Connect with us

Malappuram

കുഞ്ഞാലിക്കുട്ടിയുടെ പത്രികക്കെതിരെ ബി ജെ പി

Published

|

Last Updated

മലപ്പുറം: അപൂര്‍ണമായി പൂരിപ്പിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബി ജെ പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോം നമ്പര്‍ 26ല്‍ പതിനാലാമത്തെ കോളത്തില്‍ ആശ്രിത സ്വത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. ഇന്നലെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ബി ജെ പി പ്രതിനിധികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം തര്‍ക്കിച്ചു. ഇത്തരം സംഭവം ചരിത്രത്തിലാദ്യമാണെന്നും സുപ്രീംകോടതിയുടെ മുന്‍വിധിയടക്കം റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കിയിട്ടും അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നുവെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അപൂര്‍ണമായ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി.

ഇത് റിട്ടേണിംങ് ഓഫീസറും മുസ്‌ലീം ലീഗും തമ്മിലുള്ള ഒത്തുകളിയാണെന്നും ബി ജെ പി ആരോപിച്ചു. റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും ഹൈക്കോടതിയിലും ബി ജെപി പരാതി നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍ എസ് രാജീവ് എന്നിവര്‍ പറഞ്ഞു.