നാല് ജിഎസ്ടി അനുബന്ധ ബില്ലുകള്‍ ലോക്‌സഭ പാസാക്കി

Posted on: March 29, 2017 10:08 pm | Last updated: March 30, 2017 at 1:38 pm

ന്യൂഡല്‍ഹി; ഏകീകൃത നികുതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഉല്‍പന്ന സേവന നികുതി (ജിഎസ്ടി) ബില്‍ യാഥാര്‍ഥ്യത്തിലേക്ക്. ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് അനുബന്ധ ബില്ലുകള്‍ ലോക്‌സഭ പാസാക്കിയതോടെയാണിത്. ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ച നാലു ബില്ലുകളാണ് നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ലോക്‌സഭ പാസാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ടു തള്ളി. ജിഎസ്ടി ബില്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ നീക്കത്തിനു ബലം പകരുന്നതാണ് ഈ നീക്കം.

കേന്ദ്ര ഉല്‍പന്ന സേവന നികുതി (സിജിഎസ്ടി) ബില്‍, സമഗ്ര ഉല്‍പന്ന സേവന നികുതി (ഐജിഎസ്ടി) ബില്‍, കേന്ദ്രഭരണ പ്രദേശ ഉല്‍പന്ന സേവന നികുതി (യുടിജിഎസ്ടി) ബില്‍, ഉല്‍പന്ന സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) ബില്‍ എന്നിവയാണു ലോക്‌സഭ പാസാക്കിയത്. ഉല്‍പന്നങ്ങളുടെ വില കുറയുന്നതിന് പുതിയ ബില്‍ വഴി തെളിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഉപഭോക്താവ് സമ്പന്നനാണോ സാധാരണക്കാരനാണോ എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നികുതിഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.