Connect with us

Kerala

കെ എസ് യു തിരഞ്ഞെടുപ്പ്: ജില്ലകളില്‍ എ ഗ്രൂപ്പിന് മേധാവിത്വം

Published

|

Last Updated

തിരുവനന്തപുരം: കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേധാവിത്വം. സംഘര്‍ഷമുണ്ടായതിനെതുടര്‍ന്ന് കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വോട്ടെണ്ണല്‍ മാറ്റിവെച്ചു. ആലപ്പുഴ ജില്ല ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പിടിച്ചെടുത്തു. ആലപ്പുഴയെ കൂടാതെ കാസര്‍കോട്, ഇടുക്കി, കോട്ടയം, വയനാട്, കൊല്ലം ജില്ലകളില്‍ എ ഗ്രൂപ്പിനാണ് മേധാവിത്വം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന കണ്ണൂരില്‍ ഗ്രൂപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വരണാധികാരിക്ക് ബാലറ്റ് പെട്ടിയുമായി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കേണ്ടിവന്നു.
കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ള കണ്ണൂര്‍, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മേധാവിത്വം പുലര്‍ത്താനാകുമെന്നാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജില്ലയായ ആലപ്പുഴയില്‍ എ ഗ്രൂപ്പിന് വിജയിക്കാനായി. ഐ ഗ്രൂപ്പിന്റെ കൈവശമായിരുന്ന കാ സര്‍കോടും എ ഗ്രൂപ്പ് വിജയിച്ചു.
വയനാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും നാളെ കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കും.

ശനിയാഴ്ച കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാനുളള വോട്ടെണ്ണല്‍. സംസ്ഥാന ഭാരവാഹികളെയും ദേശീയ സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ വി പി അബ്ദുര്‍ റഷീദും എ ഗ്രൂപ്പിലെ കെ എം അഭിജിത്തുമാണ് മത്സരിക്കുന്നത്.
നിലവില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഭിജിത്ത് കോഴിക്കോട് സ്വദേശിയാണ്. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ റഷീദ് ഇപ്പോള്‍ ജില്ലാ സെക്രട്ടറിയാണ്.
9602 സജീവ അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സൂക്ഷ്മപരിശോധനയില്‍ വിവിധകാരണങ്ങളാല്‍ 4665 സജീവ അംഗങ്ങളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ്, ആറ് വൈസ് പ്രസിഡന്റുമാര്‍, ഏഴ് ജനറല്‍ സെക്രട്ടറിമാര്‍, ഏഴ് സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങളാണുള്ളത്. ഇതില്‍ മൂന്നെണ്ണം വീതം വനിതകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്.
നാല് ദേശീയ സമിതി അംഗങ്ങളില്‍ ഓരോന്ന് വീതം വനിതകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്നു.