കനകമലയിലെ ഐ എസ് ഗൂഢാലോചന : എട്ടുപേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം

Posted on: March 30, 2017 1:08 am | Last updated: March 30, 2017 at 12:09 am

കൊച്ചി: ഇസില്‍ ബന്ധമാരോപിക്കപ്പെട്ടവര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഡാലോചനയില്‍ പങ്കെടുത്ത എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയും മന്‍സീത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എന്‍ കെ റംഷാദ്, ഷഹാന്‍, എന്‍ കെ ജാസിന്‍, സജീര്‍ മംഗലശ്ശേരി, സുബ്ഹാനി ഹാജ് മൊയ്തീന്‍ എന്നിവരെ പ്രതികളാക്കിയുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം. ഇവര്‍ക്കെതിരെ യു എ പി എ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെയാണ് മാപ്പുസാക്ഷിയാക്കിയിരിക്കുന്നത്. കേസില്‍ പിടിയിലായ മറ്റ് ആറ് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും, ഇതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് വിവിധ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്ന പേരില്‍ ഐ എസ് അനുഭാവമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇവര്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് എന്‍ ഐ എയുടെ പിടിയിലായത്. കേസില്‍ അറസ്റ്റ് നടന്ന് 180 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
കൊച്ചിയില്‍ നടക്കാനിരുന്ന ഒരു മതസംഘടനയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം നടത്താനായിരുന്നു സംഘം ഗൂഡാലോചന നടത്തിയിരുന്നത്. ഒപ്പം രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനുവേണ്ടി ഗൂഢാലോചന നടത്തിയിരുന്നതായും എന്‍ ഐ എ കണ്ടെത്തിയിരുന്നു. സുബ്ഹാനി ഹാജ് മൊയ്തീന്‍ ഐ എസിനുവേണ്ടി യുദ്ധം ചെയ്തയാളാണെന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിലില്‍ ഇറാഖിലെത്തി ആയുധപരിശീലനം നേടിയ ശേഷം മൊസൂളിലെ യുദ്ധമേഖലയിലാണ് സുബ്ഹാനി ഐ എസിന്റെ സൈനികനായി പ്രവര്‍ത്തിച്ചതെന്ന് കുറ്റപത്രത്തിലുണ്ട്.
കനകമലയില്‍ യോഗം ചേര്‍ന്നവരും സമൂഹമാധ്യമങ്ങളിലൂടെ ഇതില്‍ പങ്കാളികളായവരുമടക്കം15 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്തതിരുന്നത്. ഇതില്‍ എട്ടു പേര്‍ക്കെതിരെയാണ് കൊച്ചി എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.