Ongoing News
സന്തോഷ്‌ട്രോഫി:ഫൈനല്‍ തേടി കേരളം

മഡ്ഗാവ്: 71ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്നിറങ്ങും. രണ്ടാം സെമിയില്‍ കേരളം ആതിഥേയരായ ഗോവയെയെയും ഒന്നാം സെമിയില്‍ ബംഗാള്‍ മിസോറാമിനെയും നേരിടും. വൈകീട്ട് ഏഴിനാണ് കേരളത്തിന്റെ മത്സരം. ആദ്യസെമി വൈകീട്ട് മൂന്നിന് നടക്കും. മത്സരങ്ങള്‍ ഡി ഡി സ്‌പോര്‍ട്‌സില്‍ തത്സമയം സംപ്രേഷണം ചെയ്യും. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാമെന്ന സ്വപ്‌നം സജീവമാക്കാന്‍ കേരളത്തിന് ഇന്ന് ഗോവയെ കീഴടക്കിയേ തീരൂ. 2013ല്‍ കേരളം ഫൈനലിലെത്തിയെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് തോല്‍ക്കാനായിരുന്നു വിധി.
യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമിന് ഗോവയെ കീഴടക്കാന്‍ കഴിയുമെന്നാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ. ഇതിനെ അടിവരയിടുന്നതാണ് ടീമിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍. ദക്ഷിണ മേഖലാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലും കേരളം വമ്പന്‍ കുതിപ്പാണ് നടത്തിയത്. റിസര്‍വ് താരങ്ങളുമായി ഇറങ്ങിയ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളില്‍ ആവേശക്കുതിപ്പായിരുന്നു ടീമിന്റേത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നേടിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരുമായി.
4-2ന് റെയില്‍വേസിനെ വീഴ്ത്തി വിജയത്തുടക്കമിട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ 2-2ന് സമനിലയില്‍ പിടിച്ചുകെട്ടി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ മിസോറാമിനെ 4-1ന് കീഴടക്കി. ഫൈനല്‍ റൗണ്ടില്‍ ആകെ പത്ത് ഗോളുകള്‍ നേടിയപ്പോള്‍ ഏഴ് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് പ്രതിരോധ നിരയുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിച്ചാകും പരിശീലകന്‍ ഷാജി ഇന്ന് ടീമിനെ കളത്തിലിറക്കുക.
മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ ജോബി ജസ്റ്റിനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജസ്റ്റിനോപ്പം മുഹമ്മദ് പാറക്കോട്ടിലും നായകന്‍ പി നൗഷാദും അസ്ഹറുദ്ദീനും എസ് സീസനും ചേരുന്നതോടെ കേരളത്തിന്റെ കരുത്ത് വര്‍ധിക്കുന്നു. സ്വന്തം നാട്ടിലാണ് കളി എന്നത് ഗോവക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. എ ഗ്രൂപ്പില്‍ ബംഗാളിന് പിന്നില്‍ രണ്ടാമതെത്തിയാണ് ഗോവ സെമിയില്‍ പ്രവേശിച്ചത്. ഒരു മത്സരം പോലും ആതിഥേയര്‍ തോല്‍വിയറിഞ്ഞിട്ടില്ല. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയായി. കരുത്തരായ സര്‍വീസസിനെയും മേഘാലയയെയും പരാജയപ്പെടുത്തിയപ്പോള്‍ ബംഗാളിനോടും ചണ്ഡിഗഢിനോടുമായിരുന്നു സമനില.
ഇന്ന് ഗോവ നൂറ് ശതമാനം പ്രകടനം പുറത്തെടുക്കുമെന്ന് ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എല്‍വിസ് ഗോമസ് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ തവണ സെമിയില്‍ തോറ്റ് മടങ്ങിയെങ്കിലും ഇത്തവണ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേരളം കടുത്ത എതിരാളികളാണ്. എന്നാല്‍ 12ാമനായെത്തുന്ന കാണികള്‍ക്ക് മുമ്പില്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്തോഷ് ട്രോഫിയില്‍ 32ാം കിരീടം ലക്ഷ്യമിടുന്ന ബംഗാള്‍ എ ഗ്രൂപ്പില്‍ തോല്‍വിയറിഞ്ഞിട്ടില്ല. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബംഗാള്‍ അവസാന നാലില്‍ കടന്നത്. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബംഗാളിന്റെ കുതിപ്പ്. ഇത് മിസോറാമിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകമാണ്.
ആദ്യ മത്സരത്തില്‍ 1-0ത്തിന് ചണ്ഡിഗഢിനെയും രണ്ടാം മത്സരത്തില്‍ 1-0ത്തിന് സര്‍വീസസിനെയും തോല്‍പ്പിച്ച ടീം മൂന്നാം മത്സരത്തില്‍ ഗോവയോട് ഗോള്‍രഹിത സമനില വഴങ്ങി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മേഘാലയക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.
ബി ഗ്രൂപ്പില്‍ കേരളത്തിന് പിറകെ രണ്ടാം സ്ഥാനക്കാരായാണ് മിസോറാം സെമിയില്‍ പ്രവേശിച്ചത്. അവസാന മത്സരത്തില്‍ കരുത്തരായ റെയില്‍വേസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു മിസോറാമിന്റെ കുതിപ്പ്. മഹാരാഷ്ട്രയെ 3-1ന് തോല്‍പ്പിച്ച് തുടങ്ങിയ ടീം രണ്ടാം മത്സത്തില്‍ പഞ്ചാബിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മൂന്നാമത്തെ മത്സരത്തില്‍ കേരളത്തോടെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതോടെ സെമി സാധ്യതകള്‍ മങ്ങി. എന്നാല്‍ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് മിസോറാം അവസാന നാലില്‍ പ്രവേശിച്ചത്.
റെയില്‍വേസിനെതിരെ വമ്പന്‍ ജയം കുറിച്ച മിസോറാം സെമിയിലും പ്രകടനമികവ് പുറത്തെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ഒരു തവണ മാത്രമാണ് മിസോറാം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. 2014 സിലുഗുരിയില്‍ നടന്ന ഫൈനലില്‍ റെയില്‍വേസിനെ കീഴടക്കി ചാമ്പ്യന്മാരാകുകയും ചെയ്തു. ലാല്‍റിന്‍പുയ്, ലാല്‍ചുവാനമ തുടങ്ങിയ താരങ്ങളിലാണ് മിസോറാമിന്റെ പ്രതീക്ഷകള്‍.