നദീജലം: ഇന്ത്യ- പാക് ചര്‍ച്ച അടുത്ത മാസം 11 മുതല്‍

Posted on: March 22, 2017 9:55 am | Last updated: March 22, 2017 at 1:08 am

ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: ലോക ബേങ്കിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കിഷന്‍ഗംഗ, രാറ്റില്‍ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും അടുത്ത മാസം വാഷിംഗ്ടണില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് സൂചന. ഏപ്രില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ നേരത്തേ തന്നെ പ്രസ്താവന നടത്തിയതുമാണ്. ജമ്മു കശ്മീരിലെ ജലവൈദ്യുത പദ്ധതി തര്‍ക്കം സംബന്ധിച്ച് ഇന്ത്യയുമായി വാഷിംഗ്ടണില്‍ ചര്‍ച്ച നടക്കുമെന്ന് പാക് ഊര്‍ജ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. അമേരിക്കയുടെയും ലോക ബേങ്കിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇത് സാധ്യമാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്‌ലാമാബാദില്‍ നടന്ന ഇന്‍ഡസ് ജല കമ്മീഷന്‍ യോഗത്തിനിടെ പ്രതികരിക്കുകയായിരുന്നു പാക് മന്ത്രി.
കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉഭയകക്ഷി തര്‍ക്കം തീര്‍ക്കാന്‍ തര്‍ക്ക പരിഹാര കോടതി സ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തര്‍ക്കം പരിഹരിക്കാന്‍ നിഷ്പക്ഷ വിദഗ്ധനെ നിയോഗിച്ചാല്‍ മതിയെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള 1960ലെ സിന്ധുതട ജല കരാറിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുടെ രൂപരേഖയെന്നാണ് പാക് വിമര്‍ശം. എന്നാല്‍, ഇതൊരു സാങ്കേതിക പ്രശ്‌നമാണെന്നും നിയമ വിദഗ്ധനെക്കാള്‍ സാങ്കേതിക വിദഗ്ധനാണ് തര്‍ക്ക പരിഹാരത്തിന് ആവശ്യമെന്നും ലോക ബേങ്കിനെ ഇന്ത്യ അറിയിച്ചു. കിഷന്‍ഗംഗയിലെ വെള്ളം ഉപയോഗിച്ച് ഝലം നദിയില്‍ സ്ഥാപിക്കുന്ന വൈദ്യുത പദ്ധതിക്കെതിരെ പാക്കിസ്ഥാന്‍ 2010ല്‍ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചെ ങ്കിലും വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു.
അടുത്തിടെ, കിഷന്‍ഗംഗ, റാറ്റില്‍ ജലവൈദ്യുത പ്രവര്‍ത്തികളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം പാക് പാര്‍ലിമെന്റ് പാസാക്കിയിരുന്നു.