വാക്കുതര്‍ക്കത്തിനിടെ ട്രാഫിക് പോലീസുകാരന് കുത്തേറ്റു

Posted on: March 28, 2017 1:20 am | Last updated: March 27, 2017 at 11:55 pm

ചേര്‍ത്തല: മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പോലീസുകാരന് കുത്തേറ്റു. ചേര്‍ത്തല ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

ട്രാഫിക് പോലീസുകാരന്‍ തന്റെ സുഹൃത്തിന്റെ ചക്കരകുളത്തുള്ള വീട്ടില്‍ മദ്യപിക്കാന്‍ എത്തിയതായിരുന്നു. മദ്യസേവക്കിടെ സാമ്പത്തികത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ട്രാഫിക് പോലീസുകാരന്‍ സുഹൃത്തിനെ കൈയേറ്റം ചെയ്തതായി പറയുന്നു. ഇതിനിടെ കൈയില്‍ കിട്ടിയ ആയുധം വെച്ച് സുഹൃത്ത് പോലീസുകാരനെ കുത്തുകയായിരുന്നു.

ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ പോലീസുകാരന്‍ ചികിത്സക്കായി ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിയെങ്കിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവം പ്രശ്‌നമാകുമെന്ന് മനസ്സിലായ സുഹൃത്ത് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു.