Connect with us

Articles

രൗദ്രഭാവം പുണരുന്ന ഇന്ത്യന്‍ ജനാധിപത്യം

Published

|

Last Updated

രാമജന്മഭൂമി വിവാദക്കൊടുങ്കാറ്റില്‍ പോലും നേടാന്‍ കഴിയാത്തത്ര രാഷ്ട്രീയ ശക്തി കൈവരിച്ചിരിക്കുകയാണ് ഇന്ന് ബി ജെ പി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ ഐച്ഛിക ഘടനയെ തന്നെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എക്കാലത്തെയും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചാബിലെ വിജയം ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു. മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴവും കരിഷ്മാറ്റിക് ലീഡര്‍ഷിപ്പിന്റെ അഭാവവും വ്യക്തമാക്കുന്നു. ഒരു കാലത്ത് കേണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്നതും പിന്നീട് സമാജ്‌വാദി പാര്‍ട്ടികള്‍ പങ്കിട്ടെടുത്തിരുന്നതുമായ രാഷ്ട്രീയ ഭൂമിയായ ഉത്തര്‍പ്രദേശ് ബി ജെ പിക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത.് 80 ലോക്‌സഭാ സീറ്റുകളും 31 രാജ്യസഭാ സീറ്റുകളും ഉള്ള ഉത്തര്‍പ്രദേശ് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ തന്നെ നിര്‍ണായകമാവുകയാണ്. വരാന്‍പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പും രാജ്യസഭയില്‍ ബി ജെപി നേരിടുന്ന അംഗസംഖ്യാ പ്രതിസന്ധിയും ബിജെ പിക്ക് നിഷ്പ്രയാസം മറികടക്കാനാവും.

നോട്ട് നിരോധനം മുതല്‍ അതിര്‍ത്തിയിലെ സൈനിക ഏറ്റുമുട്ടല്‍ വരെ ചര്‍ച്ചയാവുമായിരുന്ന തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുക വഴി ബി ജെ പി നേടിയ വിജയത്തെ രാജ്യത്തെ മതന്യുനപക്ഷങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മേല്‍ജാതി രാഷ്ട്രീയത്തില്‍ നിന്ന് സാമുദായിക രാഷ്ട്രീയത്തിലേക്ക് വഴി മാറുന്ന സംഘ്പരിവാര്‍ ഹിന്ദു ഐക്യത്തിന് രാഷ്ട്രീയമായി അടിത്തറയിട്ടിരിക്കുന്നു എന്ന അപകടകരമായ മുന്നറിയിപ്പാണ് യു പിയില്‍ തെളിയുന്നത്. ബാബരി ധ്വംസന കാലത്ത് ബി ജെ പി നേടിയ വിജയത്തിന്റെ അടിത്തറ സവര്‍ണഹിന്ദു വോട്ടുകളായിരുന്നുവെങ്കില്‍ ഇത്തവണ ഹിന്ദു വോട്ടുകളിലെ ഐക്യവും മുസ്‌ലിം വോട്ടുകളിലെ വിഭജനവുമാണ് പ്രധാന ഘടകമായത്. ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിക്കാതിരുന്ന ബി ജെ പി 70 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ദയൂബന്ദിലും മറ്റു മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും നേടിയ വിജയം മുസ്‌ലിം വോട്ട് വിഭജനത്തിന്റെ ആഴം തുറന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ 29,400 വോട്ടിന്റെ ദയൂബന്ദിലെ ഭൂരിപക്ഷം മുസ്‌ലിം വോട്ടുകള്‍ ബി ജെ പിയുടെ അക്കൗണ്ടിലുമെത്തി എന്നതിന്റെ സൂചനയാണ്.
നരേന്ദ്ര മോദിയും അമിത്ഷായും അടക്കം സജീവമായി പ്രചാരണം നയിച്ച തിരെഞ്ഞെടുപ്പ് ഗോദയില്‍ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. നോട്ട് നിരോധനം പോലും മുഖ്യ ചര്‍ച്ചാവിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മഹാസഖ്യം പരാജയപ്പെടുകയായിരുന്നു. യു പി രാഷ്ട്രീയത്തിലെ ചാണക്യനും തൊണ്ണൂറുകളിലെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രവുമായിരുന്ന മുലായം സിംഗ് യാദവ് പഴയ പ്രതാപത്തിന്റെ നിഴലില്‍ പോലും ഉണ്ടായിരുന്നില്ല. പാര്‍ട്ടിയിലെ കുടുംബ കലഹം സംസ്ഥാനത്തെ വലിയ വോട്ട് ബേങ്കായ യാദവ വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കി. മയാവതിയുടെ ദളിത് വോട്ടുകളിലും വ്യാപകമായ ചോര്‍ച്ചയുണ്ടായി. യു പിലെ സര്‍വകലാശാലകളില്‍ തീ പിടിച്ച സംവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴി ഒരുക്കിയ അംബേദ്കറിസം ഗ്രാസ് റൂട്ട് പൊളിറ്റിക്‌സിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മായാവതിക്ക് നില മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു. അതേസമയം ദളിത് മുസ്‌ലിം ഐക്യം എന്നതിനെ ഹിന്ദുഐക്യം കൊണ്ട് ഹൈജാക്ക് ചെയ്യപ്പെടുന്നതില്‍ ബി ജെ പി സമര്‍ഥമായി വിജയിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഖബര്‍സ്ഥാന്‍ പരാമര്‍ശവും റമസാനില്‍ വൈദ്യുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗവുമൊക്കെ ബി ജെ പി വിജയത്തില്‍ അനുകൂല ഘടകങ്ങളായി. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തിയ ഘടകം തന്നെയാണ് ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് വിജയം കൊണ്ടുവന്നത്. ബീഹാറില്‍ നീതിഷ് കുമാറും ലാലു പ്രസാദ് യാദവും രാഷ്ട്രീയ വൈരം ഉപേക്ഷിച്ചു വിട്ടുവീഴ്ചയുടെ പാതയിലെത്തി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. അതോടെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഒരു പെട്ടിയിലെത്തി. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഹിന്ദു വോട്ടുകള്‍ ബി ജെ പിയുടെ അക്കൗണ്ടിലെത്തുകയും ദലിത് മുസ്‌ലിം വോട്ടുകള്‍ വിഭജിക്കുകയുമായിരുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ സാന്നിധ്യവും ഹിന്ദു വോട്ട് ഏകീകരണത്തിന് കരുത്ത് നല്‍കി
സിഖ് ഭൂരിപക്ഷ പ്രദേശമായ പഞ്ചാബില്‍ ബി ജെ പി കമ്മ്യുണല്‍ കാര്‍ഡ് ഇറക്കാതെയാണ് കൡത്. മുന്‍ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായിരുന്ന നവജ്യോത് സിംഗ് സിദ്ദു ബി ജെ പി യില്‍ നിന്ന് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയതും ആം ആദ്മി പാര്‍ട്ടിയുടെ പങ്കാളിത്തവുമായിരുന്നു പഞ്ചാബ് തിരഞ്ഞെടുപ്പിനെ ചൂട് പിടിപ്പിച്ചത്. ആം ആദ്മി പാര്‍ട്ടി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെയും നവജ്യോത് സിംഗ് സിദ്ദുവിന്റെയും ക്ലീന്‍ ഇമേജ് കോണ്‍ഗ്രസ് വിജയത്തിന് തിളക്കം നല്‍കി. ഭരണകക്ഷിയായ ശിരോമണി അകാലിദളും ബി ജെ പിയും മൂന്നൂം നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി. വന്‍ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും പ്രതീക്ഷിച്ച സീറ്റുകള്‍ പോലും നേടാന്‍ കഴിയാതിരുന്നത് ബി ജെ പി കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉളവാക്കി.

വിവാദങ്ങളാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പരാജയത്തിന് വഴി ഒരുക്കിയത്. ഭരണവിരുദ്ധ വികാരം ആളിക്കത്തിയ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയം ഏറെക്കുറെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ മണിപ്പൂരില്‍ ബി ജെ പി നടത്തിയ മുന്നേറ്റവും ഈറോം ശര്‍മിളയുടെ പരാജയവും പൊതുമണ്ഡലങ്ങളില്‍ പുതിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. അപ്‌സ നിയമം മണിപ്പൂരിന്റെ രാഷ്ട്രീയ സാമൂഹിക ജീവിത്തിലെ കത്തുന്ന തീയായി മാറിയിട്ടും ഈ ജനത ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിലെ യുക്തി പങ്കുവെക്കപ്പെടേണ്ട ആശങ്കയായി മാറിയിരിക്കുന്നു. സൈന്യത്തെ മഹത്വവത്കരിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷ വെക്കുന്ന മണിപ്പൂരികളുടെ രാഷ്ട്രീയ സാക്ഷരതയുടെ ഭീതിപ്പെടുത്തുന്ന അടയാളമായി ഇറോം ശര്‍മിളയുടെ പരാജയം വായിച്ചെടുക്കേണ്ടതുണ്ട്. പരാജയത്തെക്കാളും അത്ഭുതപ്പെടുത്തിയത് ഇറോം ശര്‍മിളക്ക് ലഭിച്ച വോട്ടുകളുടെ എണ്ണമാണ്. വെറും 90 വോട്ടുകളിലേക്ക് ജനാധിപത്യത്തിന്റെ ആത്മാവ് ചുരുങ്ങുന്ന ദയനീയതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ മണിപ്പൂരില്‍ ബാക്കിയാവുന്നത്.
തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പാര്‍ട്ടിയില്‍ മോദി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. ബി ജെ പിയുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ വിജയമായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്. വാജ്‌പേയിക്കും അഡ്വാനിക്കും കീഴടക്കാന്‍ കഴിയാത്ത കൈലാസമാണ് മോദി ഒറ്റക്ക് നടന്ന് കയറിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമികയില്‍ വന്‍ മുന്നേറ്റം നടത്തിയ നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിന്റെ ഇന്ദ്രജാലം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെട്ടേക്കാം. അത് കൊണ്ടാണ് ഉമര്‍ അബ്ദുല്ല പറഞ്ഞത് നമുക്ക് 2019 നെ മറക്കാം ഇനി 2024 ലേക്ക് നോക്കാം എന്ന്. ഉത്തര്‍പ്രദേശിലെ കണക്കുകള്‍ മാത്രം പരിശോധനക്കുമ്പോള്‍ തന്നെ ബി ജെ പിയുടെ വോട്ടിംഗ് ശതമാനത്തില്‍ വന്ന വളര്‍ച്ച അത്ഭുതകരമാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ ബി ജെപിയുടെ അക്കൗണ്ടിലെത്തി. 21 ശതമാനത്തോളം വരുന്ന ദളിത് വിഭാഗവും 19 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടുകളും നിര്‍ണായകമാണെന്നിരിക്കെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന മുന്നറിയിപ്പാണ് യോഗി ആദിത്യനാഥിന്റെ യു പി വിളിച്ചു പറയുന്നത്. രാമജന്മഭൂമി പ്രസ്ഥാനത്തിലെ സജീവസാന്നിധ്യവും ഹിന്ദു യുവ വാഹിനി എന്ന സായുധ സേനയുടെ സ്ഥാപകനുമായ യോഗി ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. തിരഞ്ഞെടുക്കപ്പെട്ട 312 ജനപ്രതിനിധികള്‍ക്ക് മുകളില്‍ ലോക്‌സഭാംഗമായ യോഗിയെ പ്രതിഷ്ഠിക്കുന്നതിന്റെ രാഷ്ട്രീയം സംഘ്പരിവാര്‍ അജന്‍ഡയുടെ പ്രകടമായ ഉദാഹരണമാണ്. അനധികൃത അറവു ശാലകള്‍ അടച്ചുപൂട്ടിക്കൊണ്ട് ആദ്യ ദിനം തന്നെ യോഗി തന്റെ വഴികള്‍ വ്യക്തമാക്കുകയും ചെയ്തു.

രാമജന്മഭൂമി ഒരു രാഷ്ട്രീയ ആയുധമായി വീണ്ടും ഉയര്‍ത്തിയും ബീഫിന്റെ രാഷ്ട്രീയത്തെ മാര്‍ക്കറ്റ് ചെയ്തും സംഘ്പരിവാര്‍ നേടിയ വിജയം ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മായാത്ത മുറിപ്പാടാണ്. ദാദ്രിയും മുസഫര്‍ നഗറുമൊക്കെ ഭൂരിപക്ഷാധിപത്യത്തിന്റെ അപകടങ്ങളെയും ജനാധിപത്യത്തിന്റെ ബലഹീനതയെയും ഒരുപോലെ ഓര്‍മപ്പെടുത്തുന്നുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തുരുത്തില്‍ ജീവിക്കുന്ന ഒരു ജനത അതിനോട് ഐക്യപ്പെടുകയാണോ സമരസപ്പെടുകയാണോ എന്നതാണ് തിരിച്ചറിയാനാവാത്തത്. 1975ലെ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന ജനവിധിയായിരുന്നു ഉണ്ടായത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള ബഹുജന മുന്നേറ്റത്തില്‍ പ്രതിപക്ഷം തങ്ങളുടെ റോള്‍ മനോഹരമാക്കുകയും ചൈതന്യത്തോടെ ഇന്ത്യന്‍ ജനാധിപത്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമായിരുന്നു. 1977 ലെ ജനവിധി ഫാസിസത്തിനെതിരെയുള്ള വലിയ പ്രതിരോധമായി മാറുന്നതിനും നാം സാക്ഷ്യം വഹിച്ചു. എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തോടെ ഇന്ത്യന്‍ ഫാസിസം പുതിയ ഗര്‍ഭം ധരിക്കുകയും സംഘ്പരിവാര്‍ അതിനെ മുലയൂട്ടുകയും ബി ജെ പി യിലൂടെ അത് രാഷ്ട്രീയമായി വളരുകയുമായിരുന്നു. 1990 കളുടെ അവസാനത്തോടെ ജനാധിപത്യത്തിന്റെ സൗകര്യങ്ങളിലൂടെ അധികാരത്തിന്റെ ഇടനാഴികളിലേക്ക് കടന്നു കയറിയതോടെ ഇന്ത്യന്‍ ഫാസിസം പുര്‍ണതയിലെത്തി. ഇന്ന് നാം കാണുന്നതും കേള്‍ക്കുന്നതും അതിന്റെ രൗദ്ര ഭാവങ്ങളാണ് എന്ന് തിരിച്ചറിയാതെ പോകുന്നിടത്താണ് നാം സ്വയം തോറ്റുപോകുന്നത്.

---- facebook comment plugin here -----

Latest