സന്തോഷ് ട്രോഫി: കേരളത്തിന് തോല്‍വി

Posted on: March 22, 2017 12:58 am | Last updated: March 22, 2017 at 12:58 am

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് ആദ്യ തോല്‍വി. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. 35ാം മിനുട്ടില്‍ വൈഭവ് ഷിര്‍ലി, 59ാം മനുട്ടില്‍ ശ്രീകാന്ത് വീരമല്ലു എന്നിവരാണ് സ്‌കോര്‍ ചെയ്തത്. നേരത്തെ സെമിയില്‍ പ്രവേശിച്ച കേരളത്തിന് മത്സരം നിര്‍ണായകമായിരുന്നില്ല. ജയിച്ചെങ്കിലും മഹാരാഷ്ട്ര സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മിസോറാം റെയില്‍വേസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയതോടെയാണ് മഹാരാഷ്ട്രയുടെ സെമി മോഹങ്ങള്‍ പൊലിഞ്ഞത്. ലാല്‍റിന്‍പുയ്‌യുടെ (60, 82) ഇരട്ട ഗോളാണ് മിസോറാമിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ലാല്‍ചുവാനമ (24), ലാല്‍റിന്‍ച്ചാന (71), ലാല്‍സന്‍ഗ്‌ബേര (78) എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. 42ാം മിനുട്ടില്‍ ജിതേന്ദ്ര പാല്‍ റെയില്‍വേസിന്റെ ഏക ഗോള്‍ നേടി. ജയത്തോടെ മിസോറാം അവസാന നാലിലെത്തി. നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ ബംഗാള്‍ മിസോറാമിനെയും വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ കേരളം ഗോവയെയും നേരിടും. രാത്രി ഏഴിനാണ് മത്സരം.

എട്ട് മാറ്റങ്ങള്‍ വരുത്തിയാണ് കേരളം ഇന്നലെ കളത്തിലിറങ്ങിയത്. വിജയദാഹവുമായി മഹാരാഷ്ട്ര ഉണര്‍ന്നു കളിച്ചപ്പോള്‍ കേരള പ്രതിരോധം നിരന്തരം പരീക്ഷിക്കപ്പെട്ടു. കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. 20ാം മിനുട്ടില്‍ മുഹമ്മദ് പാറക്കോട്ടിലും ക്യാപ്റ്റന്‍ ഉസ്മാനും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ലക്ഷ്യത്തിലെത്തിയില്ല. 24ാ മിനുട്ടില്‍ ഹെഡ്ഡറിലൂടെയാണ് വൈഭവ് ഷെട്ടി ഗോള്‍ കണ്ടെത്തി. അസ്ഹറുദ്ദീനും ജിഷ്ണു ബാലകൃഷ്ണനുമെത്തിയതോടെ രണ്ടാം പകുതിയില്‍ കേരളം ഉണര്‍ന്നു. എന്നാല്‍ ആരോണ്‍ ഡി കോസ്റ്റയിലൂടെ മഹാരാഷ്ട്ര നടത്തിയ ഒരു കൗണ്ടര്‍ അറ്റാക്ക് കേരള പ്രതിരോധത്തെ പൊളിച്ചു. 59ാം മിനുട്ടില്‍ ശ്രീകാന്ത് വീരമല്ലുവിലൂടെ അവര്‍ രണ്ടാം ഗോള്‍ നേടി. അവസാന 20 മിനുട്ടില്‍ ഗോള്‍ മടക്കാന്‍ കേരളം നിരന്തരം ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര ഗോള്‍ കീപ്പര്‍ ആദിത്യ മിശ്രയുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ അതെല്ലാം വിഫലമായി.
അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് കേരളം സെമിയിലെത്തിയത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം കേരളം ഏഴ് പോയിന്റ് നേടി. റെയില്‍വേസിനെയും മിസോറാമിനെയും കീഴടക്കിയ കേരളം പഞ്ചാബിനെ സമനിലയില്‍ തളച്ചിരുന്നു.

നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമുള്ള മിസോറാമിനും തുല്ല്യ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ കേരളം മുന്നിലെത്തുകയായിരുന്നു. പഞ്ചാബ്, റെയില്‍വേസ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ ടീമുകള്‍. എ ഗ്രൂപ്പില്‍ തോല്‍വിയറിയാതെയായിരുന്നു ബംഗാളിന്റെ കുതിപ്പ്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റ് നേടിയാണ് ബംഗാള്‍ സെമിയില്‍ പ്രവേശിച്ചത്.
ഒരു ഗോള്‍ പോലും ഇതുവരെ ബംഗാള്‍ വഴങ്ങിയിട്ടില്ല എന്നത് സെമിയില്‍ മിസോറാമിന്റെ നെഞ്ചിടിപ്പ് കൂട്ടും. രണ്ട് ജയവും രണ്ട് സമനിലയുമായി രണ്ടാമതെത്തിയ ഗോവക്ക് പത്ത് പോയിന്റ് ലഭിച്ചു. ചണ്ഡീഗഢ്, മേഘാലയ, സര്‍വീസസ് ടീമുകളാണ് ഗ്രൂപ്പ് എയില്‍ നിന്ന് സെമി കാണാതെ പുറത്തായത്.