ഖത്വര്‍ എയര്‍വേയ്‌സിന് എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്‌

Posted on: March 29, 2017 8:10 pm | Last updated: March 29, 2017 at 8:10 pm

ദോഹ: എയര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്വര്‍ എയര്‍വേയ്‌സിന്. നൂതനത്വം, സേവനം, ആതിഥേയത്വം, മുന്‍നിര ഉത്പന്ന രൂപകല്പന എന്നിവക്കുള്ള അംഗീകാരമായാണ് അവാര്‍ഡ് ലഭിച്ചത്. ഗ്രീസിലെ ഇകാലി ലട്രോ റസിഡന്‍സില്‍ നടന്ന ചടങ്ങില്‍ ലോകത്തെ മുന്‍നിര വിമാനകമ്പനി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ന്യൂസ് വായനക്കാര്‍ ഈ വര്‍ഷത്തെ മികച്ച വിമാന കമ്പനിയായി ഖത്വര്‍ എയര്‍വേയ്‌സിനെ തിരിഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വിമാന യാത്രാ വ്യവസായ രംഗത്ത് മികച്ച കമ്പനിയായി ഖത്വര്‍ എയര്‍വേയസ് അടയാളപ്പെടുത്തപ്പെട്ടത് അഭിമാനാര്‍ഹമാണ്. യാത്രക്ക് ഖത്വര്‍ എയര്‍വേയ്‌സിനെ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നതാണ് വലിയ ബഹുമതിയെന്നും ഉന്നത നിലയിലുള്ള പ്രതിബദ്ധതയും സേവനവും യാത്രക്കാര്‍ നല്‍കാന്‍ ഇത് തങ്ങളെ ഉത്തരവാദിത്തപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആംസ്റ്റര്‍ഡാമിലെ പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സോപോയില്‍ നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. മിഡില്‍ ഈസ്റ്റിലിലെ മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷം മിഡില്‍ ഈസ്റ്റിലെ മികച്ച സ്റ്റാഫ് സേവനം അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹമദിന് ലഭിച്ചിരുന്നു. വിമാനത്താവള വ്യവസായ മേഖലയിലെ ഉന്നത ബഹുമതിയാണ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍.