരളത്തിലെത്തുന്ന പഴങ്ങള്‍ പരിശോധിക്കാന്‍ ഇവിടത്തെ ഭക്ഷ്യസുരക്ഷാവകുപ്പ് കൂടി രംഗത്തിറങ്ങിയാല്‍ രോഗങ്ങള്‍ പരത്തുന്ന പഴങ്ങളുടെ വില്‍പ്പന തടയാനും ഇതിലൂടെ രോഗപ്രതിരോധം നടത്താനും കഴിയും.