കാസര്‍കോട് ജില്ലയില്‍ സമാധാനത്തിന് സര്‍വകക്ഷിയോഗ ആഹ്വാനം

Posted on: March 21, 2017 10:04 pm | Last updated: March 21, 2017 at 10:09 pm

കാസര്‍കോട്: പഴയ ചൂരിയില്‍ മദ്‌റസാധ്യാപകന്‍ കൊലചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി സമാധാന യോഗം ചേര്‍ന്നു. ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
മദ്‌റസധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തെ സമാധാനകമ്മിറ്റി അപലപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ വെച്ച് യാതൊരുവിധ ക്യാമ്പയിനുകളും നടത്തരുത്. നമ്മുടെ വ്യത്യസ്തമായ ആശയങ്ങളെ സംയോജിപ്പിച്ച്‌കൊണ്ട് ജില്ലയുടെ സമാധാനത്തിന് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോലീസിന്റെ ഭാഗത്തുനിന്നും നിയമപ്രകാരമല്ലാത്ത നടപടിയുണ്ടായാല്‍ അന്വേഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

കൊലപാതകത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല, എങ്കിലും വര്‍ഗീയപരമായ കാരണങ്ങള്‍ ആണെന്ന വ്യാജ പ്രചരണം നിലവില്‍ ഉണ്ടാകുന്നുണ്ടെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പറഞ്ഞു.
യോഗത്തില്‍ എഡിഎം കെ അംബുജാക്ഷന്‍, വിവിധ രാഷ്ട്രീയകക്ഷിപ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, അസീസ് കടപ്പുറം, വി രാജന്‍, വി സുരേഷ് ബാബു, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, സി ഇ മുഹമ്മദ് മുളേളരിയ, എ എച്ച് മുനീര്‍, എ മുസ്തഫ തുവരവളപ്പില്‍, എ അബ്ദുല്‍ ഖാദര്‍, യൂസഫ് തളങ്കര, അബ്ദുറഹ്മാന്‍ തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.