വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് പൊതു നിയമം: നിയമപരമായി നേരിടുമെന്ന് കാന്തപുരം

Posted on: March 29, 2017 12:21 am | Last updated: March 29, 2017 at 12:21 am

കോഴിക്കോട്: കേരളത്തില്‍ എല്ലാ വഖ്ഫ് സ്ഥാപനങ്ങള്‍ക്കും പൊതു നിയമാവലി ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മൈ നോരിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച മുതവല്ലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത നീക്കം നിയമപരമായി നേരിടുമെന്നും കേരളത്തില്‍ ഇത് നടക്കില്ലെന്നും കാന്തപുരം പറഞ്ഞു.

കേരളത്തില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന വഖ്ഫ് ബോര്‍ഡ് മുസ്‌ലിംകളെയും മഹല്ല് ജമാഅത്തുകളെയും ശാക്തീകരിക്കുന്നതിനായി നിലകൊള്ളേണ്ടതിന് പകരം പിന്തിരിപ്പന്‍ നയമാണ് സ്വീകരിക്കുന്നത്. നിയമം നടപ്പാക്കുന്നതിനെതിരെ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യും. പൊതു നിയമാവലി എന്ന നീക്കം ശരിയല്ല. പൊതു നിയമാവലിയുടെ ഗൗരവം കണക്കിലെടുത്ത് ഇതിനെതിരായ ശബ്ദമുയര്‍ന്ന് വരണം. മതം നശിപ്പിക്കണമെന്ന ഏക ചിന്തയാണ് ഇതിന് പിന്നില്‍. ആരാധനാലയങ്ങള്‍ മറ്റു വിഭാഗക്കാര്‍ക്ക് പിടിച്ചെടുക്കാന്‍ പൊതു നിയമം വഴി കഴിയും. വഖ്ഫില്‍ എന്താണ് ഉദ്ദേശിച്ചത് അത് പോലെ തന്നെ നില നിര്‍ത്താന്‍ കഴിയണം. വഖ്ഫ് സ്വത്തുകള്‍ വക മാറി ചെലവഴിക്കുന്നതും തെറ്റാണ്. അതുകൊണ്ട് തന്നെ പൊതു നിയമാവലിയെ അനുകൂലിക്കാന്‍ സുന്നികള്‍ക്ക് സാധ്യമല്ലെന്നും കാന്തപുരം പറഞ്ഞു. കേരള വഖ്ഫ് ബോര്‍ഡ് മഹല്ലുകളെയും വഖ്ഫുകളെയും പിഴിയുകയാണ് ചെയ്യുന്നതെന്ന് ഉദാഹരണ സഹിതം കാന്തപുരം വ്യക്തമാക്കി.