Connect with us

Sports

മഞ്ഞപ്പടയുടെ ടേക്ക് ഓഫ്‌

Published

|

Last Updated

ഉറുഗ്വെന്‍ താരങ്ങള്‍ നെയ്മറിനെ വളഞ്ഞിട്ട് പ്രതിരോധിക്കുന്നുഉറുഗ്വെന്‍ താരങ്ങള്‍ നെയ്മറിനെ വളഞ്ഞിട്ട് പ്രതിരോധിക്കുന്നു

2018 ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ബ്രസീലിയന്‍ വിമാനം ടേക്ക് ഓഫ് ചെയ്തുവെന്ന് തന്നെ പറയാം. സാങ്കേതികത്വം മാത്രമാണ് ഫിഫ ലോകകപ്പിന് ബ്രസീല്‍ യോഗ്യത നേടിയെന്ന വാര്‍ത്ത വൈകിപ്പിക്കുന്നത്. ലാറ്റിനമേരിക്കന്‍ മേഖലാ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു കൊണ്ട് ബ്രസീല്‍ ബഹുകാതം മുന്നിലാണ്. ചൊവ്വാഴ്ച പരാഗ്വെക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഈ മത്സരം ജയിച്ചാല്‍ ബ്രസീല്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കും.
അര്‍ജന്റീന, പരാഗ്വെ, കൊളംബിയ ടീമുകളും ജയിച്ചു. പൗളീഞ്ഞോയുടെ ഹാട്രിക്കും നെയ്മറുടെ മികവുമാണ് ബ്രസീലിന് തകര്‍പ്പന്‍ ജയം ഒരുക്കിയത്. അര്‍ജന്റീന മെസിയുടെ പെനാല്‍റ്റി ഗോളില്‍ ചിലിയെ മറികടന്നു. പരാഗ്വെ 2-1ന് ഇക്വഡോറിനെ കീഴടക്കിയപ്പോള്‍ കൊളംബിയ റോഡ്രിഗസിന്റെ ഗോളില്‍ ബൊളിവിയയെ (1-0) വീഴ്ത്തി. വെനിസ്വെല – പെറു മത്സരം സമനില (2-2).

ഏഴ് പോയിന്റ് മുന്നില്‍ ബ്രസീല്‍

പതിമൂന്ന് റൗണ്ടുകളില്‍ ഒമ്പതാം ജയത്തോടെ മുപ്പത് പോയിന്റ് കരസ്ഥമാക്കിയ ബ്രസീലാണ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. 23 പോയിന്റോടെ ഉറുഗ്വെ രണ്ടാം സ്ഥാനത്തും 22 പോയിന്റോടെ അര്‍ജന്റീന മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുള്ള കൊളംബിയക്ക് 21 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ഇക്വഡോറിന് ഇരുപത് പോയിന്റും. 20 പോയിന്റുമായി ചിലി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരാഗ്വെ (18), പെറു (15), ബൊളിവിയ (7) എന്നീ ടീമുകള്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍.

പൗളീഞ്ഞോയുടെ ഹാട്രിക്ക്, നെയ്മറുടെ മായാജാലം

ഉറുഗ്വെയുടെ മണ്ണില്‍ ബ്രസീല്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയത് പൗളീഞ്ഞോയുടെ ഹാട്രിക്ക് ബലത്തില്‍. നെയ്മറുടെ സൂപ്പര്‍ ഗോളും വിജയത്തിന് മാറ്റ് കൂട്ടി. 19, 52, 90 മിനുട്ടുകളിലാണ് ഹാട്രിക്ക്. എഴുപത്തിനാലാം മിനുട്ടില്‍ നെയ്മറും സ്‌കോര്‍ ചെയ്തു. ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ കവാനിയാണ് നേടിയത്. ലീഡ് ഗോള്‍ നേടിയ ശേഷമാണ് ഉറുഗ്വെ തകര്‍ന്നു പോയത്.
ഒമ്പതാം മിനുട്ടില്‍ എഡിസന്‍ കവാനിയുടെ ഗോളില്‍ ആതിഥേയര്‍ ലീഡെടുത്തു. സെപ്തംബറിന് ശേഷം ആദ്യമായിട്ടാണ് ബ്രസീലിനെതിരെ ഒരു ടീം ഗോള്‍ നേടുന്നത്. ഡിഫന്‍ഡര്‍ മാര്‍സെലോക്കും ഗോളി അലിസനും സംഭവിച്ച പിഴവാണ് കവാനിയുടെ ഫൗളില്‍ കലാശിച്ചതും പെനാല്‍റ്റിക്ക് വഴിയൊരുക്കിയതും. യോഗ്യതാ റൗണ്ടില്‍ കവാനി തന്റെ ഒമ്പതാം ഗോള്‍ നേടിക്കൊണ്ട് ബ്രസീലിനെ പിറകിലാക്കി. കവാനിയുടെ നാല്‍പതാം രാജ്യാന്തര ഗോളായിരുന്നു ഇത്. ഇതാദ്യമായിട്ടായിരുന്നു ടിറ്റെ പരിശീലകനായ ശേഷം ബ്രസീല്‍ ഒരു ഗോളിന് പിറകിലാകുന്നത്. പിറകില്‍ നിന്ന് തിരിച്ചുവരവ് നടത്താനുള്ള മനോബലം തന്റെ കളിക്കാര്‍ക്കുണ്ടെന്ന് ടിറ്റെ തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്. ഹോംഗ്രൗണ്ടില്‍ കഴിഞ്ഞ ആറ് മത്സരങ്ങളും ജയിച്ച ബ്രസീല്‍ ഉറുഗ്വെയുടെ തട്ടകത്തില്‍ ഗോള്‍ വഴങ്ങി പത്ത് മിനുട്ടിനുള്ളില്‍ മറുപടി നല്‍കി. പൗളിഞ്ഞോയുടെ ബുള്ളറ്റ് ഗോള്‍. ഉറുഗ്വെ ഗോളി മാര്‍ട്ടിന്‍ സില്‍വക്ക് ചാടി നോക്കാന്‍ പോലും അവസരം നല്‍കിയില്ല.
നെയ്മറായിരുന്നു പാസ് നല്‍കിയത്. രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ആധിപത്യം. അമ്പത്തിരണ്ടാം മിനുട്ടില്‍ ഫിര്‍മിനോ തിരിഞ്ഞു കൊണ്ട് തൊടുത്ത ഷോട്ട് ഗോളി സില്‍വ തട്ടിയിട്ടെങ്കിലും പൗളിഞ്ഞോ പന്ത് വലയിലേക്ക് തിരിച്ചു വിട്ടു. മുന്നില്‍ കയറിയ മഞ്ഞപ്പടക്കൊപ്പമെത്താന്‍ എഡിസന്‍കന്‍ കവാനിയുടെ ഫ്രീകിക്ക് ഉറുഗ്വെക്ക് നേരിയ അവസരം തുറന്നു. പക്ഷേ, ഗോളി അലിസന്റെ ഇടപെടലില്‍ ഫ്രീകിക്ക് വിഫലമായി.
എഴുപത്തിനാലാം മിനുട്ടില്‍ നെയ്മറിന്റെ പ്രതിഭ വിളിച്ചറിയിക്കുന്ന ഗോള്‍ സംഭവിച്ചു. ബ്രസീലിന്റെ ബോക്‌സിനുള്ളില്‍ നിന്ന് ഡിഫന്‍ഡര്‍ മിറാന്‍ഡ ക്ലിയര്‍ ചെയ്ത പന്ത് ഉറുഗ്വെയുടെ ഹാഫ് പിന്നിട്ടു. പന്ത് പിടിച്ചെടുക്കാന്‍ നെയ്മറും ഉറുഗ്വെയുടെ ഡിഫന്‍ഡര്‍ കോട്‌സും വാശിയേറിയ കുതിപ്പ്.
കോട്‌സിനെ കീഴടക്കി നെയ്മര്‍ പന്ത് വരുതിയിലാക്കി മുന്നിലേക്ക് കയറി വന്ന ഗോളി സില്‍വക്ക് മുകളിലൂടെ ലോബ് ചെയ്ത് വലക്കുള്ളിലാക്കി. നിശ്ചിത സമയം പിന്നിട്ട് സ്റ്റോപ്പേജ് ടൈമിലെ രണ്ടാം മിനുട്ടില്‍ പൗളിഞ്ഞോ ഹാട്രിക്ക് നേടി. വലത് വിംഗില്‍ നിന്നുള്ള ക്രോസ് ബോള്‍ നെഞ്ച് കൊണ്ടാണ് പൗളിഞ്ഞോ വലയിലാക്കിയത്. തന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു ഹാട്രിക്ക് ഇല്ലായിരുന്നുവെന്ന് ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗ്വാംഗ്്ഷു എവര്‍ഗ്രാന്‍ഡെക്ക് കളിക്കുന്ന പൗളിഞ്ഞോ പറഞ്ഞു.

മെസി ഗോളില്‍
അര്‍ജന്റീന…

പതിനാറാം മിനുട്ടില്‍ മെസി നേടിയ പെനാല്‍റ്റി ഗോളിലാണ് അര്‍ജന്റീന സ്വന്തം മണ്ണില്‍ ചിലിയെ മറികടന്നത്.
ഏഞ്ചല്‍ ഡി മരിയയെ ബോക്‌സിനുള്ളില്‍ ചിലിയുടെ ജോസെ ഫ്യന്‍സാലിഡ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. മെസിയുടെ കിക്ക് തടയാന്‍ ചിലി ഗോളി ക്ലോഡിയോ ബ്രാവോക്ക് സാധിച്ചില്ല.
പെനാല്‍റ്റി അനുവദിച്ച റഫറിയുടെ നടപടിയില്‍ ചിലി താരങ്ങള്‍ പ്രതിഷേധിച്ചു.
ചിലി താരങ്ങള്‍ മെസിയെ വളഞ്ഞിട്ട് പ്രതിരോധിച്ചതോടെ സൂപ്പര്‍ താരത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
മത്സരത്തിന് മുമ്പോ പിമ്പോട മെസി ഉള്‍പ്പടെയുള്ള അര്‍ജന്റീന താരങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ടീമിനെതിരെ നിരന്തരമായുള്ള വിമര്‍ശത്തില്‍ പ്രതിഷേധിച്ച് കുറച്ച് കാലമായി മെസിയുടെ നേതൃത്വത്തില്‍ മാധ്യമ ബഹിഷ്‌കരണം തുടരുകയാണ്. കോച്ച് ബൗസയും ഒറ്റ വാക്യത്തില്‍ ഒതുക്കി. ഞങ്ങള്‍ ജയിച്ചു അത്ര മാത്രം !
അര്‍ജന്റീനയുടെ അടുത്ത മത്സരം ബൗളിവിയക്കെതിരെ. ചിലി വെനിസ്വെലെയെ നേരിടും.

കൊളംബിയ,
പരാഗ്വെ ജയം

ഹോംഗ്രൗണ്ടിലായിരുന്നു രണ്ട് ടീമുകളുടെയും ജയം. കൊളംബിയ എണ്‍പത്തിമൂന്നാം മിനുട്ടില്‍ ഹാമിഷ് റോഡ്രിഗസ് നേടിയ ഗോളില്‍ ബൊളിവിയയെ വീഴ്ത്തി.
ഇക്വഡോറിനെതിരെ പരാഗ്വെക്കായി ഗോളുകള്‍ നേടിയത് വാല്‍ഡസും (12) അലോണ്‍സോ (65)യും. കെയ്‌സിഡോ (70) ഇക്വഡോറിനായി ആശ്വാസ ഗോളടിച്ചു.

പെറുവിന്റെ തിരിച്ചുവരവ്

വെനിസ്വെലെ-പെറു മത്സരത്തില്‍ പെറുവിന്റെ തിരിച്ചുവരവ് ശ്രദ്ധേയം. വിലനോവ (24), ഒടെറോ (40) എന്നിവരുടെ ഗോളുകളില്‍ വെനിസ്വെല ആദ്യപകുതിയില്‍ 2-0ന് മുന്നില്‍. കാരിലോ (46), ഗ്യുറേറോ (64) എന്നിവരിലൂടെ പെറുവിന്റെ ശക്തമായ മറുപടി. മത്സരം 2-2 സമനില.

 

---- facebook comment plugin here -----

Latest