ഭര്‍ത്താവറിയാതെ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി; മാതാപിതാക്കള്‍ക്കെതിരെ കേസ്

Posted on: March 28, 2017 11:59 pm | Last updated: March 28, 2017 at 10:55 pm

കാസര്‍കോട്: ഭര്‍ത്താവറിയാതെ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
മംഗളൂരുവിലെ അബ്ദുറഹ്മാന്റെ പരാതിയില്‍ ആദൂര്‍ സ്വദേശിയും കട്ടത്തടുക്കയില്‍ താമസക്കാരനുമായ എസ് എ എ കുഞ്ഞിക്കോയ തങ്ങള്‍ (60), ഭാര്യ ഇ ഐ നഫീസ എന്നിവര്‍ക്കെതിരെയാണ് കേസ്.
2016 മാര്‍ച്ച് 6നാണ് അബ്ദുറഹ്മാനും കുഞ്ഞിക്കോയ തങ്ങളുടെ മകള്‍ ആഇശത്ത് സീനത്ത് ബീവിയും വിവാഹിതരായത്. ഭാര്യയെ ആദൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നാണ് അബ്ദുറഹ്മാന്റെ ആരോപണം.

കൂടാതെ ഭാര്യയുടെ 35 പവന്‍ സ്വര്‍ണം ഇവര്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. ഭാര്യയെ മാതാപിതാക്കള്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും വിട്ട്കിട്ടണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുമ്പള പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.