കാസര്‍കോട്ട് സംഘര്‍ഷത്തിന് അയവില്ല; 1500 ഓളം പ്രതികള്‍; കൂടുതല്‍ കേസുകള്‍

Posted on: March 23, 2017 10:10 pm | Last updated: March 23, 2017 at 9:45 pm
മൊഗ്രാല്‍പുത്തൂരില്‍ തീവെച്ച് നശിപ്പിച്ച കടയില്‍ വ്യാപാരി നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു

കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും ഉടലെടുത്ത അക്രമങ്ങള്‍ നിയന്ത്രണവിധേയമായില്ല.
മദ്‌റസാ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ഹര്‍ത്താലിനിടെ നിരവധി വീടുകളും കടകളും ജ്വല്ലറികളും ഹോട്ടലുകളും ആക്രമിക്കപ്പെട്ടിരുന്നു. കാറുകളും ബൈക്കുകളും അടക്കമുള്ള വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. വിവിധ ഭാഗങ്ങളിലുണ്ടായ അക്രമത്തില്‍ പരുക്കേറ്റവരും നിരവധിയാണ്.

സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടും മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് ഇന്നലെ പുലര്‍ച്ചെ വ്യാപാരസ്ഥാപനം തീവെച്ച് നശിപ്പിച്ചു. മൊഗറിലെ ദിനേശിന്റെ ഉടമസ്ഥതയിലുള്ള സതീഷ് സ്‌റ്റോര്‍ ആണ് തിവെച്ച് നശിപ്പിച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കടക്കാണ് അജ്ഞാതസംഘം തീവെച്ചത്. മുകള്‍നിലയിലെ താമസക്കാരനായ അബ്ദുല്‍ ഹമീദ് ഉറങ്ങുന്നതിനിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ താഴെ നിന്ന് പുക ഉയരുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ താഴെയിറങ്ങിയ അബ്ദുല്‍ഹമീദ് കണ്ടത് കട കത്തിയെരിയുന്നതാണ്. ഹമീദ് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ദിനേശ് തലേദിവസം രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് പോയതായിരുന്നു. അടച്ചിട്ട കടയുടെ ഷട്ടറിനടിയിലൂടെ പെട്രോളൊഴിച്ച് തീയിട്ടതാണെന്നാണ് സംശയിക്കുന്നത്.വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. കടക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. മദ്‌റസാഅധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ മൊഗ്രാല്‍ പുത്തൂരില്‍ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് തീവെപ്പെന്ന് കരുതുന്നു.സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തീവെപ്പ് മൊഗ്രാല്‍ പുത്തൂരില്‍ സംഘര്‍ഷത്തിന് കാരണമായി. കാസര്‍കോടിന്റെ സമീപപ്രദേശങ്ങളായ മധൂര്‍, ചൂരി, ഏരിയാല്‍ ഭാഗങ്ങളില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അതിനിടെ ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കൂടി കാസര്‍കോട് ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലായി ആയിരത്തോളം പ്രതികളുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്ത 9 കേസുകളിലായി 500 പ്രതികളാണുളളത്. ആനവാതുക്കലില്‍ ഗണേഷ് പൈയുടെ വീടും കാറും തകര്‍ത്ത് 60,000 രൂപയുടെ നഷ്ടം വരുത്തിയതിന് 100 പേര്‍ക്കെതിരെയും റെയില്‍വെസ്‌റ്റേഷന്‍ റോഡിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ തകര്‍ത്ത് 2 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതിന് ബീച്ച് റോഡിലെ പ്രകാശ് കാരന്തിന്റെ പരാതിയില്‍ 100 പേര്‍ക്കെതിരെയും കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ പോലീസുദ്യോഗസ്ഥനെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചതിന് നൂറു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.