Connect with us

Articles

പശ്ചിമഘട്ടത്തിലെ മതില്‍ നിരകള്‍

Published

|

Last Updated

സുഹൃത്തിന്റെ ഗൃഹപ്രവേശത്തിന് പോയിരുന്നു. ഒന്നുരണ്ട് കിലോമീറ്ററില്‍ ഇരുനില മാളിക. ഉയര്‍ന്ന പ്രദേശമായിരുന്നു. യന്ത്രങ്ങള്‍ വന്ന് മണ്ണെടുത്ത് നിരപ്പാക്കി. പ്ലോട്ടാക്കി എന്നാണ് ഭൂമാഫിയ പറയുക. നോട്ടാക്കി എന്ന് മനസില്‍. മണ്ണ് അടുത്തുള്ള വയലും കുളവും നികത്താന്‍ ഉപയോഗിച്ചു. മരങ്ങള്‍ പിഴുതതിന് കണക്കില്ല.

ഏതായാലും വീട് പൊങ്ങി. തൊട്ടടുത്തുള്ള വീടിനേക്കാളും ഇത്തിരി ഗ്രേഡ് കൂടുതലാണ്. എ സി, നോണ്‍ എ സി മുറികള്‍ വേണ്ടുവോളം. ഭക്ഷണവും അങ്ങനെത്തന്നെ. വെജും നോണും. നാല് തരം പായസം തന്നെയുണ്ട്.
ഇത് ആറു മാസം മുമ്പത്തെ കാര്യമാണ്. ഇന്നലെ സുഹൃത്ത് വന്ന വിവരം അറിഞ്ഞ് വീണ്ടും പോയി. വീട് അങ്ങനെത്തന്നെ ഉണ്ട്.
പോയിട്ട് അത്രയേയായുള്ളൂ. വേഗം തിരിച്ചു വന്നതാണ്. മതിലിന്റെ പണി തുടങ്ങി… സുഹൃത്ത് പറഞ്ഞു.
ഞാന്‍ നന്നായെന്ന് പറഞ്ഞു.

വാട്‌സ് ആപില്‍ ഓരോരോ മതില്‍ കാണുമ്പോള്‍ ആകെ നാണക്കേട്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്ത് നോക്കാന്‍ പറ്റാതായി. സുഹൃത്ത് തുടര്‍ന്നു. വീടുണ്ടായിട്ട് കാര്യമില്ല. മതിലിലാണ് മഹിമ. റോഡിലൂടെ പോകുന്ന നാലാള്‍ കാണുക മതിലല്ലേ? അതാ ഇങ്ങ് പോന്നത്. ഈ മാസം ഇതും പൂര്‍ത്തിയാക്കി അക്കരക്ക് കടക്കണം.
അപ്പോള്‍ എന്നിലെ അധ്യാപകന്‍ ഉണര്‍ന്നു. വലിയ സാധ്യതകളാണ് ഇവിടെയുള്ളത്. കാണാനും കണ്ടാസ്വദിക്കാനും വേണ്ടത്രയുണ്ട്.
സുഹൃത്തേ, നിന്റെ വീടും മതിലും നന്നായി. അടുത്ത തവണ സ്‌കൂള്‍ കുട്ടികളുടെ വിനോദയാത്ര ഇവിടുത്തേക്കാണ്.
സുഹൃത്ത് അമ്പരന്ന് നില്‍ക്കുകയാണ്.
എടോ, നിനക്ക് ഏതെങ്കിലും മലയോ, പുഴയോ കാണിക്കാന്‍ കൊണ്ടുപോയാല്‍ പോരേ? ഇവിടെ എന്ത് കാണാനാണ്?

നാട്ടിലെ പുഴകള്‍ വറ്റി. കുളമെല്ലാം നികത്തി. നിന്റെ വീട്ടിനുള്ളിലെ സ്വിമ്മിംഗ്പൂള്‍ മതി ഞങ്ങള്‍ക്ക്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും.
ഞങ്ങള്‍ മുറ്റത്തേക്ക് കയറി. മുറ്റത്തെ മൂലയില്‍ ചെറിയ കുന്നുകള്‍, നെല്‍വയലുകള്‍, പുല്‍മേടുകള്‍, കുഞ്ഞു മരങ്ങള്‍. അലങ്കാരപ്പക്ഷികളുടെ നല്ലൊരു കലക്ഷന്‍സുമുണ്ട്.
ഇതും പറ്റിയത് തന്നെ. പ്രകൃതിയില്‍ നിന്ന് ഇതൊക്കെ മാഞ്ഞു പോകുകയാണ്. അടുത്ത യാത്ര ഇവിടുത്തേക്ക് തന്നെ. ഞാന്‍ മനസില്‍ പറഞ്ഞു.
മതില്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുകയാണ്. വലിയൊരു കരിങ്കല്‍ ക്വാറി തന്നെയുണ്ട് റോഡരികില്‍. കല്ലുകളുടെ വിവിധ രൂപവും ഭാവവും.
സുഹൃത്തേ, ഈ മതില്‍ പശ്ചിമഘട്ടത്തിന്റെ മിനി പതിപ്പാണ്. കരിങ്കല്ലും ചെങ്കല്ലും. ജീവികള്‍ ഇല്ലെന്നേയുള്ളൂ. എല്‍ പി ക്ലാസിലെ കുട്ടികള്‍ക്ക് ഇതൊക്കെ മതി. അടുത്ത വിനോദയാത്ര ഇവിടുത്തേക്ക് തന്നെ. ഞാന്‍ പറഞ്ഞു.
അവന്‍ ചിരിച്ചു. പല്ലുകള്‍ മതില്‍കെട്ടുപോലെ നിരനിരയായി…