
സ്വീകരണം
ദോഹ: കണ്ണിന്റെയു കാഴ്ചയുടെയും പ്രാധാന്യം അറിയിച്ചും പ്രതിരോധിക്കാവുന്ന കാഴ്ച പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിച്ചും ലോകം ചുറ്റുന്ന പറക്കും കണ്ണാശുപത്രി ദോഹയിലെത്തി. കണ്ണുരോഗങ്ങളെക്കുറിച്ചും പ്രതിരോധിക്കാവുന്ന അന്ധതയെക്കുറിച്ചും വിശദീകരിക്കുന്നതിനുള്ള സൗകര്യങ്ങളോടെയുള്ള ഓര്‍ബിസിന്റെ എം ഡി 10 വിമാനമാണ് ദോഹയിലെത്തിയത്. ഈ മാസം 29 വരെ ഹമദ് വിമാനത്താവളത്തില്‍ ഓര്‍ബിസ് പറക്കും കണ്ണാശുപത്രി തുടരും. വികസ്വര രാജ്യങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്തിന്റെ ബോധവത്കരണ ദൗത്യം.
കഴിഞ്ഞ ദിവസങ്ങളിലും ലണ്ടനിലെയും അയര്‍ലാന്‍ഡിലെയും പര്യടന ശേഷമാണ് വിമാനം ദോഹയിലെത്തിയത്. ബ്രിട്ടീഷ് അംബാസിഡര്‍ അജയ് ശര്‍മ, ബംഗ്ലാദേശ് അംബാസിഡര്‍ അശൂദ് അഹ്മദ്, ഖത്വര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മിസ്ഫിര്‍ ഹമദ് അല്‍ ശവാനി തുടങ്ങിയവര്‍ ചേര്‍ന്നാണ് വിമാനത്തെ സ്വീകരിച്ചത്. ചടങ്ങില്‍ ഹമദ് എയര്‍പോര്‍ട്ട് കൊമേഴ്‌സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ മാസ് സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍, മെഡിക്കല്‍ പ്രൊഫഷനലുകള്‍, അതിഥികള്‍ എന്നിവര്‍ക്കാണ് വിമാനം സന്ദര്‍ശിക്കുന്നതിനും സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അവസരം.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 55 ലക്ഷം കുട്ടികള്‍ക്ക് കണ്ണു ചികിത്സ നല്‍കുന്നതിനുള്ള ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ട് ആവിഷ്‌കരിച്ച ‘ഖത്വര്‍ ക്രിയേറ്റിംഗ് വിഷന്‍’ പദ്ധതിയുടെ പ്രചാരണമാണ് ദോഹയില്‍ പറക്കും കണ്ണാശുപത്രി നടത്തുക. മൂന്നു ചാരിറ്റി സംഘടനകളുമായും 19 ആശുപത്രികളുമായും സഹകരിച്ച് 2020നുള്ള പൂര്‍ത്തായാക്കാനുദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. 2012 വരെ ഓര്‍ബിസ് വിമാനത്തിനു പിന്തുണ നല്‍കി വരുന്നതായും ലോക സമൂഹത്തിന് പിന്തുണ നല്‍കുക എന്നത് എല്ലായ്‌പ്പോഴും തങ്ങളുടെ കടമയാണെന്നും ഖത്വര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.