സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നേരെ യു എസ് വ്യോമാക്രമണം

Posted on: March 22, 2017 11:48 pm | Last updated: March 22, 2017 at 11:48 pm

ദമസ്‌കസ്: സിറിയയില്‍ അഭയാര്‍ഥികള്‍ക്ക് നേരെ യു എസ് വ്യോമാക്രമണം. ഇസില്‍ ശക്തി പ്രദേശമായ റഖയില്‍ അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയാണ് യു എസ് സഖ്യ സേന ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 33 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഇസില്‍ തീവ്രവാദികളുടെ ആക്രമണം ഭയന്ന് സ്‌കൂളില്‍ അഭയം തേടിയ ജനങ്ങള്‍ക്ക് നേരെ അപ്രതീക്ഷിതമായാണ് വ്യോമാക്രമണം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

ഇസില്‍ ഭീകരരെ തുരത്തുകയെന്ന പേരിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന റഖയില്‍ ആക്രമണം നടത്തുന്നത്. സിറിയന്‍ സര്‍ക്കാറിന്റെ അനുമതിയോടെയോ സമ്മത പ്രകാരമോയല്ല വ്യോമാക്രമണം നടക്കുന്നത്. പടിഞ്ഞാറന്‍ റഖയിലെ അല്‍ മന്‍സൂറയിലാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു. വ്യോമാക്രമണം ആരംഭിച്ചതോടെ റഖയില്‍ നിന്ന് നിരവധി സിവിലിയന്മാരെ കാണാതായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇസിലിന്റെ ‘തലസ്ഥാന’മായ റഖ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ അറബ്, കുര്‍ദ് സായുധ സംഘത്തിന്റെ പിന്തുണയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തുന്നത്.
ഇസിലിന്റെ ശക്തി പ്രദേശമായ സിറിയയിലും ഇറാഖിലും യു എസ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. അറിഞ്ഞും അറിയാതെയുമായി നൂറുകണക്കിന് സാധാരണക്കാരെ യു എസ് സേന കൊലപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം. രണ്ടിടങ്ങളിലുമായി രണ്ട് വര്‍ഷത്തിനിടെ നടന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ 220 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എസ് സൈനിക ഉദ്യഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നും ആയിരം കവിയുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
റഷ്യയുടെ പിന്തുണയോടെ ഇസിലിനെതിരെ മികച്ച മുന്നേറ്റം നടത്തുന്ന സിറിയന്‍ സര്‍ക്കാറിനെ യു എസ് അതിക്രമം ചൊടിപ്പിച്ചിട്ടുണ്ട്. വിമതര്‍ക്കൊപ്പം ചേര്‍ന്നുള്ള യു എസ് കടന്നുകയറ്റത്തെ സിറിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങളെ സംബന്ധിച്ച് വിമതരും ഇസിലും തീവ്രവാദികള്‍ തന്നെയാണെന്നാണ് അസദ് സര്‍ക്കാറിന്റെ വാദം.