അതിരപ്പിള്ളി പദ്ധതി: അന്തിമ തീരുമാനം സമവായത്തിന് ശേഷം: തോമസ് ഐസക്

Posted on: March 23, 2017 9:40 am | Last updated: March 22, 2017 at 11:42 pm

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉണ്ടെന്നും വിശദമായ ചര്‍ച്ചകളിലൂടെ സമവായത്തിലെത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമായാലേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകൂ. പല കാര്യങ്ങളിലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ ‘റീ റീഡിംഗ് ദി നേഷന്‍: പാസ്റ്റ് അറ്റ് പ്രസന്റി’ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തൊഴിലവസരങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള രീതിയിലുള്ള തൊഴിലുകളല്ല ആവശ്യം. കേരളത്തിലെ യുവജനങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് കേരളത്തില്‍ സര്‍ക്കാര്‍ മുതല്‍മുടക്കുന്നത് നാളെ ജോലി ചെയ്യാന്‍ പോകുന്നവര്‍ക്ക് വേണ്ടിയാണ്.
പല മേഖലകളിലും വിഭവങ്ങള്‍ കൊണ്ടു സമൃദ്ധമാണ് ഇന്ത്യയെന്നും അവ എന്തൊക്കെയാണെന്നു മനസ്സിലാക്കി വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണമെന്നും ചടങ്ങില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. ഊര്‍ജോത്പാദനത്തില്‍ ലോകത്തുതന്നെ ഏറ്റവും മുന്നിലെത്താന്‍ നമുക്കു സാധിക്കും. യുറേനിയവും തോറിയവും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവയും നമുക്ക് നന്നായി ഉപയോഗിക്കാനാകും. പക്ഷേ ഇതൊന്നും ഇന്ത്യ ഇതുവരെ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതുതലമുറക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.