Connect with us

National

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Published

|

Last Updated

ചെന്നൈ: എഐഎഡിഎംകെയുടെ പാര്‍ട്ടി ചിഹ്നം രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. രണ്ടിലയ്ക്ക് അവകാശ വാദമുന്നയിച്ച് രണ്ടു വിഭാഗങ്ങള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടിലയ്ക്കായി തര്‍ക്കമുയര്‍ന്നത്.

തമിഴ്‌നാട്മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിനു ശേഷം പാര്‍ട്ടി ഒ. പനീര്‍ശെല്‍വത്തിന്റെയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്റെയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളായി പിളര്‍ന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു. ഒടുവില്‍ ശശികല പക്ഷം മുഖ്യമന്ത്രി പദം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ചിഹ്നത്തിന്റെ കാര്യത്തിലും അതാവര്‍ത്തിച്ചു. രണ്ടില ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവിഭാഗവും വാദിച്ചു. ഇതോടെയാണ് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ യടുത്തെത്തിയത്.

ഏപ്രില്‍ 12നാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് ശശികല വിഭാഗം ചൊവ്വാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥിയായി താന്‍ മാര്‍ച്ച് 23ന് പത്രിക സമര്‍പ്പിക്കുമെന്നും ചിഹ്നം തനിക്ക് അനുവദിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ചിഹ്നത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന് കാട്ടി പനീര്‍ശെല്‍വം വിഭാഗവും തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.

മാര്‍ച്ച് 14ന് ആരംഭിച്ച പത്രികാ സമര്‍പണം 24നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 17നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Latest