Connect with us

Sports

കൊച്ചിക്ക് മഞ്ഞക്കാര്‍ഡ് !

Published

|

Last Updated

ഇന്ത്യയിലെത്തിയ ഫിഫ സംഘം

കൊച്ചി: അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മത്സര വേദിയായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മത്സരവുമായി ബന്ധപ്പെട്ട സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ ഫിഫ ടൂര്‍ണമെന്റ് തലവന്‍ ഹെയ്മി യാര്‍സയുടെയും, ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നിലവിലെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തിയത്.

കൊച്ചിയിലെ പ്രവര്‍ത്തനങ്ങളിലെല്ലാം താമസം വന്നു. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നന്നായി ഉണ്ടാകണമെന്നും മെയ് പതിനഞ്ചിനകം മുഴുവന്‍ നിര്‍മാണ, നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്നും ജെയ്‌മേ യാര്‍സ പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റമുള്ള ഷോപ്പുകളുടെ കാര്യത്തിലും ജെയ്‌മേ യാര്‍സ വിയോജിപ്പ് അറിയിച്ചു.
മത്സര സമയത്ത് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതു സുരക്ഷയെ കാര്യമായി ബാധിക്കും. എണ്ണ ടാങ്ക് അടക്കമുള്ള സുരക്ഷ പ്രശ്‌നമുണ്ടാക്കുന്ന എല്ലാ ഉപകരണങ്ങളും കടകളില്‍ നിന്ന് നീക്കം ചെയ്യുകയും വേണം. രണ്ടു വര്‍ഷം മുമ്പേ തന്നെ ഇക്കാര്യം സ്റ്റേഡിയം ഉടമസ്ഥരായ ജി സി ഡി എയെ അറിയിച്ചിട്ടുണ്ട്. ഇതു ലോകകപ്പാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇനിയും ഒരുക്കങ്ങള്‍ ഏറെ പുരോഗമിക്കാനുണ്ട്. കഴിഞ്ഞ മാസം പരിശോധനക്കായി സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്നിരുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യമായ മുന്നേറ്റം കാണുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ആത്മാര്‍ത്ഥയോടെ കാര്യങ്ങള്‍ ചെയ്യണം. ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി പരിധിയില്ലാത്ത പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം.
മത്സരം നടക്കേണ്ട പ്രധാന സ്റ്റേഡിയത്തിലെയും പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് മെയ് 15 വരെ സമയം നീട്ടി നല്‍കിയ സംഘം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിബദ്ധത കാണിക്കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഫിഫയുടെയും പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലെയും 21 അംഗ സംഘം ഇന്നലെ കൊച്ചിയിലെത്തിയത്. സ്റ്റേഡിയങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയും പ്രാദേശിക സംഘാടക സമിതിയുടെ സന്നദ്ധത പരിഗണിച്ചുമായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ വേദികള്‍ നിശ്ചയിക്കുകയുള്ളുവെന്നും ഹെയ്മി യാര്‍സ കൂട്ടിച്ചേര്‍ത്തു. നവി മുംബൈ, ഗുവാഹത്തി സ്റ്റേഡിയങ്ങളാണ് സംഘം ഇനി പരിശോധിക്കുക. 27ന് കൊല്‍ക്കത്തയില്‍ പരിശോധന പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെയാണ് രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ്.
അതേസമയം ഫിഫ നിര്‍ദേശിച്ച സമയ പരിധിക്കകം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പ്രധാന സ്റ്റേഡിയത്തിന് പുറമേ പരിശീലന ഗ്രൗണ്ടുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
സമയബന്ധിതമായി മുഴുവന്‍ പൂര്‍ത്തീകരിക്കും. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനം ഒരുക്കാന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അധികൃതര്‍ ഫിഫ സംഘത്തെ അറിയിച്ചു.
സ്റ്റേഡിയത്തില്‍ സ്ഥാപിക്കേണ്ട 33,000 കസേരകളുടെ നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കും. പരിശീലന ഗ്രൗണ്ടുകളില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിലും പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും നിര്‍മാണം പുരോഗമിക്കുകയാണ്.
നോഡല്‍ ഓഫീസര്‍ പി എം മുഹമ്മദ് ഹനീഷ്, കെ എഫ് എ പ്രസിഡന്റ് കെ എം ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടന്‍ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.