Malappuram
11 ഓട്ടോകള്‍ ഒരു ദിനം ഓടിയത് കിടപ്പിലായ രോഗികള്‍ക്ക്

തേഞ്ഞിപ്പലം: ശാരീരിക മാനസിക അവശതകളാല്‍ കിടപ്പിലായവര്‍ക്ക് ആശ്വാസമേകാന്‍ കാക്കഞ്ചേരിയിലെ 11 ഓട്ടോ ഡ്രൈവര്‍മാര്‍ അവരുടെ ഒരു ദിവസത്തെ വരുമാനം ചേലേമ്പ്ര പാലിയേറ്റീവ് കെയര്‍ സെന്ററിന് സമര്‍പ്പിച്ചു.
ചേലേമ്പ്ര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തില്‍ 200 ഓളം കിടപ്പിലായ രോഗികളുണ്ട്. അവര്‍ക്ക് തങ്ങളാലാകുന്നത് ചെയ്യുകയായിരുന്നു കാക്കഞ്ചേരിയിലെ സന്മനസുള്ള ഓട്ടോ ഡ്രൈവര്‍മാര്‍.
വാഹനത്തില്‍ ബാനര്‍, പോസ്റ്റര്‍ എന്നിവ പതിച്ച് രാവിലെ ഏഴു മുതല്‍ രാത്രി ഏട്ടുവരെയായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഓട്ടോ ടാക്‌സി സര്‍വീസ്. ഓട്ടോറിക്ഷ ഓടികിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ പ്രയാസപ്പെടുന്നതിനിടയിലും ഇവര്‍ മാതൃകാ പ്രവര്‍ത്തനത്തിന് തയ്യാറാകുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരായ സി മോഹനന്‍, കെ കെ കോയ, പി കെ ബാബു, എ റശീദ്, ഒ പി ലിറാര്‍, എം കെ രാജന്‍, എം വി സാലു, പി കെ സുനി, കെ മുഹമ്മദ്കുട്ടി, വി മുജീബ്, പി കെ അസ്‌ക്കര്‍ എന്നിവരാണ് ഒരു ദിവസത്തെ വേതനവും വരുമാനവും രോഗികള്‍ക്കായി നല്‍കിയത്.
10064 രൂപയാണ് ഇവര്‍ ചേലേമ്പ്ര പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഭാരവാഹികളെ ഏല്‍പ്പിച്ചത്.