പാതയോരത്തെ മദ്യവില്‍പ്പന: ഹര്‍ജി നല്‍കാന്‍ വൈകിയത് എന്തെന്ന് സുപ്രീം കോടതി

Posted on: March 30, 2017 6:39 pm | Last updated: March 31, 2017 at 12:22 pm

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് സുപ്രിം കോടതി. ഡിസംബര്‍ 15ന് വന്ന ഉത്തരവിനെതിരെ മാര്‍ച്ച് 31ന് ഒരു ദിവസം മാത്രം ശേഷിക്കേ ഹര്‍ജി നല്‍കി അടിയന്തര സാഹചര്യമുണ്ടാക്കേണ്ട കാര്യം എന്താണെന്നും കോടതി ചോദിച്ചു. കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റുകയും ചെയ്തു.

പൊതുജനാരോഗ്യം കണക്കിലെടുത്താണ് പാതയോരത്ത് മദ്യവില്‍പ്പന നിരോധിച്ചതെന്ന് കോടതി വ്യക്തമാക്കി. പാതയോരത്ത് നിന്ന് മദ്യം വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നും കോടതി ചോദിച്ചു.

അതേസമയം, കോടതി വിധിയില്‍ എതിര്‍പ്പില്ലെന്നും വിധി നടപ്പാക്കാന്‍ കുറച്ചുകൂടി സാവകാശം വേണമെന്നും ബീവറേജസ് കോര്‍പ്പറേഷന്‍ ബോധിപ്പിച്ചു.