സബാ ജോസഫ് മടങ്ങുന്നു; ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഓര്‍മകളുമായി

Posted on: March 22, 2017 10:30 pm | Last updated: March 22, 2017 at 9:29 pm

ഷാര്‍ജ: സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ സബാ ജോസഫ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്.
42 വര്‍ഷം മുമ്പാണ് അദ്ദേഹം ഷാര്‍ജയിലെത്തിയത്. ചങ്ങനാശേരി സ്വദേശിയാണ്. ബോംബേയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തതിന് ശേഷം ഷാര്‍ജയില്‍ തൊഴില്‍ തേടി എത്തിയതായിരുന്നു. അവിടെ സ്വദേശിയുടെ ഇലക്ട്രോണിക്‌സ് കടയില്‍ ജീവനക്കാരനായി. താമസിയാതെ പങ്കാളിയുമായി. വര്‍ധത് അല്‍ സബാ ട്രേഡിങ് എന്ന പേരിലായി ഇലക്ട്രോണിക് വ്യാപാര സ്ഥാപനം. ഇതിന് ദുബൈ മുര്‍ഷിദ് ബസാറില്‍ ശാഖ സ്ഥാപിച്ചു. 1996 ല്‍ റേഡിയേറ്റേഴ്‌സ് നിര്‍മിക്കുന്ന വ്യവസായ യൂണിറ്റ് ഷാര്‍ജ വ്യവസായ കേന്ദ്രം പത്തില്‍ തുടങ്ങി. നിരവധി പേര്‍ക്ക് ജോലി സാധ്യത ഉറപ്പുവരുത്തി. മിക്കവരും മലയാളികളാണ്. സബാ റേഡിയേറ്റേഴ്‌സിന് ഷാര്‍ജ ഫ്രീ സോണില്‍ ശാഖയുണ്ട്. 410 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ ആയി ജോലി ചെയ്യുന്നു. ദുബൈയില്‍ അടക്കം വിതരണ ശാഖകള്‍ ഉണ്ടായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കേന്ദ്രീകരിച്ചുള്ള മിക്ക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും തുണയായി അദ്ദേഹം ഉണ്ടായിരുന്നു.

സാഹിത്യ പ്രവര്‍ത്തനത്തിലും തത്പരനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ഹാളില്‍ സാഹിത്യ കൂട്ടായ്മകള്‍ നടത്താറുണ്ടായിരുന്നു. സിറാജ് അടക്കം വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ങ്ങളില്‍ കുറിപ്പുകള്‍ എഴുതുമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ പദവി വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്കാസിന്റെ ആഗോള സമിതി അംഗമാണ്. ഏതാനും വര്‍ഷങ്ങളായി നിശബ്ദ ജീവകാരുണ്യ പ്രവര്‍ത്തനത്തിലായിരുന്നു. ഭാര്യ: തങ്കമ്മ. മക്കള്‍: ബിന്ദു, ബിനി.