സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പം -മുഖ്യമന്ത്രി

Posted on: March 30, 2017 9:15 pm | Last updated: March 30, 2017 at 8:56 pm

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ എല്ലായ്‌പോഴും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ധനസഹായത്തിന്റെ മൂന്നാം ഗഡു വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരും പൊതുസമൂഹവും ദുരിതബാധിതരുടെ കൂടെ ഉണ്ടാകുമ്പോഴും ചിലര്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കമ്പനികളുടെ താത്പര്യം സംരക്ഷിക്കന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യത്വം ഉളളവര്‍ക്ക് ഇതിന് കഴിയില്ല.ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്‍കിയിരുന്നു. ഇത് എന്‍ഡോസള്‍ഫാന്‍ ഇരകളോടുളള സര്‍ക്കാറിന്റെ സമീപനത്തിന്റെ ഭാഗമാണ്. ചികിത്സയ്ക്കായി ബാങ്ക് വായ്പയെടുത്തവരുടെ ജപ്തിനടപടികള്‍ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2006 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആരംഭിച്ചത്. ഗഡുക്കളായി നഷ്ടപരിഹാരവും പെന്‍ഷനും നല്‍കി. ജനുവരി 10 നാണ് സുപ്രീംകോടതി വിധിയുണ്ടായത്. ഏപ്രില്‍ 10 നകം നഷ്ടപരിഹാര തുക വിതരണം ചെയ്യേണ്ടതാണ്. എന്നാല്‍ മാര്‍ച്ചില്‍ തന്നെ സാമ്പത്തിക സഹായം വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി 450 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ മൂന്നു മാസത്തിനകം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി കാസര്‍കോട്ടെ ദുരിതബാധിത ഗ്രാമപ്രദേശങ്ങളില്‍ നീതിയുടെ വെളിച്ചം തെളിയിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം എല്‍എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുളള, മുന്‍ എം എല്‍ എ മാരായ സി എച്ച് കുഞ്ഞമ്പു, കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എന്‍ഡോസള്‍ഫാന്‍സെല്‍ ഡെപ്യൂട്ടികളക്ടര്‍ സി ബിജു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഗോവിന്ദന്‍ പളളിരക്കാപ്പില്‍, എം സി ഖമറുദ്ദീന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, അനന്തന്‍ നമ്പ്യാര്‍, അഡ്വ. സി വി ദാമോദരന്‍, ടിമ്പര്‍ മുഹമ്മദ്, എബ്രഹാം തോണക്കര, എ കുഞ്ഞിരാമന്‍ നായര്‍, ജ്യോതിബസു, പി കെ രമേശന്‍ എന്നിവര്‍ സംബന്ധിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതവും എ ഡി എം കെ അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.