അറസ്റ്റ് വാറന്റ്: ജസ്റ്റിസ് കര്‍ണന്‍ നിരാഹാര സമരത്തിന്

Posted on: March 23, 2017 7:50 am | Last updated: March 22, 2017 at 11:52 pm

കൊല്‍ക്കത്ത: തനിക്കെതിരെയുള്ള സുപ്രീം കോടതി നടപടിയില്‍ പ്രതിഷേധിച്ച് കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ലക്‌നോ എന്നീ നാല് നഗരങ്ങളിലാണ് നിരാഹാര സമരം നടത്തുന്നത്. തനിക്കെതിരെയുള്ള അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്നും ജോലിക്കേര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി എടട് മുതല്‍ അദ്ദേഹത്തെ കോടതി നടപടികളില്‍ നിന്ന് നീക്കിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് കൈമാറിയത്. അതേസമയം നിരാഹാര സമരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കര്‍ണന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ് കുമാര്‍ പറഞ്ഞു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 13ന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.